Categories
Flash News

കോവിഡ് പ്രതിരോധം; കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ ഒരുക്കിയിരിക്കുന്നത് വിപുലമായ സൗകര്യങ്ങളെന്ന് മുഖ്യമന്ത്രി


നാദാപുരം: കോവിഡ് പ്രതിരോധത്തിനും മറ്റ് ചികിത്സയ്ക്കുമായി ഗ്രാമീണ മേഖലയിലെ കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജില്ലയിലെ അഞ്ച് കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ വീഡിയോ കോണ്‍ഫറന്‍സ് മുഖേന ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കിയത് ഓരോ പ്രദേശത്തും വലിയ മാറ്റങ്ങള്‍ ഉണ്ടാക്കുന്ന കാര്യമാണ്. ആര്‍ദ്രം പദ്ധതിയുടെ ആദ്യഘട്ടത്തില്‍ 170 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തി. അവയുടെ പ്രവര്‍ത്തനത്തിന് ആവശ്യമായ തസ്തികകള്‍ സൃഷ്ടിച്ചു. രണ്ടാംഘട്ടത്തില്‍ 503 പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കുടുംബാരോഗ്യങ്ങളാക്കി. ബാക്കിയുള്ളവയുടെ നിര്‍മ്മാണം അതിവേഗം പുരോഗമിക്കുകയാണ്. വൈകാതെ പൊതു ജനത്തിന് തുറന്നു കൊടുക്കും.

കോവിഡ് മഹാമാരിക്കെതിരെ നമ്മുടെ പേരാട്ടം ആരംഭിച്ച് ഏകദേശം ഒമ്പത് മാസം ആവുകയാണ്. ഇതില്‍ ആദ്യഘട്ടത്തില്‍ വിജയകരമായി കോവിഡിനെ പ്രിതിരോധിക്കാനായി. എല്ലാ ഘട്ടത്തിലും നമ്മുടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മുന്നിട്ടു നില്‍ക്കുക തന്നെ ചെയ്തു. രാജ്യത്തിന്റെ, ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റും വിധമാണ് കൊച്ചു കേരളം കോവിഡിനെ പ്രതിരോധിച്ചത്.

കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണം. ഈ തിരിച്ചറിവ് നല്ലരീതിയില്‍ പ്രതിരോധം തീര്‍ക്കാന്‍ സഹായിക്കും. കോവിഡിനെ പ്രതിരോധിക്കുന്നതില്‍ വളരെ പ്രത്യേകതയുള്ള സംസ്ഥാനമായി നിലനില്‍ക്കുകയാണ് കേരളം. അതുകൊണ്ടാണ് മരണനിരക്ക് വ്യാപിക്കാതിരിക്കുന്നത്. കോവിഡ് രോഗികള്‍ കൂടുമ്പോള്‍ അതിനനുസൃതമായി മരണനിരക്കും വര്‍ദ്ധിക്കാം. അത് സംഭവിക്കാതിരിക്കാനുള്ള ജാഗ്രതയോടെയുള്ള ഇടപെടലാണ് കേരളമാകെ ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഇനി അങ്ങോട്ട് കൂടുതല്‍ കര്‍ക്കശമായി കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്ന ദിനങ്ങളായി മാറണം.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കുന്ന വിധത്തിലുള്ള വിമര്‍ശനങ്ങള്‍ ചില ഭാഗത്ത് നിന്നുണ്ടായിട്ടുണ്ട്. ആരോഗ്യമേഖലയെ ആകെ അടച്ചാക്ഷേപിക്കുന്ന തരത്തിലുള്ള വിമര്‍ശനങ്ങള്‍ ജനങ്ങള്‍ തള്ളിക്കളയും .അവരെല്ലാ പ്രവര്‍ത്തനങളും വിലയിരുത്തുന്നുണ്ട് .കോവിഡ് ജാഗ്രത പ്രവര്‍ത്തന ഫലമായി ഇന്ത്യാ ടുഡേ പുരസ്‌കാരം കേരളത്തിന് ലഭിച്ചു.

ദേശീയതലത്തിലും അന്തര്‍ദേശീയ തലത്തിലും ശ്രദ്ധിക്കുന്ന തരത്തിലുള്ള സംസ്ഥാനത്തിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ പ്രധാന പങ്കുവഹിക്കാന്‍ ആരോഗ്യ കേന്ദ്രങ്ങള്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കഴിഞ്ഞിട്ടുണ്ട.് ആവശ്യമായ കരുതലോടെയാണ് നാം മുന്നോട്ട് പോകുന്നത.് ഇപ്പോള്‍ രണ്ടും മൂന്നും തലമുറകളില്‍ പെട്ട ആരോഗ്യ പ്രശ്നങ്ങളെ കൈകാര്യം ചെയ്യാന്‍ കഴിയുന്ന നിലവാരത്തിലേക്ക് നമ്മുടെ പൊതുജനാരോഗ്യ സംവിധാനത്തെ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. അതിന്റെ ഭാഗമായാണ് ആര്‍ദ്രം മിഷന്‍ ഉള്‍പ്പെടെയുള്ള സംവിധനങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നത്. ആര്‍ദ്രം മിഷന്റെ പ്രവര്‍ത്തനം കേരളത്തിന്റെ ആരോഗ്യ രംഗത്ത് വരുത്തിയ മാറ്റം അതിശയകരമാണ്. അതെല്ലാം നാടിന്റെ ഭാഗവും നേട്ടവുമാണെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ ആരോഗ്യ മന്ത്രി കെ .കെ ശൈലജ ടീച്ചര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ നാലു മിഷനുകളുടെ പ്രവര്‍ത്തന ഫലമായുണ്ടായ നാടിന്റെ വികസനം ചരിത്രത്തില്‍ രേഖപ്പെടുത്തുന്ന വിധത്തിലാണുണ്ടായിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

NEWS ROUND UP