Categories
Latest

വാണിമേൽ ലക്കിടികുന്ന് പുഴയോരത്തും ചാരായവാറ്റ്; 250 ഓളം ലിറ്റർ വാഷ് പിടികൂടി

നാദാപുരം : വാണിമേൽ പഞ്ചായത്തിലെ ലക്കിടികുന്ന് പുഴയോരത്തും വൻതോതിൽ ചാരായ വാറ്റ് നടന്നതായി സൂചന.

ചാരായ നിർമ്മാണത്തിനായി കലക്കി വെച്ച 250 ഓളം ലിറ്റർ വാഷ് പിടികൂടി.

നാദാപുരം കണ്ട്രോൾ റൂമിനു കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് വാഷ് പിടികൂടിയത്.

എസ് ഐ മഹേന്ദ്രൻ, സി പി ഒ മാരായ അജിൽപ്രകാശ്, ലതേഷ് എന്നിവർ റെയിഡിന് നേതൃത്വം നൽകി. ലോക്ഡൗണിന്റെ മറവിൽ മലയോരമേഖലകളിലടക്കം വ്യാജവാറ്റും മദ്യക്കടത്തും വ്യാപകമാണ്.

അധികൃതർ പരിശോധന കർശനമാക്കിയെങ്കിലും രഹസ്യകേന്ദ്രങ്ങളിൽ വാറ്റ് തകൃതിയാണ്.

വളയം, വാണിമേൽ പഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുന്ന ചിറ്റാരിമല, ചെക്യാട്‌ പഞ്ചായത്തിലെ കണ്ടിവാതുക്കൽ, വളയം പഞ്ചായത്തിലെ ആയോട് തുടങ്ങിയ മലയോരമേഖലകളിലാണ് വാറ്റ് കൂടുതലായി നടക്കുന്നത്.

മാത്രമല്ല, നാട്ടിൻപുറങ്ങളിലെ ഒഴിഞ്ഞ പറമ്പുകളിലും ജലസ്രോതസ്സുകൾക്ക് സമീപവും വ്യാജവാറ്റ് കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്.

കഴിഞ്ഞ രണ്ടാഴ്ചയ്‌ക്കിടെ ആയിരക്കണക്കിന് ലിറ്റർ വാഷാണ് എക്സൈസും പോലീസും കണ്ടെത്തി നശിപ്പിച്ചത്. വാറ്റുപകരണങ്ങളും പിടിച്ചെടുത്തു.

വ്യാഴാഴ്ച വളയം പോലീസ് ചെക്യാട് അരീക്കരക്കുന്നിന് സമീപത്ത് വ്യാജവാറ്റുകേന്ദ്രം കണ്ടെത്തി നശിപ്പിച്ചിരുന്നു. വാണിമേൽ കന്നുകുളത്തുവെച്ച് ആറുലിറ്റർ ചാരായവും വളയം പോലീസ് പിടികൂടിയിരുന്നു.

കണ്ടിവാതുക്കൽ ആയോട്‌ മല, എളമ്പ, കല്ലുനിര പൂങ്കുളം, നരിപ്പറ്റ, തുടങ്ങിയ സ്ഥലങ്ങളിലെ വ്യാജവാറ്റുകേന്ദ്രങ്ങൾ കഴിഞ്ഞദിവസം എക്സൈസും സംഘവും തകർത്തിരുന്നു.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

NEWS ROUND UP