Categories
പ്രാദേശികം

വളയം പോലീസ് ബാരക്സിന് ചുറ്റുമതിൽ പണിയാൻ അരക്കോടി രൂപ

നാദാപുരം : വർഷങ്ങളായി ഉദ്ഘാടനം കാത്തിരിക്കുന്ന വളയം അച്ചംവീട്ടിൽ പോലീസ് ബാരക്സ് 50 ലക്ഷം രൂപ മുതൽമുടക്കിൽ നവീകരിക്കുന്നു.

മിച്ചഭൂമിയിൽ ജില്ലാ അതിർത്തിയോട് ചേർന്ന പ്രദേശത്ത് നാലുവർഷംമുമ്പ് നിർമിച്ച ബാരക്സിനോട് ചേർന്ന് ആധുനികരീതിയിൽ പുതിയ കെട്ടിടം നിർമിക്കുകയാണ് ചെയ്യുന്നത്.

പോലീസിന്റെ കൈവശമുള്ള രണ്ടേക്കറോളംഭൂമി മതിൽകെട്ടി വേർതിരിക്കുന്ന പ്രവൃത്തിയും ഇതോടൊപ്പം പൂർത്തിയാക്കും.

അഞ്ചുവർഷംമുമ്പ് നിർമാണം പൂർത്തിയായെങ്കിലും ഇതുവരെ ഉദ്ഘാടനം നടത്തുകയോ ബാരക്സ് പ്രവർത്തനമാരംഭിക്കുകയോ ചെയ്തിട്ടില്ല, നിലവിലെ സമുച്ചയം പോലീസിന്റെ ഫസ്റ്റ്‌ലൈൻ ട്രീറ്റ്മെൻറ്‌ സെൻററായി പ്രവർത്തിച്ചുവരുകയാണ്‌.

പുതിയ കെട്ടിടംകൂടി നിർമാണം പൂർത്തിയാവുന്നതോടെ പോലീസിന്റെ സായുധവിഭാഗത്തെ ഇവിടേക്ക് മാറ്റും.

2015-ൽ 83 ലക്ഷം രൂപ ചെലവിൽ കേരള പോലീസ് ഹൗസിങ്‌ സൊസൈറ്റിയാണ് നിലവിലെ കെട്ടിടത്തിന്റെ പ്രവൃത്തികൾ നടത്തിയത്. വെള്ളത്തിന്റെ ലഭ്യതക്കുറവാണ് ഉദ്ഘാടനം നീണ്ടുപോകാൻ കാരണം.

രണ്ട് കമ്പനി സേനയ്ക്ക് ധാരാളം ജലം ആവശ്യമുള്ളതിനാൽ കുഴൽക്കിണർ കുഴിക്കാൻ എം. എൽ.എ. ഫണ്ട് അനുവദിച്ചിരുന്നു. എന്നാൽ ഭൂഗർഭ ജല വകുപ്പ് ഉദ്യോഗസ്ഥർ പരിശോധനയിൽ ഭൂഗർഭജലം ലഭിക്കാൻ സാധ്യതയില്ലെന്ന് അറിയിച്ചതോടെ കുഴൽക്കിണർ നിർമാണം ഉപേക്ഷിക്കുകയായിരുന്നു.

എഫ്.എൽ.ടി.സി.യായി കെട്ടിടം മാറ്റിയതോടെ കുന്നുമ്മൽ കുടിവെള്ള പദ്ധതിയിൽനിന്ന് ഇവിടേക്ക് കുടിവെള്ളമെത്തിക്കുന്നുണ്ട്.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

English summary: Half a crore rupees to build a wall around the Valayam police barracks

NEWS ROUND UP