നാദാപുരം : വാണിമേൽ പുഴയിൽ മാലിന്യംതള്ളിയ സംഭവത്തിൽ കടയുടമയ്ക്ക് വാണിമേൽ ഗ്രാമപ്പഞ്ചായത്ത് 25,000 രൂപ പിഴയിട്ടു.
നാദാപുരം ഫാലാഫെൽ ഫൈ പാലസ് എന്ന സ്ഥാപനത്തിനാണ് പിഴചുമത്തിയത്.
വാണിമേൽ പുഴയിൽ കഴിഞ്ഞദിവസമാണ് മാലിന്യംതള്ളിയത്.
ഹോട്ടൽ, കൂൾബാർ മാലിന്യങ്ങളായിരുന്നു തള്ളിയവയിൽ ഏറിയപങ്കും. മാലിന്യം തള്ളിവരുടെ പേരിൽ നടപടി ആവശ്യപ്പെട്ട് പുഴസംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ശക്തമായി രംഗത്തിറങ്ങിയിരുന്നു.
ജനകീയ സമിതിയാണ് മാലിന്യം പരിശോധിച്ച് തള്ളിയ സംഘത്തെ കണ്ടെത്തിയത്. തുടർന്ന് നടപടി ആവശ്യപ്പെട്ട് ഗ്രാമപ്പഞ്ചായത്തിനെ സമീപിക്കുകയായിരുന്നു.
മാലിന്യംതള്ളിയ സംഭവത്തിൽ ശക്തമായ നടപടിയുണ്ടാകുമെന്ന് സ്ഥലം സന്ദർശിച്ച ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി. സുരയ്യ നാട്ടുകാർക്ക് ഉറപ്പ് നൽകിയിരുന്നു.
പുഴയിൽ മാലിന്യംതള്ളുന്ന സംഘത്തെ കണ്ടെത്താൻ പ്രത്യേക ജാഗ്രതാ സമിതികൾ രൂപവത്കരിച്ച് പ്രവർത്തനംനടത്താനാണ് നാട്ടുകാരുടെ തീരുമാനം.