Categories
NADAPURAM

വളയവും കുതിക്കുന്നു… എണ്ണി പറയാന്‍ നേട്ടങ്ങള്‍ ഏറെയുണ്ട് സുമതിയ്ക്ക്

വളയം : വെളിച്ചം വിപ്ലവം തീര്‍ത്തു,സ്കൂളുകള്‍ ഹൈടെക് ആക്കി മാറ്റാന്‍ കഴിഞ്ഞു , ഗ്രാമീണ റോഡുകളുടെ വികസനത്തിലും ഏറെ മുന്നേറാനായി….പിന്നിട്ട അഞ്ച് വർഷങ്ങളെ കുറിച്ച് പറയുമ്പോൾ   നിരവധി വികസന പ്രവർത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയതിന്‍റെ ചാരിഥാര്‍ത്യമുണ്ട് വളയം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ട് എം സുമതിയ്ക്ക്.

തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷജനാധിപത്യമുന്നണി മുന്നോട്ടുവെച്ച പ്രകടന പത്രികയിലെ 59 നിർദ്ദേശങ്ങളിൽ 53 നിർദ്ദേശങ്ങളും പൂര്‍ത്തിയാക്കാന്‍   സാധിച്ചതായി പ്രസിഡന്റ്‌ ട്രൂവിഷൻ ന്യൂസിനു നല്‍കിയ  അഭിമുഖത്തില്‍  പറഞ്ഞു.

പാവപ്പെട്ടവരും ആദിവാസികളും ഉൾപ്പടെ പിന്നാക്ക ജനവിഭാഗങ്ങൾ ഒരുപാട് അതിവസിക്കുന്ന  പഞ്ചായത്താണ് വളയം.

ഒരു വനിതയെന്ന നിലയില്‍ കുടുംബശ്രീയാണ് എന്നെ പൊതുരംഗത്തേക്ക് നയിച്ചത്.കുടുംബശ്രീ അയൽകൂട്ടത്തില്‍ നിന്ന്  എ ഡി എസിലേക്കും എ ഡി എസിൽ നിന്ന് സി ഡി എസിലേക്കും പിന്നീട് 6 വർഷം സി ഡി എസിന്റെ ചെയർപേഴ്സൺ ആയി. ഇതിനിടെ  ചെയർപേഴ്സൺ സ്ഥാനം രാജിവെച്ചാണ് ജനവിധി തേടുന്നത് .
ആദ്യം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ സ്ഥാനത്ത് പ്രവർത്തിച്ച ശേഷമാണ് 2015 ൽ പ്രസിഡന്റ്‌ സ്ഥാനത്തേക്ക് എത്തുന്നത് . കുടുംബംശ്രീയിലൂടെ  ജനപ്രതിനിധിയായതിനാൽ ജനങ്ങളുമായി നല്ല രീതിയിൽ ബന്ധം നിലനിർത്താനും ഇടപെടലുകൾ നടത്താനും സാധിച്ചു.

ഹരിത കേരള മിഷൻ, ആർദ്രം മിഷൻ, ലൈഫ് മിഷൻ,  പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം തുടങ്ങി കേരള ഗവണ്മെന്റിന്റെ നാലു മിഷനുമായി ബന്ധപ്പെട്ടാണ് പ്രവർത്തനങ്ങൾ നടത്തിയിട്ടുള്ളത്. ഈ നാലു മിഷനുമായി ബന്ധപ്പെട്ടുള്ള  എല്ലാ ഭാഗങ്ങളിലും നല്ല രീതിയിൽ വികസന മുന്നേറ്റം കൊണ്ട് വരാൻ കഴിഞ്ഞുവെന്ന് എം സുമതി അവകാശപ്പെട്ടു.

