Categories
latest news

അച്ഛന്റെ വിജയം ;അച്ഛന് തലയുയര്‍ത്തി പറയാം കളക്ടര്‍ ആയില്ലേലും എന്‍റെ മകന്‍ ഡോക്ടര്‍ ആയെന്ന്-ജിതിന്‍ 

നാദാപുരം : ” മകനെ ഇങ്ങനെ വല്യ പഠിത്തത്തിനൊക്കെ വിടണോ?’ചന്ദ്രന്‍റെ മകന്‍ വല്യ പഠിത്തം പഠിക്കാന്‍ പോയി എന്ന് കേട്ടല്ലോ… അവന്‍ പഠിക്കാന്‍ പോയാല്‍ തെങ്ങുകയറുന്ന തൊഴിലൊക്കെ ഇനി ആര് ചെയ്യും? തെങ്ങുകയറ്റക്കാരന്‍ ചന്ദ്രന്റെ മകന്‍ പഠിക്കാന്‍ പോയപ്പോ സ്വന്തം നാട്ടുകാരുടെ സംശയങ്ങള്‍ ആണിത്…

ഡോക്ടറുടെ മക്കൾ ഡോക്ടറാവും ടീച്ചർമാരുടെ മക്കൾ ടീച്ചറാവും ഇത് നമ്മുടെ നാടിന്റെ സ്റ്റീരിയോടൈപ്പിക്ക് കാഴ്ചപ്പാടാണ്.

ഈ കാഴ്ചപ്പാടിന് നേരെ പേരിനു മുന്നിൽ ഡോക്ടർ പദവി കുറിച്ചിട്ടിരിക്കുകയാണ് നാദാപുരം മുള്ളമ്പത്ത് സ്വദേശി ജിതിൻ.

തെങ്ങുകയറ്റക്കാരൻ ചന്ദ്രന്റെ മകൻ പോണ്ടിച്ചേരി സർവകലാശാലയിൽ പിജി പഠനത്തിന് പോകുമ്പോഴും പിജി കഴിഞ്ഞ ശേഷം മദ്രാസ് ഐടിഐയിൽ ഗവേഷണത്തിന് ചേർന്നപ്പോഴും പലരുടെയും ചോദ്യം പരിഹാസം കലർന്നതായിരുന്നു.

ചന്ദ്രന് ഇനി അവരോടു തല ഉയര്‍ത്തി തന്നെ പറയാം കളക്ടര്‍ ആയില്ലേലും എന്‍റെ മകന്‍ ഡോക്ടര്‍ ആയെന്ന്.

വടകര മടപ്പള്ളി ഗവ. കോളജില്‍ സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദ പഠനം. ശേഷം പോണ്ടിച്ചേരിയില്‍ ബിരുദാനന്തര ബിരുദം. മദ്രാസ് ഐ.ഐ.ടിയില്‍ നിന്ന് ‘Foreign Direct Investment in Services: Issues and Implications for Emerging Economies’ എന്ന വിഷ‍യത്തിലാണ് ജിതിന്‍ ഗവേഷണം പൂര്‍ത്തിയാക്കിയത്.

ചെറുപ്പം മുതലെ ഡോക്ടറേറ്റ് നേടണമെന്ന് തീരുമാനിച്ചയാളല്ല താൻ… ഇതൊക്കെ ഒരു ഒഴുക്കിൽ വന്നുപെട്ടതാണെന്ന് ജിതിൻ ട്രൂ വിഷൻ ന്യൂസുമായി നടത്തിയ അഭിമുഖത്തിൽ വ്യക്തമാക്കി.

ജെ ആർ എഫ് കിട്ടിയതിനു ശേഷമാണ് പി എച്ച് ഡി ചെയ്യാനുള്ള ആഗ്രഹം തനിക്ക് വന്നത്.

സാധാരണക്കാരിൽ സാധാരണക്കാരായ ഒരാളുടെ വിജയം മറ്റുള്ളവർക്ക് എത്രത്തോളം പ്രയോജനപെടും അത് എത്രത്തോളം‌ പ്രചോദനമാകും അല്ലെങ്കിൽ അതിലൂടെ എത്ര ജിതിനുമാർ ഉയർന്നുവരും എന്നാണ് താൻ നോക്കി കാണുന്നതെന്നും തനിക്ക് ഇത് ഒരു സ്വീറ്റ് റിവഞ്ച് ആയിരുന്നുവെന്നും ജിതിന്‍ പറഞ്ഞു.

