ഇതിനൊരു അറുതിയില്ലേ ? തെരുവുനായ ശല്യം:പൊറുതിമുട്ടി പൊതുജനം

By | Friday November 8th, 2019

SHARE NEWS


നാദാപുരം :തെരുവുനായ ശല്യം പൊറുതിമുട്ടി പൊതുജനം. വളയം   ടൗണിലും പരിസരപ്രദേശങ്ങളിലും നൂറുകണക്കിന് തെരുവുനായകളാണ് അലഞ്ഞുതിരിയുന്നത്.

ഇത്തരം നായകള്‍ മനുഷ്യജീവന് കടുത്ത ഭീഷണി ഉയര്‍ത്തുന്നു. തെരുവുനായകളെ കൊല്ലാന്‍ പഞ്ചായത്തുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതോടെയാണ് ഇവയുടെ എണ്ണംപെരുകിയത്.

കഴിഞ്ഞ ദിവസം വളയത്തെ പെട്രോള്‍ പമ്പിനു പരിസരത്തെ കടയുടമ പ്രകാശന്റെ  കാലിനു തെരുവ് നായ കടിച്ച് പരിക്കേല്‍പ്പിച്ചിരുന്നു.

പുതിയ ഉത്തരവനുസരിച്ച് തെരുവുനായകളെ കൊല്ലാതെ വന്ധ്യംകരണത്തിന് വിധേയമാക്കണമെന്നാണ് ചട്ടം. വന്ധ്യംകരണപദ്ധതിക്കായി കഴിഞ്ഞ സാമ്പത്തികവര്‍ഷം വിവിധ പഞ്ചായത്തുകള്‍ രണ്ടുലക്ഷത്തോളം രൂപ ജില്ലാപഞ്ചായത്തിന് കൈമാറിയിരുന്നു. എന്നാല്‍, തുടര്‍നടപടികള്‍ ഉണ്ടായിട്ടില്ല. വടകര താലൂക്കില്‍ ഇതിനുള്ള സൗകര്യമില്ല. പേരാമ്പ്രയിലോ ബാലുശ്ശേരിയിലോ കൊണ്ടുപോകണം.

നാദാപുരം മേഖലയിലെ ആയിരത്തോളം തെരുവുനായകളെ മറ്റിടങ്ങളില്‍ കൊണ്ടുപോയി വന്ധ്യംകരിക്കുക ബുദ്ധിമുട്ടുള്ള കാര്യമാണ്.

വ്യാഴാഴ്ച രാവിലെയോടെ വളയം മേഖലയില്‍ രണ്ടുപേര്‍ക്ക് തെരുവുനായയുടെ കടിയേറ്റിരുന്നു. വളയംകല്ലാച്ചി റോഡില്‍ കഴിഞ്ഞ ഏതാനുംമാസത്തിനിടെ പതിനഞ്ചോളം ബൈക്ക് യാത്രികര്‍ തെരുവുനായയെ ഇടിച്ച് അപകടത്തില്‍പ്പെട്ടിരുന്നു. രാത്രികാലങ്ങളില്‍ വാഹനങ്ങള്‍ക്കുമുന്നില്‍ തെരുവുനായകള്‍ ചാടുന്നത് പതിവായിട്ടുണ്ട്. യാത്രക്കാര്‍ക്ക് പരിക്കേല്‍ക്കുന്നതിനോടൊപ്പം വാഹനങ്ങള്‍ക്ക് കേടുപാട് സംഭവിക്കുകകൂടി ചെയ്യുമ്പോള്‍ കനത്ത സാമ്പത്തികനഷ്ടമാണ് പലര്‍ക്കുമുണ്ടായത്.</p>

ടൗണിലും മറ്റും സൂക്ഷിച്ചിട്ടുള്ള മാലിന്യങ്ങളും കടകളിലെ സാധനസാമഗ്രികളും തെരുവുനായകള്‍ വലിച്ച് റോഡിലിടുന്നത് വ്യാപാരികള്‍ ഉള്‍പ്പടെയുള്ളവരെ അലട്ടുന്നു. സ്‌കൂളുകള്‍ക്ക് സമീപവും നാട്ടുവഴികളിലും തെരുവുനായശല്യം രൂക്ഷമായിട്ടുണ്ട്. പ്രഭാതസവാരിക്കാരുടെ നേര്‍ക്കും നായകള്‍ അക്രമം അഴിച്ചുവിടാറുണ്ട്.

കഴിഞ്ഞവര്‍ഷം വളയം മേഖലയില്‍ നൂറുകണക്കിന് മനുഷ്യര്‍ക്കും ഇരുനൂറോളം വളര്‍ത്തുമൃഗങ്ങള്‍ക്കും ഭ്രാന്തന്‍ നായയുടെ ആക്രമണത്തില്‍ പരിക്കേറ്റിരുന്നു. ഇതില്‍ നൂറില്‍പ്പരം പശുക്കള്‍ പേബാധിച്ച് ചത്തൊടുങ്ങിയത് ഏറെ ചര്‍ച്ചയായിരുന്നു.

ശരീരത്തില്‍ മുറിവേറ്റ് വൃണവുമായി നടക്കുന്ന ചില നായകള്‍ വീടുകളില്‍ കയറിക്കിടക്കുന്നതും ദുര്‍ഗന്ധം പരത്തി ജനങ്ങള്‍ക്കിടയിലൂടെ സഞ്ചരിക്കുന്നതും കടുത്ത ദുരിതമാണ് വരുത്തിവെക്കുന്നത്. തെരുവുനായകളെ നിയന്ത്രിക്കാന്‍ അധികൃതര്‍ തയ്യാറാകാത്തപക്ഷം ജനങ്ങളുടെ ദുരിതം ഇരട്ടിക്കുമെന്നതില്‍ സംശയമില്ല.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്