വികസന നേട്ടങ്ങൾ എണ്ണി പറയാം…

ഹരിത കേരള മിഷൻ വഴി കടകളിൽ ഉണ്ടാവുന്ന പ്ലാസ്റ്റിക് ക്യാരി ബാഗുകൾ നിരോധിക്കുകയും ഹരിത സേന രൂപീകരിക്കുകയും ചെയ്തതാണ് 5 വർഷത്തെ വികസന പ്രവർത്തനനങ്ങളിൽ ഏറ്റവും വലിയ നേട്ടമായി പ്രസിഡന്റ്‌ ചൂണ്ടികാണിച്ചത്.

വീടുകളിലും കടകളിലും മറ്റു സ്ഥാപനങ്ങളിലും ഉണ്ടായിരുന്ന അജൈവ മാലിന്യങ്ങൾ ശേഖരിക്കാൻ 28 അംഗങ്ങളുള്ള ഹരിത കർമ്മ സേനയാണ് രൂപീകരിച്ചത്. ഇവർക്ക് ഇതിനായി പരിശീലനം നൽകാനും സാധിച്ചു. അജൈവ മാലിന്യങ്ങൾ ശേഖരിച്ച് എംസിഎഫിൽ വെച്ച് വേർതിരിച്ച് കയറ്റി അയക്കുന്ന പ്രവർത്തനവും ഇപ്പോഴും  നടന്നുവരുന്നുണ്ട്. നാടിന്റെ ശുചിത്വത്തിന് വേണ്ടി വലിയ ഒരു നേട്ടം തന്നെയാണ് ഹരിത കേരള മിഷൻ വഴി നടത്താൻ സാധിച്ചതെന്നും പ്രസിഡണ്ട് സുമതി പറഞ്ഞു.

കുന്നുമ്മൽ അഡ്ജോയിനിംഗ്  പദ്ധതിയുടെ ഭാഗമായി 300 കുടുംബങ്ങൾക്ക് കുടിവെള്ളമെത്തിക്കാന്‍ കഴിഞ്ഞു . ജലജീവൻ മിഷന്റെ പദ്ധതിയിലൂടെ മുഴുവൻ വീടുകള്‍ക്കും  കുടിവെള്ളം എത്തിക്കുന്നതിനായി എല്ലാ പ്രവർത്തനവും പൂര്‍ത്തിയാക്കാന്‍  കഴിഞ്ഞിട്ടുണ്ട്.

ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായി നേരത്തെ പാതിവഴിയിൽ നിലച്ചു പോയ 42 വീടുകൾ അധിക ഫണ്ട് നൽകി പൂർത്തീകരിച്ച് നൽകാനും ലൈഫ് മിഷൻ ഉൾപ്പെടുത്തി പുതുതായി 119 വീടുകൾ നിർമ്മിച്ചു നൽകാനും സാധിച്ചു.

രണ്ടു കോടി 60 ലക്ഷം രൂപ ചെലവഴിച്ച് വളയം സി എച്ച് സിയിൽ പുതിയ കെട്ടിടം നിർമ്മിച്ചു.

40 ലക്ഷം രൂപയോളം ചെലവഴിച്ച് വളയം ഗ്രാമപഞ്ചായത്ത് കാര്യാലയം നവീകരണം പൂർത്തിയാക്കി. ആധുനിക സൗകര്യങ്ങളോടുകൂടിയ വളയം ഗ്രാമപഞ്ചായത്ത് ഓഫീസ് 2019 ഡിസംബറിൽ ഐഎസ്ഒ പദവി ലഭിച്ചു.

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഗവണ്മെന്റിന്റെ നിർദ്ദേശ പ്രകാരം വളയം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന് ഭാഗമായി എട്ട് കോടി രൂപ ചെലവഴിച്ച് പുതിയ കെട്ടിടം നിർമ്മിക്കാനും ചുഴലി ഗവൺമെന്റ് എൽ പി സ്കൂളിൽ ഒരു ലക്ഷം രൂപ ചെലവിൽ സ്മാർട്ട് ക്ലാസ് റൂം നിർമ്മിക്കാനുമുള്ളപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍ക്കാന്‍  സാധിച്ചിട്ടുണ്ട്.