ആളുകളുടെ ഇത്തരം സംസാരങ്ങൾ തന്നെ ഇൻ ഡയറക്ടറായി മോട്ടിവേറ്റ് ചെയ്യുകയാണ് ചെയ്തതെന്ന് ജിതിൻ വ്യകതമാക്കി. അതുകൊണ്ട് തന്നെ തന്റെ ഈ വളർച്ചയിൽ ഇവരുടെ വാക്കുകളോടും നന്ദി പറയാൻ ആഗ്രഹിക്കുന്നുവെന്നും ജിതിന്‍ കൂട്ടിച്ചേര്‍ത്തു.

ചെറുപ്പം മുതലേ ഞാന്‍ കാണുന്നതാണ് അച്ഛന്റെ അധ്വാനം.അച്ഛന് നേരെ ഉയര്‍ന്ന ചോദ്യങ്ങളും കേട്ടതാണ്.എന്നെകൊണ്ട് ആവുന്നത് വരെയും അവനു തോന്നുന്ന വരെയും അവന്‍ പഠിക്കട്ടെ എന്ന്” എന്ന അച്ഛന്റെ ആ വാക്കുകളാണ് എന്നെ  മുന്ന്നോട്ടു നയിക്കാന്‍ പ്രേരിപ്പിച്ചത്.

ജിതിന്‍ ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പ് ഇങ്ങനെ…

ഇതെഴുതുന്നതിനു മുന്നേ തന്നെ പറയാം അന്നും ഇന്നും എന്നും കൂലിപ്പണിക്കാരനായ തെങ്ങുകയറ്റക്കാരന്‍റെ മകന്‍ ആണ് ഞാന്‍. Preethi Madambi ചേച്ചിയുടെ ഒരു എഴുത്ത് ശ്രദ്ധയില്‍ പെട്ടതാണ് ഇങ്ങനെ ഒന്നെഴുതാന്‍ എന്നെ പ്രേരിപ്പിച്ചത്. അതിനുള്ള കാരണം എന്നത് അവര് പറഞ്ഞ എല്ലാ കാര്യങ്ങളും എന്‍റെ ജീവിതത്തിലും സംഭവിച്ചതാണ്. അതിലുപരി ഞങ്ങളുടെ രണ്ടാളുടെയും Supporting Pillar ഒരാളായാണ് കൊണ്ടുമാണ് -അതായത് അച്ഛന്‍.

എന്‍റെ വിദ്യാഭ്യാസം എന്നത് ഒരു ഒഴുക്കില്‍ സംഭവിച്ച കാര്യമാണ്. ഇതുവരെ നടന്നതൊന്നും മുന്‍കൂട്ടി തീരുമാനിച്ചു നടപ്പിലാക്കിയതൊന്നുമല്ല. എല്ലാം ഒരു ഒഴുക്കില്‍ ഒഴുകി എത്തിയതാണ്. എന്തിനേറെ പറയുന്നു ഈ ഡോക്ടറേറ്റ് പോലും ആ ഒഴുക്കിന്‍റെ ഭാഗം ആണ്.

ചെറുപ്പം മുതലേ ഞാന്‍ കാണുന്നതാണ് അച്ഛന്റെ അധ്വാനം. ഞാന്‍ പോണ്ടിച്ചേരിയില്‍ എന്റെ പിജി വിദ്യാഭ്യാസം ആരംഭിച്ചപ്പോള്‍ നാട്ടിലെ ചില പ്രമാണിമാര്‍ അച്ഛനോട് ചോദിക്കുകയുണ്ടായി ” മകനെ ഇങ്ങനെ വല്യ പഠിത്തത്തിനൊക്കെ വിടണോ? ഇതൊക്കെ നിന്നെക്കൊണ്ടു കൂട്ടിയാല്‍ കൂടുമോ? എന്നാല്‍ അന്ന് അച്ഛന്‍ തിരിച്ചു പറഞ്ഞ ആ മറുപടി “എന്നെകൊണ്ട് ആവുന്നത് വരെയും അവനു തോന്നുന്ന വരെയും അവന്‍ പഠിക്കട്ടെ എന്ന്” അതാണ് എന്നെ മുന്ന്നോട്ടു നയിക്കാന്‍ പ്രേരിപ്പിച്ചത്.

