Categories
NADAPURAM

കെ പി പ്രദീഷ് നയിക്കും; വളയത്ത് സിപിഎം സ്ഥാനാർഥി പട്ടികയായി

നാദാപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ കൊട്ടിഘോഷങ്ങൾ ആരംഭിക്കാനിരിക്കെ വളയത്ത് സിപിഎം ആദ്യഘട്ട സ്ഥാനാർഥി പട്ടികയ്ക്ക് ധാരണയായി. ഏരിയ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ നേതാവുമായിരുന്ന കെപി പ്രദീഷ് തെരഞ്ഞെടുപ്പിൽ മത്സരിക്കും.

സിപിഎമ്മിനെ ശക്തികേന്ദ്രമായ നീലാണ്ട് വാർഡിൽ നിന്നാണ് കെപി പ്രദീഷ് ജനവിധി തേടുക. ലോക്കൽ കമ്മിറ്റിയിലെ പുതിയ അംഗമായ കെ. വിനോദൻ രണ്ടാം വാർഡ് വരയാലിൽ മത്സരിക്കാൻ ധാരണയായി. എസ് ബി ഐ ബാങ്ക് റിട്ട. ജീവനക്കാരനായ വിനോദൻ ബാങ്ക് ജീവനക്കാരുടെ ഇടതുപക്ഷ സംഘടനയായ ബെഫിയുടെ സംസ്ഥാന നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്നു.

പുഞ്ച വാർഡിൽ നേരത്തെ ഗ്രാമപഞ്ചായത്ത് അംഗവും ലോക്കൽ കമ്മിറ്റി അംഗവുമായ വി കെ രവി മത്സരിക്കണമെന്നാണ് പാർട്ടിയുടെ നിർദേശം. മാരാംകണ്ടി വാർഡിൽ ലോക്കൽ കമ്മിറ്റി അംഗവും കർഷക നേതാവും റിട്ട. അധ്യാപകനുമായ എം കെ അശോകൻ മാസ്റ്റർ മത്സരിക്കും.

സിപിഎം ഉരുക്കുകോട്ടയായ ചുഴലിയിൽ പ്രാദേശിക യുവനേതാവും സിപിഎം അംഗവുമായ കൂരികണ്ടി വിജീഷ് ആണ് മത്സരിക്കുക. പെയിന്റിങ് തൊഴിലാളിയാണ് വിജീഷ്.

നിരവ് ബ്രാഞ്ചിൽ നേരത്തെ ഗ്രാമ പഞ്ചായത്ത് അംഗമായിരുന്ന എം ദേവി ജനവിധി തേടാനും ധാരണയായിട്ടുണ്ട്. മൂന്നാം വാര്‍ഡ്‌ ആയ കല്ലുനിരയില്‍  റീജയെ പുതുമുഖ സ്ഥാനാർത്ഥിയാക്കും.

വനിതാ സംവരണ വാര്‍ഡ്‌ ആയ മഞ്ചാന്തറ ഏഴാ വാര്‍ഡില്‍ സ്ഥാനാർത്ഥിയെ അടുത്ത ദിവസം നിശ്ചയിക്കും . വളയം ടൗൺ ഉൾപ്പെടുന്ന മണിയാല വാർഡിൽ ടി അജിത തന്നെ വീണ്ടും  മത്സരിക്കും. നേരത്തെ യുഡിഎഫിന് കൈവശമുള്ള വാർഡ് ആയിരുന്നു ഇത്.

ഈ വാർഡ് അജിത പിടിച്ചെടുക്കുകയായിരുന്നു. അജിത വീണ്ടും ജനവിധി തേടാൻ ജനറൽ സീറ്റിലേക്കാണ് മത്സരിക്കുന്നത്. ഇതുകൂടാതെ ചെക്കോറ്റ വാർഡിൽ സി ഡി എസ് ചെയർപേഴ്സൺ ആയിട്ടുള്ള ടി കെ നിഷയെയോ കുടുംബശ്രീ പ്രവര്‍ത്തക  പ്രനീഷയെയോ  മത്സരിപ്പിക്കാനോ  അത് പ്രാദേശികമായി ചർച്ചചെയ്യാനും സിപിഎം നിർദേശിച്ചതായി അറിയുന്നു. അല്ലെങ്കിൽ ഈ സീറ്റ് സി പി ഐ ക്ക് വിട്ടു നൽകും.

