Categories
Latest

മഹാമാരിയെ നേരിടാൻ ജീവസ്സുറ്റ ശിൽപ്പങ്ങൾ ; സത്യൻ നീലിമയും സർക്കാരിന്റെ കരുതലിനോടൊപ്പം

നാദാപുരം : കോവിഡ് പ്രതിരോധത്തിന് സൗജന്യ വാക്സിനേഷൻ നടപ്പാക്കുന്ന സർക്കാരിന്റെ കരുതലിനോടൊപ്പം ചേരുകയാണ് ചിത്ര- ശില്പകലയിൽ ശ്രദ്ധേയനായ ഉമ്മത്തൂർ എസ്.ഐ. ഹയർസെക്കൻഡറി സ്കൂൾ അധ്യാപകൻ സത്യൻ നീലിമ.

മാസങ്ങളോളം മനസ്സും ശരീരവും സമർപ്പിച്ച് താൻ ജീവസ്സുറ്റതാക്കി മാറ്റിയ അപൂർവ ശിൽപ്പങ്ങൾ വിൽപ്പന നടത്തി ലഭിക്കുന്ന സംഖ്യ മുഴുവൻ മുഖ്യമന്ത്രിയുടെ വാക്സിൻ ചാലഞ്ച് ഫണ്ടിലേക്ക് നൽകാൻ തയ്യാറായിരിക്കയാണ് ഇദ്ദേഹം.

സത്യൻ കഴിഞ്ഞ ലോക് ഡൗൺ കാലത്താണ് കൂടുതൽ ശില്പങ്ങൾ നിർമിച്ച് തുടങ്ങിയത്. പക്ഷികളുടേയും മൃഗങ്ങളുടേയും പുരാണ കഥാപാത്രങ്ങളുടേയും മഹദ്‌ വ്യക്തികളുടേയുമൊക്കെ ശില്പങ്ങൾ ആരെയും ആകർഷിക്കത്തക്കതാണ്.

സിമന്റ്, മണൽ, സ്റ്റീൽ ബാർ എന്നിവകൊണ്ട് നിർമിച്ച ശില്പങ്ങൾക്ക് 5000 മുതൽ ഒരു ലക്ഷം രൂപവരെ വിലവരും.

വീടുകളിലും ഓഫീസുകളിലും വ്യാപാര സ്ഥാപനങ്ങളിലും സ്ഥാപിക്കാവുന്ന ഇവ വിറ്റ് കിട്ടുന്ന മുഴുവൻതുകയും മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് നൽകുമെന്ന് സത്യൻ നീലിമ പറഞ്ഞു.

ആവശ്യക്കാർക്ക് അവരുടെ താത്‌പര്യത്തിനനുസരിച്ച് പുതിയ ശിൽപ്പങ്ങൾ ഉണ്ടാക്കാൻ സത്യൻ തയ്യാറാണ്.

മാത്രമല്ല, വാങ്ങുന്നവർക്ക് ഉപഹാരമായി അവരുടെ ഛായാചിത്രം വരച്ച് നൽകുമെന്ന ഓഫറുമുണ്ട്.

മുമ്പ് ഗാന്ധിജിയുടെ ഓയിൽ പെയിന്റ് ചിത്രം വരച്ച് എല്ലാ സർക്കാർ ഓഫീസിലും നൽകുന്ന പദ്ധതിക്ക് രൂപം നൽകിയിരുന്നു.

പ്രമുഖ വ്യക്തിത്വങ്ങളുടെ ഛായാചിത്രങ്ങളും മാർബിൾ ചിത്രങ്ങളും വരച്ച് സത്യൻ വിസ്മയം തീർത്തിട്ടുണ്ട്.

ഈയിടെ രവീന്ദ്രനാഥ ടാഗോറിന്റ മനോഹരമായ ശില്പം നിർമിച്ച സത്യൻ അത് ഏതെങ്കിലും പ്രധാന ഓഫീസിൽ സ്ഥാപിക്കാൻ കാത്ത് നിൽക്കുകയാണ്.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

English summary: Living sculptures to combat the plague; Sathyan Neelima with the care of the government

NEWS ROUND UP