നാദാപുരം: വോട്ടേടുപ്പ് നടത്തുകയാണെങ്കിൽ പതിനായിരം വോട്ടിന് വിജയം ഉറപ്പാണ് ഇരിങ്ങണ്ണൂരിലെ പാല പറമ്പത്ത് സുവൈബത്തുൽ അസ്ലമിയക്ക്.
കോവിഡ് തീർത്ത ലോക്ക്ഡൗൺ കാലത്ത് നാദാപുരം ,വടകര, മാഹി , തലശ്ശേരി മേഖലയിലെ ആയിരം കുടുംബങ്ങളുടെ സന്തോഷവേളകളിൽ മധുരം നിറച്ചത് ഈ ഇരുപത്തിയഞ്ചുകാരിയാണ്.
എം എസ് ഇ ബയോകെമിസ്ട്രിയിൽ റാങ്ക് നേടിയ അസ്ലമിയ പക്ഷേ ഇപ്പോൾ കൈയ്യടി നേടുന്നത് കേക്കുകളും ചോക്ലേറ്റുകളും അവിസ്മരണീയമായ സമ്മാനങ്ങളും നിർമ്മിച്ചാണ്.
ആഘോഷങ്ങൾ ഏതായാലും ഇപ്പോൾ നാട്ടിലെ താരം അസ്ലമിയാണ്. നാല് മാസങ്ങൾക്കകം ആയിരത്തിൽ പരം കേക്കുകളാണ് ഇവർ നിർമ്മിച്ച് വീടുകളിൽ എത്തിച്ചത്.
ഭർത്താവ് വില്ല്യാപ്പള്ളിയിലെ ഷരീഖിനൊപ്പം ബഹറൈനിൽ കഴിയുമ്പോൾ എഫ് എം ചാനലുകളിൽ രുചി വിസ്മയം തീർക്കുന്ന പാചക പരാപാടി അവതരിപ്പിച്ചിരുന്നു.
രണ്ടാമത്തെ മകളുടെ പ്രസവത്തിനായി നാട്ടിൽ എത്തിയപ്പോൾ വില്ലനായി കോവിഡ് എത്തി. വെറുതെ വീട്ടിലിരിക്കാൻ അസ്ലമിയക്ക് മനസ്സ് വന്നില്ല.
ആളുകളുടെ രസതന്ത്രമിറഞ്ഞ് ബന്ധുക്കൾക്കും അയൽവാസികൾക്കും കേക്കുകൾ നിർമ്മിച്ച് നൽകാൻ തുടങ്ങി. അസ്ലമിയയുടെ രുചി വൈഭവം അങ്ങിനെ നാടറിഞ്ഞു.
പിന്നെ നാട്ടുകാർക്ക് പ്രിയപ്പെട്ടവളും. ബിരുദ വിദ്യാർത്ഥിയായ സഹോദരൻ കേക്കുകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെ അസ്ലമിയക്ക് പിന്നെ തിരക്കോട് തിരക്കായി.
മക്കൾക്കും ഭാര്യക്കും മാതാപിതാക്കൾക്കും വരെ സർപ്രൈയിസ് ഗിഫ്റ്റ് കൊടുക്കാൻ പ്രവാസികളും നാട്ടുകാരും വരെ ഫേസ് ബുക്കിലും ഇൻസ്റ്റാഗ്രാമിലും സുവൈബത്തുൽ അസ്ലമിയ തിരയാൻ തുടങ്ങി.
അങ്ങനെ നിന്ന് തിരിയാൻ നേരമില്ലാതെയായി ഈ ബിരുദാനന്തര ബിരുദധാരിക്ക് . പിറന്നാൾ ,വിവാഹ വാർഷികം ,ഗൃഹപ്രവേശനം, തുടങ്ങിയ സൽക്കാരങ്ങൾക്കൊക്കെ ആളുകൾ അസ്ലമിയയെ ഓർക്കുന്നു.
കടയിൽ കിട്ടാത രുചിക്കൂട്ടും വൈവിധ്യരൂപ ഭംഗിയുമാണ് ഇവരുടെ കേക്കുകളെ വ്യത്യസ്ഥമാക്കുന്നത്.
നിങ്ങൾ ശ്രദ്ധിക്കേണ്ടത് നിങ്ങളുമായി മത്സരിക്കുന്നവരെയല്ല. നിങ്ങളിൽ പ്രതീക്ഷ അർപ്പിക്കുന്നവരെയാണ് അസ്ലമിയ പറയുന്നു. ആളുകളുടെ ആഘോഷങ്ങളിൽ അഹ്ലാദം പകരുന്നതിനൊപ്പം ഒരു നല്ല വരുമാനമാർഗം കൂടിയാണ് ഇത്തരം കേക്ക് നിർമാണം.
അയന അമാൽ എന്ന ഒരു ബ്രാൻ്റ് നെയിം ഒക്കെ നൽകി തൻ്റെ സംരംഭം മികവുറ്റതാക്കിയിട്ടുണ്ട് അസ്ലമില്ല. കൂടുതൽ വിവരങ്ങൾക്ക് 9048014306.