Categories
NADAPURAM

ആടുകളിലെ പകർച്ചവ്യാധി ; കോവിഡുമായി ബന്ധമില്ല – മൃഗസംരക്ഷണവകുപ്പ്

നാദാപുരം : ചെക്യാട് പഞ്ചായത്തിലെ കുറുവന്തേരി മേഖലയിലും വേളം പഞ്ചായത്തിലും ആടുകളിൽ പടർന്ന് പിടിക്കുന്ന രോഗത്തിന് കോവിഡുമായി ബന്ധമില്ലെന്ന് മൃഗസംരക്ഷണവകുപ്പ് വ്യക്തമാക്കി. വൈറസ് മൂലം വരുന്ന രോഗമാണ് ഇവിടങ്ങളിൽ വളർത്തുമൃഗങ്ങൾക്ക് ബാധിച്ചിരിക്കുന്നത്.

വായു, ഭക്ഷണം എന്നിവയിൽക്കൂടിയാണ്‌ രോഗംപകരുന്നത്. രോഗമുള്ള മൃഗങ്ങളുടെ സാന്നിധ്യം ഒഴിവാക്കണം അവയെ മാറ്റിനിർത്തണം. സി.പി.പി.ആർ., സി.സി.പി.പി. രോഗങ്ങൾ വരാതിരിക്കാൻ വളർത്തുമൃഗങ്ങൾക്ക് പ്രതിരോധ കുത്തിവെപ്പെടുക്കണമെന്നും
മൃഗസംരക്ഷണവകുപ്പ് റിട്ട. ജോയന്റ് ഡയറക്ടർ
ഡോ. ജോൺ കട്ടക്കയം പറഞ്ഞു.

രോഗംബാധിച്ച വളർത്തുമൃഗങ്ങളിൽനിന്ന്‌ രക്ത സാംപിളുകൾ പരിശോധിച്ചാലെ യഥാർഥരോഗം എന്താണെന്ന് സ്ഥിരീകരിക്കുവാൻ സാധിക്കുകയുള്ളൂ. വെള്ളിയാഴ്ച ഡോക്ടർമാരുടെ നേതൃത്വത്തിലുള്ള സംഘം രോഗംബാധിച്ച സ്ഥലങ്ങൾ സന്ദർശിക്കുന്നുണ്ടെന്നും. ഇപ്പോൾ ആടുകളിൽ കണ്ടുവരുന്ന വൈറസ്ബാധ ഇടയ്ക്കിടക്ക് കണ്ടുവരാറുണ്ട്. കോവിഡുമായി ഈ വൈറസിന് ബന്ധമില്ലായെന്നും കോഴിക്കോട് ജില്ലാ മൃഗസംരക്ഷണ ഓഫീസർ
കെ. സിന്ധുവും വ്യക്മാക്കി.

ചെക്യാട് പഞ്ചായത്തിലെ കുറുവന്തേരി മേഖലയിൽ ആടുകൾ രോഗബാധിതരായി കർഷകർ പ്രതിസന്ധിയിലായ കാര്യം കഴിഞ്ഞ ദിവസം ട്രൂ വിഷൻ നാദാപുരം ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു.

ഇതിനിടെയാണ് കുറ്റ്യാടിക്കടുത്ത് വേളം പെരുവയൽ ഭാഗത്ത് വളർത്തുമൃഗങ്ങൾക്ക് വൈറസ് രോഗം പടർന്നത്. ചെക്യാടും വേളത്തും മതിയായ ചികിത്സ നൽകാൻകഴിയാതെ കർഷകർ ബുദ്ധിമുട്ടിലാണ് . വളർത്തുമൃഗങ്ങൾക്ക് രോഗം പടർന്നുപിടിക്കുന്ന വേളംമേഖലയിൽ മൃഗഡോക്ടറുടെ സേവനം ലഭ്യമാകാത്തതാണ് പ്രതിസന്ധിക്ക് കാരണം. മൃഗാശുപത്രിയിലെ ഡോക്ടർ കോവിഡ് ചുമതലയുടെ ഭാഗമായി സെക്ടറൽ മജിസ്ട്രേറ്റായി നിയമിച്ചതോടെയാണ് പ്രതിസന്ധി രൂക്ഷമായത്.

പെരുവയൽ സ്വദേശി കുഞ്ഞമ്മദ്കണ്ടി കരീമിന്റെ 30 ആടുകളിൽ ഭൂരിഭാഗത്തിനും വൈറസ് രോഗം പിടിപ്പെട്ടിരിക്കുന്നത്. കർഷകയായ ആറോത്ത്‌ മോളിയുടെയും കണ്ടിയിൽ അനീഷിന്റെ ആടുകൾക്കും രോഗബാധയുണ്ട്.

വിവിധ ധനകാര്യസ്ഥാപനങ്ങളിൽനിന്ന്‌ വായ്പയെടുത്താണ് ഭൂരിഭാഗം കർഷകരും വളർത്തുമൃഗങ്ങളെ വാങ്ങിയത്. ഭാരിച്ച ചികിത്സാചെലവ് സാധാരണ കർഷകത്തൊഴിലാളികളെ സംബന്ധിച്ചിടത്തോളം താങ്ങാൻ കഴിയുന്നതിലും അപ്പുറമാണ്. ഡോക്ടറുടെ സേവനം ലഭ്യമല്ലാത്തതിനാൽ പുറത്തുനിന്ന്‌ ഇഞ്ചക്‌ഷൻ അടക്കമുള്ള സേവനങ്ങൾക്ക് ഭീമമായ തുകയാണ് ചെലവാകുന്നത്. ഇതുകൂടാതെ മൃഗപരിപാലനത്തിനായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കർഷകർക്ക് നൽകിയ കെ.സി.സി. ലോണുകൾക്കൊപ്പംതന്നെ വളർത്തുമൃഗങ്ങളെ ഇൻഷുർ ചെയ്യുകകൂടി വേണ്ടതാണ്.

എന്നാൽ മൃഗങ്ങളെ ഇൻഷുർ ചെയ്യാൻ ഡോക്ടർമാരുടെ സേവനം ആവശ്യമാണെന്നിരിക്കെ ഡോക്ടർമാരുടെ അഭാവം കർഷകർക്ക് ദുരിതം ഇരട്ടിയായി.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

NEWS ROUND UP