പിന്നെ കേട്ട ഒന്നാണ് ഇതെന്താ ചന്ദ്രാ ഇന്‍ജെ ചെക്കന്‍ വല്യ പഠിത്തം പഠിക്കാന്‍ പോയി എന്ന് കേട്ടല്ലോ… അവന്‍ പഠിക്കാന്‍ പോയാല്‍ ഇന്‍ജെ ശേഷം ഇന്‍ജെ തൊഴിലൊക്കെ ഇനി ആര് ചെയ്യും. ഇപ്പൊ ആകുമ്ബോള്‍ തെങ്ങു കയറാന്‍ നല്ല കാശും ഉണ്ടല്ലോ. മോനോട് ഇത് തന്നെ നോക്കാന്‍ പറഞ്ഞൂടാരുന്നോ… വെറുതെ നീ എന്തിനാ അവനെ പുറത്തൊക്കെ വിട്ടു പഠിപ്പിക്കുന്നെ. അവന്‍ പഠിച്ചു വല്യ കലക്ടര്‍ ആകും എന്ന് തോന്നുന്നുണ്ടോ? എന്ന് പറഞ്ഞു അവരുടെ ജാതിതൊണ്ടയില്‍ നിന്നുള്ള നെടുവീര്‍പ്പുകള്‍… ഇവന്മാര് കാലം മാറിയതൊന്നും അറിഞ്ഞിട്ടില്ല. ഇപ്പോഴും ജാതിപ്പേരുമായും കുലത്തൊഴിലും പറഞ്ഞു നടക്കുവാ.. കള്ള് ചെത്തുകാരന്‍റെ മോന്‍ മുഖ്യമന്ത്രി ആയതും കേരളം ഭരിക്കുന്നതും ഒന്നും ഇവര് അറിഞ്ഞിട്ടില്ല. നമ്മള്‍ പഠിക്കുകേം ഭരിക്കുകയും ചെയ്യും. എന്നിട്ടു ഉറക്കെ വിളിച്ചു പറയുകേം ചെയ്യും, ഞങ്ങള്‍ കള്ള് ചെത്തുകാരന്‍റെയും തെങ്ങുകയറ്റക്കാരന്‍റെയും അല്ലേല്‍ കൂലിപ്പണിക്കാരന്‍റെയും മക്കള്‍ ആണെന്ന്.

ഇനി എന്‍റെ അച്ഛന് അവരോടു തല ഉയര്‍ത്തി തന്നെ പറയാം കളക്ടര്‍ ആയില്ലേലും എന്‍റെ മകന്‍ ഡോക്ടര്‍ ആയെന്നു…
എന്നാല്‍ ഒരു സ്വീറ്റ് റെവെന്‍ജ് എന്നതിലുപരി എനിക്കിത് അടിയാള വര്‍ഗ്ഗക്കാരുടെയും, അധ:സ്ഥിത വിഭാഗക്കാരുടെയും നേട്ടമായാണ് അടയാളപ്പെടുത്താന്‍ കഴിയുന്നത്. അതിലൂടെ ഒരുപാടു ജിതിനെ സൃഷ്ടിക്കാന്‍ പ്രാപ്തിയുള്ള ഒരു പ്രചോദനമായി നോക്കിക്കാണാനാണ് എനിക്കിഷ്ടം. ഇത് ഞങ്ങളുടെ കൂടെ ഇടമാണ്. ഇനിയുള്ള കാലങ്ങള്‍ ഞങ്ങളുടെയും നിങ്ങളുടെയും പുരോഗമനമായാണ് വീക്ഷിക്കേണ്ടത്.

നമ്മള്‍ കൂടി ആണ് ഇനി കാലത്തിന്‍റെ ഗതി നിര്‍ണയിക്കാന്‍ പോകുന്നത്. ഇന്നലത്തെ ഉന്നതരെ അവരുടെ സുപ്പീരിയര്‍ അഭിമാന ബോധത്തില്‍ നിന്നും മാത്രമല്ല അവര്‍ക്കതു നല്‍കിയ ഘടനയില്‍ നിന്നും കൂടി ആണ് നമ്മള്‍ ചവിട്ടി പുറത്താക്കേണ്ടത്. അതുകൊണ്ടു തന്നെ നമ്മള്‍ ഒരിക്കലും ഭൂതകാലത്തിന്‍റെ സങ്കടമല്ല മറിച്ച്‌ ഭാവിയുടെ നിര്‍മാതാക്കളാണ്…

അച്ഛൻ അമ്മ അനിയത്തി ഇതാണ് ജിതിന്റെ കുടുംബം.ഇവരാണ് ജിതിന്റെ വിജയത്തിന് പിന്നിലും .

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

English summary: My father's success; My father can raise his head and say that my son is a doctor even though he is not a collector - Jitin

NEWS ROUND UP