എലിപ്പനിയും എത്തുന്നു; സ്വയം ചികിത്സ അരുത് : നല്ല ജാഗ്രത വേണമെന്ന് ഡി.എം.ഒ

By | Wednesday June 12th, 2019

SHARE NEWS

നാദാപുരം :മഴക്കാലാരംഭത്തോടെ ജില്ലയിൽ എലിപ്പനി വ്യാപകമാകാൻ സാധ്യതയുള്ളതിനാൽ എല്ലാവരും എലിപ്പനിക്കെതിരെ മുൻകരുതൽ സ്വീകരിക്കണമെന്ന് ഡിഎംഒ അറിയിച്ചു. കൃഷിപ്പണിയിൽ ഏർപ്പെടുന്നവർ, വെള്ളക്കെട്ടിൽ ജോലി ചെയ്യുന്നവർ, തൊഴിലുറപ്പ് പദ്ധതിയിൽ ഏർപ്പെടുന്നവർ, മൃഗപരിപാലകർ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണം.

ലെപ്‌റ്റോസ്‌പൈറ എന്ന ബാക്ടീരിയ മൂലമാണ് എലിപ്പനി രോഗമുണ്ടാകുന്നത്. കാർന്നുതിന്നുന്ന ജീവികളായ എലി, അണ്ണാൻ എന്നിവയും കന്നുകാലികളും രോഗാണുവാഹകരാണ്. ഈ ജീവികളുടെ മൂത്രമോ അതുകലർന്ന മണ്ണോ വെള്ളമോ വഴിയുള്ള സമ്പർക്കത്തിലൂടെയാണ് രോഗം പകരുന്നത്.

പനി, തലവേദന, പേശീവേദന, കണ്ണിന് ചുവപ്പ്, ഓക്കാനം തുടങ്ങിയവയാണ് എലിപ്പനിയുടെ പ്രാഥമിക ലക്ഷണങ്ങൾ. തുടർന്ന് രോഗം മൂർഛിച്ച് കരൾ, വൃക്ക, ശ്വാസകോശം, ഹൃദയം തുടങ്ങിയ ശരീരവ്യവസ്ഥകളെ ബാധിക്കും. ഇതെല്ലാം മരണകാരിയായി മാറാവുന്നതാണ്. സ്വയം ചികിത്സയ്ക്ക് വിധേയരാകരുത്.

ചികിത്സ എല്ലാ ആരോഗ്യകേന്ദ്രങ്ങളിലും ലഭ്യമാണ്. രോഗലക്ഷണങ്ങൾ കാണുകയാണെങ്കിൽ എത്രയും പെട്ടെന്ന് വൈദ്യസഹായം തേടണം.
ശുചീകരണ പ്രവൃത്തിയിൽ ഏർപ്പെടുന്നവർ മലിനജലവുമായി ബന്ധപ്പെട്ട് ജോലിയെടുക്കുമ്പോൾ കൈയുറ, കാലുറകൾ എന്നിവ ഉപയോഗിക്കണം. ശരീരത്തിൽ മുറിവുകൾ ഉണ്ടെങ്കിൽ മലിനീകരിക്കപ്പെട്ട വെള്ളമോ, മണ്ണുമായോ സമ്പർക്കം ഉണ്ടാകാതെ നോക്കണം.

ഇത്തരം പ്രവൃത്തികളിൽ ഇറങ്ങുന്നതിന് തലേദിവസം മുതൽ ആഴ്ചയിൽ ഒരു ദിവസം 200 മി. ഗ്രാം ഡോക്‌സിസൈക്ലിൻ ഗുളിക ആറാഴ്ച വരെ കഴിക്കേണ്ടതാണ്. എല്ലാ ആരോഗ്യകേന്ദ്രങ്ങളിൽനിന്നും ഗുളിക സൗജന്യമായി ലഭിക്കും.

ആഹാര സാധനങ്ങളും കുടിവെള്ളവും എലിമൂത്രം വഴി മലിനീകരിക്കപ്പെടാതെ മൂടിവയ‌്ക്കുക, ഭക്ഷണാവശിഷ്ടങ്ങൾ വലിച്ചെറിയാതെ ശരിയായ വിധം സംസ്‌ക്കരിക്കുക, വീടുകളിലും സ്ഥാപനങ്ങളിലും മറ്റും എലി ശല്യം ഇല്ലെന്ന് ഉറപ്പാക്കുക, വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക എന്നിവയും ശ്രദ്ധിക്കണം.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്