കല്ലുനിരയിൽ ഭിന്നശേഷി കുട്ടികൾക്കായി ബഡ്സ് സ്കൂളിനായി ജില്ലാ പഞ്ചായത്ത് ഫണ്ട് അനുവദിക്കുകയും സ്കൂൾ നിർമ്മാണം പൂർത്തിയാക്കി രജിസ്ട്രേഷൻ നടത്തുകയും ചെയ്തു.

അഞ്ചുവർഷംകൊണ്ട് മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ 5,27,710 തൊഴിൽദിനങ്ങൾ സൃഷ്ടിച്ചു. 746 കുടുംബങ്ങൾക്ക് നൂറ് ദിനങ്ങൾ ലഭ്യമാക്കി. 288 റോഡുകൾ കോൺക്രീറ്റ് ചെയ്തു.1604.42 ലക്ഷം രൂപ ഈ മേഖലയിൽ ചെലവഴിച്ചു.

19 തൊഴിൽ സംരംഭങ്ങൾ കുടുംബശ്രീയുടെ നേതൃത്വത്തിൽ ആരംഭിച്ചു.പഞ്ചായത്തിൽ നീലാണ്ട്, മഞ്ചാന്തം, മൗവ്വഞ്ചേരി ഭാഗങ്ങളിൽ പച്ചത്തുരുത്ത് പദ്ധതി നടപ്പായി വരുന്നുണ്ട്.

സായം പ്രഭ പകൽ വീട്,60 വയസു കഴിഞ്ഞ വയോജനങ്ങൾക്ക് എഴുത്തും വായനയും വരയ്ക്കാനുമൊക്കെ സൗകര്യം നൽകികൊണ്ട് സ്ഥാപനമൊരുക്കുകയും തൊട്ടടുത്തായി വയോജന പാർക്ക് നിർമ്മിക്കാനും സാധിച്ചു.

സുമതിക്ക് പറയാന്‍ ഒരു നിരാശയുണ്ട് വളയത്ത് ഒരു  ടാക്സി സ്റ്റാൻഡിനു വേണ്ടിയുള്ള എല്ലാ ശ്രമവും നടത്തിയെന്നും വളയം ടൗണിൽ സ്ഥലം ഇല്ലാത്ത ഒരു അവസ്ഥ ഇതിന് തടസ്സമായി .എങ്കിലും സ്ഥലം കണ്ടെത്താനുള്ള എല്ലാ ശ്രമവുംതുടരുന്നുണ്ട് .

വളയം ടൗണിൽ ഹൈമാസ്റ്റ്  ലൈറ്റ് വെക്കാനും മറ്റുള്ള  ചെറിയ ടൗണുകളില്‍ മിനി ഹൈമാസ്റ്റ് ലൈറ്റ്സ്ഥാപിക്കാനും ഭരണ സമിതി ക്ക് കഴിഞ്ഞു . ഇതിനായി 10 ലക്ഷം രൂപ ചെലവഴിച്ചു.14 ഹൈമാസ്റ്റ് ലൈറ്റുകളാണ് പഞ്ചായത്ത്‌  സ്ഥാപിച്ചത്.

പിന്നിട്ട അഞ്ചു വര്‍ഷം ജനങ്ങൾക്കിടയിൽ നല്ല ഒരു അഭിപ്രായം ഉണ്ടാക്കിയെടുക്കാൻനായെന്ന് സുമതി പറഞ്ഞു.ഐ ടി ഐ കോളേജിന് വേണ്ടി സ്ഥലം വാങ്ങിയിട്ടുണ്ടെന്നും കെട്ടിട നിര്‍മ്മാണത്തിനു ഗവണ്മെന്റ് ഫണ്ട്‌ അനുവദിച്ചിട്ടുണ്ട്. അതിന്റെ പ്രവർത്തന ഘട്ടത്തിലാണ് ഇപ്പോൾ പഞ്ചായത്ത്‌.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

English summary: Sayam Prabha Day Home, an institution for the elderly over 60 years of age, was set up to provide writing and reading facilities and to build an old age park next to it. Sumathi is disappointed to say that all efforts have been made to set up a taxi stand in Valayam.

NEWS ROUND UP