Categories
NADAPURAM

ചിറ്റാരിമലയിൽ വെടിപ്പുരനിർമാണം പൂർത്തിയായി ; പ്രതിരോധിക്കാൻ നാട്ടുകാരും

നാദാപുരം : ഉരുൾപൊട്ടൽ ഉൾപ്പെടെ പ്രകൃതിദുരന്ത ഭീഷണി നിലനിൽക്കുന്ന വിലങ്ങാട് മലയോരത്തെ ചിറ്റാരിമലയിൽ വൻകിട ഖനനത്തിനുള്ളനീക്കം വീണ്ടും സജീവമായി. വൻകിടഖനനത്തിന്റെ ഭാഗമായി വെടിപ്പുരനിർമാണം പൂർത്തിയായി. പ്രതിരോധം തീർക്കാൻ ഒരുങ്ങി നാട്ടുകാരും യുവജന സംഘടനകളും.

കഴിഞ്ഞ പ്രളയത്തിൽ ഉരുൾപൊട്ടൽ ദുരന്തംമൂലം നാലുപേർ മരിച്ച വിലങ്ങാട് മലയോരത്തിനടുത്താണ് ചിറ്റാരിമല. മാസങ്ങൾക്ക് മുമ്പ് ജനകീയപ്രതിഷേധത്തെത്തുടർന്ന് നിർത്തിവെച്ച നിർമാണ പ്രവർത്തനങ്ങളാണ് ഇപ്പോൾ പുരോഗമിക്കുന്നത്.

ഉദ്യോഗസ്ഥർ കോവിഡ് പ്രതിരോധപ്രവർത്തനത്തിലായതിനാൽ ഖനനലോബിക്ക് പ്രവർത്തനങ്ങൾ എളുപ്പത്തിൽ സാധിക്കുന്നുണ്ട്.

എറണാകുളം കേന്ദ്രീകരിച്ചുള്ള പബ്ലിക് ലിമിറ്റഡ് കമ്പനികളുടെ പേരിൽ നൂറ്റി അമ്പതിനടുത്ത് ഏക്കർ ഭൂമിയാണ് ചിറ്റാരിമലയിൽ വാങ്ങിക്കൂട്ടിയത്. ഉന്നത പോലീസ് മേധാവിയുടെതടക്കമുള്ളവരുടെ ബിനാമി ഭൂമിയിലാണ് ഖനനത്തിന് നീക്കം നടക്കുന്നതെന്നാണ് നാട്ടുകാർ പറയുന്നത്.

നേരത്തെ ഖനനത്തിന് വെടിമരുന്ന് സൂക്ഷിക്കാൻ ഉണ്ടാക്കിയ വെടിപ്പുരയുടെ 250 മീറ്റർ മലമുകളിലായാണ് പുതിയത് നിർമിച്ചത്. ഭൂമിക്ക് ചുറ്റും കമ്പിവേലി നിർമിക്കാനാണെന്ന വ്യാജേനയാണ് മലമുകളിൽ നിർമാണസാധനങ്ങൾ എത്തിച്ച് പ്രവൃത്തിക്ക് തുടക്കംകുറിച്ചതെന്ന് നാട്ടുകാർ പറഞ്ഞു.

വനത്തോട് ചേർന്ന ജണ്ട തകർത്ത് സ്വാഭാവിക നീരുറവ ഇല്ലാതാക്കി റോഡ് നിർമിച്ചതോടെ സർക്കാർ നേരത്തെ ഇവിടെത്തെ പ്രവൃത്തി വർഷങ്ങൾക്ക് മുമ്പേ തടഞ്ഞിരുന്നു.

കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിയോടെ വീണ്ടും പ്രവൃർത്തിക്ക് തുടക്കംകുറിച്ചെങ്കിലും പ്രതിഷേധം കനത്തതോടെ വീണ്ടും നിർത്തിയെങ്കിലും സംസ്ഥാന സർക്കാരിന്റെ പുതിയ ഇളവുകളുടെ പശ്ചാത്തലത്തിലാണ് വീണ്ടും ഖനനത്തിന് നീക്കം തുടങ്ങിയത്.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

NEWS ROUND UP