യുഡിഎഫ് ജനപ്രതിനിധികൾ ഉള്ള വാർഡുകൾ ആയിട്ടുള്ള ഒന്നാം വാർഡ് വണ്ണാർ കണ്ടിയിൽ സിപിഎം ബ്രാഞ്ച് അംഗം കെ കെ പ്രമീള മത്സരിക്കാനാണ് സാധ്യത. ഇവിടെയും സി പി ഐ യെ പരിഗണിക്കും.

മുസ്ലിം ലീഗിന്‍റെ കുത്തക വാർഡുകളിൽ ഏറെയും വനിതാസംവരണം ആണ്. നേരത്തെ മുസ്ലിംലീഗ് വൻഭൂരിപക്ഷത്തോടെ ജയിച്ച തീക്കുനി വാർഡിൽ ഈ തവണ പട്ടികജാതി സംവരണം ആണ്. ഇവിടെ നിലവിലുള്ള ഗ്രാമ പഞ്ചായത്തംഗം യു കെ വത്സനെ സിപിഎം മത്സരിപ്പിക്കും .

എന്നാല്‍ ലീഗ് ഇതും മണിയാല വാർഡുംകോണ്‍ഗ്രസ്സുമായി  വെച്ച് മാറ്റാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. അങ്ങനെയാണെങ്കിൽ കോൺഗ്രസിലെ സുശാന്ത് സി പി  ഇവിടെ മത്സരിക്കാനാണ് സാധ്യത.

ഒന്നാം വാർഡിൽ യുഡിഎഫില്‍ കോൺഗ്രസിനാണ്  സീറ്റ്. അതിൽ സ്ഥാനാർഥിയെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. അവിടുത്തെ പ്രാദേശിക നേതാവും അന്തരിച്ച ടി കെ കുഞ്ഞിരാമന്‍റെ മരുമകളെ മത്സരിപ്പിക്കണമെന്ന ധാരണ ഏകദേശം ആയിട്ടുണ്ട്.

വളയത്ത് പ്രസിഡണ്ട് സ്ഥാനാർത്ഥി ആയിട്ടാണ് ഏരിയ കമ്മിറ്റി അംഗം കെ പി പ്രദീഷ് രംഗത്തുവരുന്നത്. വളയം സിപിഎമ്മിന്‍റെ  ഉരുക്കു കോട്ട എന്ന് വിശേഷിപ്പിക്കുന്ന പഞ്ചായത്താണ്. മൂവായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷം പഞ്ചായത്തിൽ പലപ്പോഴായിട്ട് എൽഡിഎഫിന് ലഭിച്ചിട്ടുണ്ട്.

എൽഡിഎഫിൽ പ്രധാന കക്ഷിയും സിപിഎം ആണ്. സിപിഐക്ക് ഒരു സീറ്റ് കൊടുക്കാൻ സാധ്യതയുണ്ട്. കഴിഞ്ഞവർഷം സിപിഐ മത്സരരംഗത്ത് ഉണ്ടായിരുന്നില്ല. യുഡിഎഫിലും സ്ഥാനാർഥി ചർച്ച ആരംഭിച്ചിട്ടുണ്ട്.

വളയത്ത് പി കെ ശങ്കരൻ വീണ്ടും ജനവിധി തേടണമെന്ന നിർദ്ദേശം യുഡിഎഫിൽ ഉയർന്നു വന്നിട്ടുണ്ട്. ചെക്കോറ്റ വാർഡിൽ നേരത്തെ ഗ്രാമപഞ്ചായത്ത് മെമ്പർ ആയിരുന്ന മിനിയെ മത്സരരം ഗത്ത് ഇറക്കാനാണ് കോൺഗ്രസ് തീരുമാനിച്ചിട്ടുള്ളത്.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

English summary: The UDF has suggested that PK Sankaran should seek re-election in Valayam. The Congress has decided to field Mini, a former Gram Panchayat member in Chekotta ward.

NEWS ROUND UP