സ്വര്‍ണ്ണ വില റെക്കോര്‍ഡിലേക്ക്

By | Thursday January 17th, 2019

SHARE NEWS

സ്വര്‍ണ്ണവില റെക്കോര്‍ഡ് തകര്‍ക്കുമോ?. കഴിഞ്ഞ ഒരാഴ്ചയായി എല്ലാവരും ആകാംക്ഷയോടെ ഉറ്റുനോക്കുന്നത് ഇതാണ്. സ്വര്‍ണ്ണവില ഇന്ന് ഗ്രാമിന് 3,025 രൂപയാണ്. പവന് 24,200 രൂപയും. സംസ്ഥാനത്തെ സ്വര്‍ണ്ണ വില റെക്കോര്‍ഡ് മറികടക്കാന്‍ ഇനി വെറും അഞ്ച് രൂപ കൂടി മാത്രം മതിയാകും.

സ്വര്‍ണ്ണത്തിന് ഗ്രാമിന് 3,030 ല്‍ എത്തിയാല്‍ 2012 നവംബര്‍ 27 ലെ റെക്കോര്‍ഡ് പഴങ്കഥയാകും. ആഭ്യന്തര വിപണിയിലെ ആവശ്യകതയിലുണ്ടായ വര്‍ദ്ധനവാണ് ഇപ്പോള്‍ വില ഉയരാനുണ്ടായ പ്രധാന കാരണമെന്നാണ് ഈ മേഖലയിലെ വിദഗ്ദ്ധരുടെ നിഗമനം. ആഭ്യന്തര വിപണിയിലെ വില ഉയരുമ്പോഴും അന്താരാഷ്ട്ര വിപണിയിലെ വിലയില്‍ വലിയ മാറ്റങ്ങള്‍ ദൃശ്യമല്ല. അന്താരാഷ്ട്ര വിപണിയില്‍ ട്രോയ് ഔൺസ് (31 ഗ്രാം) സ്വർണത്തിന് 1289 ഡോളറാണ് ഇന്നത്തെ നിരക്ക്.

വിവാഹ സീസണ്‍ വില്ലനോ?

എന്നാല്‍, സ്വര്‍ണ്ണത്തിന് വില റെക്കോര്‍ഡിലായിരുന്ന 2012 ന്‍റെ അവസാന മാസങ്ങളില്‍ രാജ്യന്തര വിപണിയില്‍ 1,885 ഡോളറായിരുന്നു സ്വര്‍ണ്ണവില. ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ ഇടിവ് തുടരുന്നതാണ് സ്വര്‍ണ്ണത്തിന്‍റെ വിലക്കയറ്റത്തിനുളള മറ്റൊരു പ്രധാന കാരണം. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇപ്പോഴും 71 ന് മുകളില്‍ തുടരുകയാണ്. 2012 ല്‍ സ്വര്‍ണ്ണത്തിന്‍റെ വില ഉയര്‍ന്നുനിന്ന സമയത്ത് ഡോളറിനെതിരെ രൂപയുടെ മൂല്യം 55 രൂപയായിരുന്നു എന്നതും,  ഓഹരി വിപണികളിലെ ചലനങ്ങളും അന്താരാഷ്ട്ര എണ്ണവിലയും അടക്കമുളള മുന്‍കാല സ്വാധീന ഘടകങ്ങള്‍ ഇപ്രാവശ്യം സ്വര്‍ണ്ണ വിലവര്‍ദ്ധനവിനെ കാര്യമായി സ്വാധീനിക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്.

 

വിവാഹ സീസണായതിനാല്‍ ഉപഭോക്താക്കളില്‍ നിന്നും കച്ചവടക്കാരില്‍ നിന്നും സ്വര്‍ണ്ണത്തിന് വലിയതോതിലുളള ആവശ്യകതയാണ് ദൃശ്യമാകുന്നതെന്നും വിദഗ്ദ്ധര്‍ പറയുന്നു. ഈ വര്‍ഷം ആദ്യം സ്വര്‍ണ്ണനിരക്ക് ഗ്രാമിന് 2,930 രൂപയായിരുന്നു. ഇന്നത്തെ സ്വര്‍ണ്ണനിരക്ക് 3,025 രൂപയാണ്. പതിനേഴ് ദിവസം കൊണ്ട് മാത്രം ഗ്രാമിന് കൂടിയത് 95 രൂപയാണ്. പവന് ഉയര്‍ന്നത് 760 രൂപയും

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്