നരിപ്പറ്റ ഗ്രാമപഞ്ചായത്തില്‍ ‘ഒപ്പം’ അദാലത്ത്; 325 പരാതികള്‍ പരിഗണിച്ചു

By | Friday January 24th, 2020

SHARE NEWS

കക്കട്ടില്‍ :നരിപ്പറ്റ ഗ്രാമപഞ്ചായത്തില്‍ നടന്ന ജില്ലാ കലക്ടറുടെ ഒപ്പം അദാലത്തില്‍ 325 പരാതികള്‍ പരിഗണിച്ചു. റേഷന്‍ കാര്‍ഡുകളിലെ പരാതികള്‍, വിവിധ പെന്‍ഷനുകളെ കുറിച്ചുള്ള പരാതികള്‍, കുടിവെള്ള പ്രശ്‌നങ്ങള്‍, ഭിന്നശേഷിക്കാരുടെ വിവിധ ആവശ്യങ്ങള്‍, പരാതികള്‍, എംപ്ലോയ്‌മെന്റ് എക്‌സേഞ്ച് വഴിയുള്ള തൊഴില്‍ പരാതികള്‍,  വിവിധ ബാങ്കുകളില്‍ നിന്ന് വായ്പയെടുത്തവരുടെ പ്രശ്‌നങ്ങള്‍ തുടങ്ങിയവയാണ് ജില്ലാ കലക്ടര്‍ സാംബശിവറാവുവിന്റെ അധ്യക്ഷതയില്‍ നടന്ന അദാലത്തില്‍ പരിഗണിച്ചത്.

പരാതികളില്‍ തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ അതാത് വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

ഭിന്നശേഷിക്കാരായ ഭര്‍ത്താവും രണ്ട് പെണ്‍മക്കളുമായാണ് നരന്താന്‍കണ്ടിയിലെ ഫൗസിയ എന്ന വീട്ടമ്മ അദാലത്തിനെത്തിയത്. കുടിവെള്ളമില്ലാത്തതും കുട്ടികളിലൊരാളുടെ വികലാംഗ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതുമായിരുന്നു ഇവരുടെ പരാതി.

ഗ്രാമപഞ്ചായത്തിന്റെ കുടിവെള്ള വിതരണ പദ്ധതിയിലുള്‍പ്പെടുത്തി ഇവര്‍ക്ക് കുടിവെള്ളമെത്തിക്കാനുള്ള നടപടി സ്വീകരിക്കാന്‍ അദാലത്തില്‍ തീരുമാനിച്ചു. കൂടാതെ പഞ്ചായത്തിന്റെ വനിതാ സംരംഭകത്വ പദ്ധതിയിലുള്‍പ്പെടുത്തി പരിശീലനവും തൊഴിലും നല്‍കാനുള്ള നിര്‍ദ്ദേശവും നല്‍കി. ഭിന്നശേഷിക്കാരനായ മറ്റൊരു യുവാവിന് കുറ്റ്യാടിയിലെ സ്വകാര്യ വസ്ത്ര വ്യാപാര സ്ഥാപനത്തില്‍ ജോലിയും അദാലത്തിന്റെ ഭാഗമായി ലഭിച്ചു.

ഇത്തരത്തില്‍ നിരവധി പേരുടെ ഏറെ നാളത്തെ പ്രശ്‌നങ്ങളാണ് അദാലത്തില്‍ പരിഗണനക്കെത്തിയത്.

ഓട്ടിസം, മെന്റല്‍ റിട്ടാര്‍ഡേഷന്‍, സെറിബ്രല്‍ പാള്‍സി, മള്‍ട്ടിപ്പിള്‍ ഡിസെബിലിറ്റി തുടങ്ങി ബുദ്ധിപരമായ വെല്ലുവിളി നേരിടുന്നവരുടെ  സ്വത്തിനും ജീവനും സംരക്ഷണം നല്‍കുന്നതിനായുളള നിയമാനുസൃത രക്ഷാകര്‍തൃ സര്‍ട്ടിഫിക്കറ്റ്, ഇന്‍ഷുറന്‍സ് തുടങ്ങിയവയും അദാലത്തില്‍ പരിഗണിച്ചു. ലഭിച്ച 67 അപേക്ഷകളില്‍ മുഴുവന്‍ പേര്‍ക്കും നിയമാനുസൃത രക്ഷാകര്‍തൃ സര്‍ട്ടിഫിക്കറ്റും നിരാമയ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കാനും തീരുമാനിച്ചു.

നരിപ്പറ്റ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി പി പവിത്രന്‍, സെക്രട്ടറി പി കെ സതീഷ്ബാബു, കലക്ട്രേറ്റ് ജൂനിയര്‍ സൂപ്രണ്ട് എഫ് ആസിഫ്, നാഷണല്‍ ട്രസ്റ്റ് സംസ്ഥാനതല കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി അംഗവും ജില്ലാതല സമിതി കണ്‍വീനറുമായ പി സിക്കന്തര്‍, ജില്ലാതല കമ്മിറ്റി അംഗം ഡോ. പി ഡി ബെന്നി, വിവിധ ജനപ്രതിനിധികള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്