ചരിത്രമുറങ്ങുന്ന നാദാപുരം പള്ളിയിലൂടെ

By | Wednesday June 21st, 2017

SHARE NEWS

നാദാപുരം പള്ളിയിലെ ബാങ്ക് വിളി കേട്ട് നോമ്പുതുറക്കാന്‍ പള്ളിക്ക് പുറത്തുള്ള ആരും ശ്രമിക്കാറില്ല. ഇവിടെ ബാങ്ക് വിളിക്കാന്‍ ഉച്ചഭാഷിണികള്‍ ഉപയോഗിക്കാറില്ല എന്നത് തന്നെയാണ് കാരണം. ഉച്ചഭാഷിണികള്‍ ഉപയോഗിക്കുന്നതിനു വിലക്കുള്ള ചുരുക്കം പള്ളികളിലൊന്നാണ് ഈ പള്ളി. സൂര്യന്റെ ചലനം  നോക്കി  നമസ്കാരസമയം മനസ്സിലാക്കാന്‍ സഹായിക്കുന്ന ഇസ്തിവാ കുറ്റികളായിരുന്നു ആദ്യകാലം തൊട്ടേ ഇവിടെ ഉപയോഗിച്ചിരുന്നത്. ഇപ്പോഴും പള്ളിപ്പരിസരത്ത് ഇത്തരം ഇസ്തിവാ കുറ്റികള്‍ കാണാം.

പള്ളിയില്‍ എത്ത്തിചെരുന്നവര്‍ക്ക് മുതിര്‍ന്ന തലമുറയിലെ ഒട്ടേറെ പേര്‍ ഇപ്പോഴും നാദാപുരത്തെ റമദാന്‍ ഓര്‍മകളുമായി കഴിയുന്നത് കാണാം. മേനക്കോത്ത് വലിയ അഹമ്മദ് മുസ്ലിയാരുടെ പിന്‍ഗാമിയായി 1984 മുതല്‍ ഈ പള്ളിയില്‍ ഖാദിയായി പ്രവര്‍ത്തിക്കുന്നത് മേനക്കോത്ത് പി. അഹമ്മദ് മൗലവിയാണ്. ഇദ്ദേഹം 1969 മുതലേ സഹായിയായി പള്ളിയില്‍ നമസ്കാരവും ഖുതുബയും നിര്‍വഹിച്ചിരുന്നു.

റമദാന്‍ വ്രത സമയങ്ങളിലാണ് പള്ളി സജീവമാകുന്നത്. നോമ്പിനെ വരവേല്‍ക്കാന്‍ എല്ലാ പള്ളിയില്‍ എല്ലാ ഒരുക്കങ്ങളുമായി നോമ്പിനെ വരവേല്‍ക്കും. അക്കാലത്ത് അകംപള്ളിയില്‍ പണ്ഡിതന്മാരും കാരണവരും പുറംപള്ളിയില്‍ ചെറുപ്പക്കാരും കുട്ടികളും ആണ് ഉണ്ടാവുക. കാരണവന്മാര്‍ രാവിലെ പള്ളിയിലത്തിയാല്‍ അസര്‍ നമസ്കാരം കഴിഞ്ഞേ പള്ളിയില്‍നിന്നിറങ്ങൂ. അതുവരെ ഖുര്‍ആന്‍ ഓതലും ഉറുദി കേള്‍ക്കലുമായി കഴിയും. ഉറുദി രണ്ടുനേരമുണ്ടാകും. ളുഹര്‍ നമസ്കാരാനന്തരം സ്വദേശ വാസികളായ പണ്ഡിതന്മാരാണ് ഉറുദി പറയുക. അസറിന് ശേഷം പള്ളിപ്പൂമുഖത്ത് വെച്ച് നടക്കുന്ന ഉറുദി കുട്ടികള്‍ക്കുള്ളതാണെന്നാണ് പറയുക. രണ്ട് ഉറുദിക്കും പണപ്പിരിവുണ്ടായിരിക്കും. നോമ്പ് തുറക്കാനത്തെുന്നവര്‍ക്ക് പണ്ടുമുതലേ പള്ളി അധികൃതര്‍ നാദാപുരത്ത് സംവിധാനങ്ങള്‍ ഒരുക്കാറുണ്ടായിരുന്നു. യാത്രക്കാരെ വീട്ടില്‍ കൊണ്ടുപോയും നോമ്പ് തുറപ്പിച്ചിരുന്നു. അത്താഴത്തിന് ആളുകളെ ഉണര്‍ത്താന്‍ ബാന്‍ഡ് സംഘം ഊരുചുറ്റുന്നതും,  നോമ്പ് തുറക്കാനുള്ള  കുഞ്ഞിപ്പള്ളിയിലെ കതിന വെടിയും തറാവീഹ് കഴിഞ്ഞെത്തുന്ന നേരത്ത് വീടുകളില്‍ മുത്താഴം മുട്ടിനെത്തുന്ന ചെണ്ടയും ചീനിയും എല്ലാം തന്നെ ആദ്യകാലങ്ങളില്‍ സ്ഥിര കാഴ്ച്ചയായിരുന്നു.

