Categories
latest news

അരീക്കര കുന്ന് ബിഎസ്എഫ് കേന്ദ്രത്തിലും കോവിഡ് രോഗികളേറുന്നു

നാദാപുരം: അതിർത്തി രക്ഷാ സേനയുടെ സംസ്ഥാനത്തെ രണ്ടാമത് സൈനിക കേന്ദ്രമായ ചെക്യാട് പഞ്ചായത്തിലെ അരീക്കര കുന്ന് ബിഎസ്എഫ് കേന്ദ്രത്തിലും കോവിഡ് രോഗികളേറുന്നു.

വളയം കമ്യൂണിറ്റി ഹെല്‍ത്ത്, സെന്ററില്‍ ഇന്നലെ 131 പേരില്‍ നടത്തിയ പരിശോധനയില്‍ നാല് ബിഎസ്എഫുകാരും വാണിമേല്‍ പഞ്ചായത്തിലെ ഒരാളടക്കം അഞ്ചുപേര്‍ക്ക് കോവിഡ് പോസിറ്റീവായി.

അരീക്കര കുന്ന് ബിഎസ്എഫ് കേന്ദ്രത്തിൽ അവധി കഴിഞ്ഞ് വിവിധ സംസ്ഥാനങ്ങളിൽ നിന്ന് തിരിച്ചെത്തിയ പതിനഞ്ചോളം പേർക്ക് ഇതിനകം രോഗം റിപ്പോർട്ട് ചെയ്തു.

മടങ്ങിയെത്തുന്നവരെ കോറെൻറ്റയിനിൽ താമസിപ്പിക്കുന്നതിനാൽ രോഗ വ്യാപനം ഉണ്ടാകുന്നില്ല.

ഇതിനിടെ നാദാപുരം മേഖലയിൽ കോവിഡ് വ്യാപനം രൂക്ഷമായി. കഴിഞ്ഞ ദിവസം നാദാപുരം ഗവ. താലൂക്ക് ആശുപത്രിയില്‍ 153 പേരില്‍ നടത്തിയ പരിശോധനയില്‍ നാദാപുരം മേഖലയില്‍ 73 പേര്‍ക്കും തിങ്കളാഴ്ച വളയത്ത് നടത്തിയ പരിശോധനയില്‍ അഞ്ചുപേര്‍ക്കും കോവിഡ് പോസിറ്റീവ്.

നാദാപുരം പഞ്ചായത്തില്‍ 11 അതിഥി തൊഴിലാളികളടക്കം 47 പേര്‍ക്കാണ് പരിശോധനയില്‍ കോവിഡ് പോസിറ്റീവായത്.

വാണിമേല്‍ പഞ്ചായത്തില്‍ അഞ്ചുപേര്‍ക്കും വളയം പഞ്ചായത്തില്‍ രണ്ടുപേര്‍ക്കും ചെക്യാട് പഞ്ചായത്തില്‍ ആറുപേര്‍ക്കും തൂണേരി പഞ്ചായത്തില്‍ ഒരാള്‍ക്കും എടച്ചേരി പഞ്ചായത്തില്‍ മൂന്നുപേര്‍ക്കുമാണ് കോവിഡ് പോസിറ്റീവായത്.

ശനിയാഴ്ച നാദാപുരം ഗവ. താലൂക്ക് ആശുപത്രിയില്‍ നടത്തിയ ആര്‍ടിപിസിആര്‍ ടെസ്റ്റിലാണ് 73 പേര്‍ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. കല്ലാച്ചിയിലെ വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് കോവിഡ് പോസിറ്റീവായത് ആശങ്കക്കിടയാക്കിയിട്ടുണ്ട്.

NEWS ROUND UP