സർക്കാർ സംവിധാനം നോക്ക് കുത്തിയായി; മൃതദേഹം നാല് മണിക്കൂർ ആസ്പത്രി വരാന്തയിൽ

By | Monday July 6th, 2020

SHARE NEWS

നാദാപുരം: വിദേശത്ത് നിന്ന് നാട്ടിലെത്തി വീട്ടിൽ കോവിഡ് നിരീക്ഷണത്തിൽ കഴിയവെ കുഴഞ്ഞ് വീണ് മരണപ്പെട്ട പ്രവാസിയോട് സർക്കാർ അധികൃതർ അനാകാട്ടിയതായി ആരോപണം.

നാദാപുരം വളയത്ത് വീട്ടിൽ ക്വാറന്റൈനിൽ കഴിയവെ കുഴഞ്ഞ് വീണ കുളങ്ങരത്ത് കരീം എന്നയാളെ യഥാസമയം ആസ്പത്രിയിലെത്തിക്കാൻ 108 ആംബുലൻസിനായി ആരോഗ്യ വകുപ്പ് അധികൃതരെ ബന്ധപ്പെട്ടിട്ടും ആംബുലൻസ് ലഭ്യമായില്ലെന്ന് പരാതി.

വളയം സി.എച്ച്.സി കോംപൗണ്ടിൽ മൂന്ന് ആംബുലൻസുകൾ ഉണ്ടായിരുന്നിട്ടും സർക്കാർ സംവിധാനത്തിലെ അനാവശ്യ സാങ്കേതികത്വം കാരണമാണ് ക്വാറൻ്റയിനിലുളളയാളെ ആസ്പത്രിയിലെത്തിക്കാൻ ആംബുലൻസ് നിഷേധിച്ചത്.

അര മണിക്കൂറിന് ശേഷം പോലീസ് അനുമതിയിൽ സ്വകാര്യ വാഹനത്തിൽ രോഗിയെ നാദാപുരം താലൂക്ക് ആസ്പത്രിയിൽ എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

മരണം സ്ഥിരീകരിച്ചതിനെ തുടർന്ന് താലൂക്ക് ആശുപത്രിയിൽ നിന്ന് സ്രവ പരിശോധനക്കും തുടർ നടപടികൾക്കുമായി മൃതദേഹം വടകര ജില്ലാ ആശുപത്രിയിലേക്ക് മാറ്റുന്നതിനായി ബന്ധുക്കൾ 108 ആംബുലൻസ് സേവനം ആവശ്യപ്പെട്ടതിനെ തുടർന്ന് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോക്ടർ ജില്ലാ കൊറോണ സെല്ലുമായി ബന്ധപ്പെട്ടെങ്കിലും ഏറെ കാത്തിരുന്നിട്ടും ആംബുലൻസ് ലഭിച്ചില്ല.

മണിക്കൂറുകൾ കാത്തിരുന്നിട്ടും ആംബുലൻസ് ലഭ്യമാവാത്തതിനെ തുടർന്ന് രണ്ടാമതും ബന്ധപ്പെട്ടെങ്കിലും 108 ആംബുലൻസ് ലഭ്യമല്ലെന്നും പെയ്ഡ് ആംബുലൻസ് വിട്ടു തരാമെന്നുമാണ് മറുപടി ലഭിച്ചത്.

എന്നാൽ ഒരു മണിക്കൂറോളം വീണ്ടും കാത്തിരുന്നിട്ടും ആംബുലൻസ് എത്താതിരുന്നതിനെ തുടർന്ന് ഡ്യൂട്ടി ഡോക്ടർ ജില്ലാ കോവിസ് സെല്ലുമായി ബന്ധപ്പെട്ടെങ്കിലും പെയ്ഡ് ആംബുലൻസ് ലഭിച്ചിട്ടുണ്ടെന്നും പി.പി.ഇ കിറ്റ് ലഭ്യമല്ലാത്തതിനാലാണ് വരാൻ കഴിയാതിരുന്നത് എന്നുമുള്ള വിചിത്ര മറുപടിയാണ് ലഭിച്ചത്.

തുടർന്ന് പി.പി.ഇ കിറ്റ് ആസ്പത്രിയിൽ നിന്ന് ലഭ്യമാക്കാമെന്ന് ഡ്യൂട്ടി ഡോക്ടർ അറിയിച്ചതിനെ തുടർന്നാണ് അർധ രാത്രിയോടെയാണ് സ്വകാര്യ ആംബുലൻസ് വിട്ടു നൽകിയത്.

ആംബുലൻസിനായുള്ള കാത്തിരിപ്പുമായി മണിക്കൂറുകൾ ബന്ധുക്കളും ജനപ്രതിനിധികളും കാത്തിരിക്കേണ്ടി വന്നപ്പോൾ നിരുത്തരവാദപരമായ സർക്കാർ സംവിധാനത്തിന്റെ ഫലമായി നാല് മണിക്കൂർ സമയമാണ് ഒരു മൃതദേഹം ആസ്പത്രി വരാന്തയിൽ കിടക്കേണ്ടി വന്നത്.

പ്രവാസി സമൂഹത്തെ ശത്രുക്കളെ പോലെ കാണുന്ന സർക്കാർ നിലപാടിന്റെ പ്രതിഫലനമാണ് മൃതദേഹത്തോട് കാണിച്ചിട്ടുള്ള ഈ അനാദരവെന്നും കോവിഡ് പ്രധിരോധ പ്രവർത്തനങ്ങളിൽ സർക്കാർ കാണിക്കുന്ന ഈ ഗുരുതരമായ അലംഭാവം പ്രതാഷേധാർഹമാണെന്നും കോഴിക്കോട് ജില്ലാ പഞ്ചായത്ത് യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ അഹമ്മദ് പുന്നക്കൽ കുറ്റപ്പെടുത്തി.

കോറന്റൈനിൽ കഴിയുന്നവർക്ക് അർഹതപ്പെട്ട സേവനങ്ങൾ നിഷേധിക്കുകയും മൃതദേഹത്തോട് അനാദരവ് കാണിക്കുകയും ചെയ്ത സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് മുസ്‌ലിം ലീഗ് വളയം പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.

ടി.ടി.കെ ഖാദർ ഹാജി അദ്ധ്യക്ഷത വഹിച്ചു. ടി.എം.വി അബ്ദുൽ ഹമീദ്, സി.വി കുഞ്ഞബ്ദുല്ല , ഇ അമ്മദ് ഹാജി, പി.പി സാദിഖ്, കോറോത്ത് അഹമ്മദ് ഹാജി, നസീർ വളയം , ഹസ്സൻ കുന്നുമ്മൽ പ്രസംഗിച്ചു.

Tags: , , , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്