നിരവധി പ്രത്യേകതകളാണ് മലബാറിലെ പ്രധാന ആരാധനാലയങ്ങളിലൊന്നായ നാദാപുരം ജുമാമസ്ജിദിന് ഉള്ളത്. മൂന്നുനിലകളിലായി വിശാലമായ അകത്തളങ്ങളുള്ള ഈ പള്ളിയില്‍  ഒരേസമയം 3000ത്തിലധികം പേര്‍ക്ക് പ്രാര്തിക്കുവാനുള്ള സൗകര്യമുണ്ട്. 150ലധികം വര്‍ഷം പഴക്കമുള്ള ഈ പള്ളിയുടെ മറ്റൊരു വിസ്മയകരമായ കാഴ്ചയാണ് ഒരു മീറ്ററിലധികം ചുറ്റളവും അഞ്ചു മീറ്ററിലധികം ഉയരവുമുള്ള കൂറ്റന്‍ കരിങ്കല്‍ തൂണുകള്‍. സമ്മിശ്രമായ രീതിയില്‍ കേരളീയ കരവിരുതും പേര്‍ഷ്യന്‍ നിര്‍മാണരീതിയും ഉപയോഗിച്ചുകൊണ്ടുള്ള  ശില്‍പഭംഗിയാണ് പള്ളിയുടെ അകത്തളങ്ങളിലാകെ. മറ്റിടങ്ങളിലെല്ലാം മനോഹരമായ അറബി ലിബികളിലുള്ള ഖുര്‍ആന്‍ ആലേഖനങ്ങള്‍. തച്ചുശാസ്ത്ര വിദ്യയില്‍ അഗാധ പാണ്ഡിത്യമുള്ള കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂര്‍ സ്വദേശിയായ മൗലാനാ യാക്കൂബ് മുസ്ലിയാരുടെ മേല്‍നോട്ടത്തിലാണ് പള്ളിയുടെയും ഒന്നിച്ചുള്ള വിശാലമായ കുളത്തിന്‍െറയും നിര്‍മാണ പ്രവൃത്തി പൂര്‍ത്തിയാക്കിയത്.  പള്ളിയുടെ മറ്റൊരു ആകര്ഷണീയതയായി കാണാവുന്നത് ആധുനിക നിര്‍മാണ പ്രവൃത്തികളെ പിന്നിലാക്കുന്ന കൊത്തുപണികളോടെയുള്ള മിമ്പറാണ് (പ്രസംഗപീഠം).

മതപ്രബോധന രംഗത്തെ സൂഫികളുടെയും പണ്ഡിതന്മാരുടെയും ഖബറിടങ്ങള്‍ പള്ളിക്കകത്ത് സംരക്ഷിക്കപ്പെട്ടിട്ടുന്ടെങ്കിലും ഇവിടെ ആണ്ടുനേര്‍ച്ചയോ, ജാറംമൂടലോ നടക്കുന്നില്ലെന്നതും നാദാപുരം പള്ളിയുടെ പ്രത്യേകതയാണ്.   വടക്കന്‍ പാട്ടുകളിലൂടെയും മലയാള സിനിമാ മേഖലയിലൂടെയും ഏറെ പ്രശസ്തമാണ് ഈ പള്ളി.

ഇപ്പോഴും നാദാപുരം പള്ളിയിലെത്തിയാണ് റമദാന്‍ മാസപ്പിറവിയും ശവ്വാല്‍ മാസപ്പിറവിയും പ്രദേശത്തെ മറ്റു മഹല്ലുകള്‍ ഉറപ്പിക്കുന്നത്. വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ ഇത്രയേറെ പുരോഗമിച്ച ഈ കാലഘട്ടത്തിലും ഇതിന് മാറ്റമുണ്ടായിട്ടില്ല. നാദാപുരത്തുനിന്ന് ഖാദിയുടെ നേതൃത്വത്തില്‍ കോഴിക്കോട് കുറ്റിച്ചിറയിലത്തെി വലിയ ഖാദിയെ കണ്ടാണ് പിറ ഉറപ്പിക്കല്‍ ചടങ്ങ് നടക്കുന്നത്.

Tags: , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read