Categories
ക്യാമ്പസ്

സ്വപ്നതുല്യമായ നേട്ടങ്ങള്‍ തുടര്‍ക്കഥയാക്കിയ നികിത ഹരി

കേംബ്രിജിന്റെ ഉന്നതികള്‍

d
എണ്ണൂറ് വര്‍ഷത്തെ ചരിത്രമുണ്ട് ബ്രിട്ടണിലെ വിഖ്യാതമായ കേംബ്രിജ് സര്‍വ്വകലാശാലയ്ക്ക്. പക്ഷേ, ഇന്ത്യയില്‍നിന്ന് കേംബ്രിജിലെത്തി ബിരുദം കരസ്ഥമാക്കിയവര്‍ ഇപ്പോഴും ആയിരത്തില്‍ താഴെ മാത്രം. അതും മഹാത്മാഗാന്ധിയേയും പണ്ഡിറ്റ് ജവാഹര്‍ലാല്‍ നെഹ്രുവിനെയും പോലുള്ള പ്രതിഭകള്‍. ചരിത്രഗതിയില്‍ വഴിത്തിരിവുകള്‍ക്ക് കാരണക്കാരായ കേംബ്രിജിന്റെ വിദ്യാര്‍ഥിനിരയില്‍ അധികം വൈകാതെ കോഴിക്കോട് വടകരക്കാരി നികിത ഹരിയുടെയും പേര് ചേര്‍ക്കപ്പെടും. വടകര പഴങ്കാവെന്ന ഉള്‍നാടന്‍ ഗ്രാമത്തില്‍നിന്നും അറിവിന്റെ ഉയരങ്ങളിലേക്കുള്ള നികിതയുടെ യാത്രാവിശേഷങ്ങള്‍…

മുന്‍മാതൃകകള്‍ ഒന്നുപോലുമില്ലാതെ ഗവേഷണത്തിന് ഇറങ്ങിത്തിരിക്കുമ്പോള്‍ മുന്നില്‍ പ്രതിബന്ധങ്ങളേറെയുണ്ടായിരുന്നു. ഇടത്തരം കുടുംബാംഗമാണ് താനെന്ന ആമുഖത്തോടെ നികിത പറഞ്ഞുതുടങ്ങി. സ്‌കൂള്‍കാലം മുതല്‍ക്കുതന്നെപഠനത്തിലും പാഠ്യേതര പ്രവര്‍ത്തനങ്ങളിലും മികവ് കാണിച്ചിരുന്നതിനാല്‍ കൂടുതല്‍ പഠിക്കണമെന്ന് തന്നെയായിരുന്നു അച്ഛന്‍ വടകര ഇന്റക്ക് ഇന്‍ഡസ്ട്രീസ് ഉടമ ഹരിദാസനും അമ്മ ഗീതയും പറഞ്ഞിരുന്നത്. എന്നാല്‍, ഉപരിപഠനത്തിനായി കൃത്യമായ മാര്‍ഗനിര്‍ദേശം നല്‍കാന്‍ അവര്‍ക്ക് സാധിച്ചില്ല. ചെന്നൈ എസ്.ആര്‍.എം. യൂണിവേഴ്‌സിറ്റിയിലെ പഠനത്തിനുശേഷം ഗവേഷണസംബന്ധിയായ അന്വേഷണങ്ങള്‍ക്കായി മൂന്ന് മാസത്തോളം ഡല്‍ഹി ഐ.ഐ.ടി.യില്‍ ചെലവിട്ടു. ഈ കാലയളവില്‍ ചില സുഹൃത്തുക്കളാണ് വിദേശ പഠനത്തെക്കുറിച്ച് സൂചിപ്പിച്ചത്.

ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷനിലാണ് നികിത ബിരുദം കരസ്ഥമാക്കിയത്. പാരമ്പര്യേതര ഊര്‍ജ സ്രോതസ്സുകളെ ( പ്രത്യേകിച്ചും കാറ്റില്‍ നിന്നുമുള്ള വൈദ്യുതി) വൈദ്യുത ഗ്രിഡുമായി ബന്ധിപ്പിക്കുമ്പോഴുള്ള പ്രസരണനഷ്ടം കുറയ്ക്കുന്നതിന് വേണ്ടിയുള്ള ഉപകരണങ്ങള്‍ വികസിപ്പിച്ചെടുക്കുക എന്നതാണ് നികിതയുടെ ഗവേഷണ വിഷയം. അതുകൊണ്ടുതന്നെ ഇലക്‌ട്രോണിക്‌സ് വിഭാഗം നന്നായി പ്രവര്‍ത്തിക്കുന്ന യൂണിവേഴ്‌സിറ്റികളിലാണ് ആദ്യമേ ശ്രദ്ധ പതിപ്പിച്ചത്. വിദേശസര്‍വകലാശാലകളില്‍ അപേക്ഷിക്കുമ്പോള്‍ ഇന്റര്‍നെറ്റായിരുന്നു ആദ്യാവസാനം സഹായി. ഇന്റര്‍നെറ്റിലൂടെ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ റാങ്കിങ് നോക്കുകയാണ് ആദ്യം ചെയ്തത്. ക്യു.എസ്. റാങ്ക് ലിസ്റ്റാണ് ആധികാരികം. ആദ്യം മികച്ച 10 സര്‍വകലാശാലകളുടെ പട്ടികയെടുത്തു. ഇതില്‍ മുന്‍നിരക്കാര്‍ കേംബ്രിജ്, ഹാര്‍വാഡ്. എം.ഐ.ടി. എന്നിങ്ങനെയായിരുന്നു. ആദ്യത്തെ അഞ്ച് സര്‍വകലാശാലകളില്‍ അപേക്ഷിച്ചു. ഒപ്പം ആദ്യ പത്തിനുശേഷമുള്ള യൂണിവേഴ്‌സിറ്റികളുടെ പട്ടികയെടുത്ത് താത്പര്യം തോന്നിയവയിലേക്കും അപേക്ഷിച്ചു.

പ്രതിസന്ധിയുടെ വകഭേദങ്ങള്‍

മുന്‍നിര സര്‍വകലാശാലകളുടെ അപേക്ഷകള്‍ പൂരിപ്പിക്കുമ്പോഴും ഒരുപാട് കാര്യങ്ങള്‍ ശ്രദ്ധിക്കാനുണ്ട്. നമ്മുടെ വ്യക്തിത്വത്തെയും വിഷയത്തിലെ അറിവിനെയും അളക്കുന്നതായിരിക്കും അപേക്ഷ. കേംബ്രിജില്‍ വര്‍ഷം അരലക്ഷം പേര്‍ ഗവേഷണത്തിന് വേണ്ടിമാത്രം അപേക്ഷിക്കുന്നുണ്ട്. ലഭിക്കുന്ന മുഴുവന്‍ അപേക്ഷകളും പരിശോധിച്ച് ഇരുപതില്‍ താഴെ ആളുകളെ മാത്രമേ അവര്‍ അഭിമുഖ പരീക്ഷയ്ക്കുപോലും വിളിക്കുന്നുള്ളൂ. ഗവേഷണവിഷയത്തിലെ അറിവും നേട്ടങ്ങളും വ്യക്തമായി വെളിപ്പെടുത്താന്‍ സാധിക്കണം. എല്ലാം അറിഞ്ഞാലും അത് മറ്റുള്ളവര്‍ക്ക് പറഞ്ഞ് മനസ്സിലാക്കിക്കൊടുക്കാന്‍ സാധിക്കാത്തതാണ് മിക്കപ്പോഴും ഇന്ത്യക്കാരുടെ പ്രശ്‌നം. ഇത് അപേക്ഷയില്‍ കടന്നുവരരുത്. സമയമെടുത്ത് മാത്രമേ അപേക്ഷ പൂരിപ്പിക്കേണ്ടതുള്ളൂ – നികിത പറഞ്ഞു. ഒരു മാസത്തോളം സമയമെടുത്താണ് നികിത അപേക്ഷകള്‍ പൂരിപ്പിച്ചത്. പിന്നെ അഭിമുഖ പരീക്ഷകളുടെ വിവിധ ഘട്ടങ്ങള്‍. എല്ലാം ഇന്റര്‍നെറ്റ് മുഖേനയാണ് നടന്നത്.

കേംബ്രിജ് ഉള്‍പ്പടെ അഞ്ചോളം മുന്‍നിര യൂണിവേഴ്‌സിറ്റികളില്‍ പ്രവേശനം ഉറപ്പായി. സര്‍വകലാശാലകളുടെ പാരമ്പര്യം, വകുപ്പിലെ അക്കാദമിക് പ്രവര്‍ത്തനങ്ങള്‍, ഗവേഷണത്തിന് മാര്‍ഗനിര്‍ദേശം നല്‍കേണ്ട ഗൈഡ് തുടങ്ങിയ കാര്യങ്ങള്‍ എല്ലാം പരിഗണിച്ചാണ് കേംബ്രിജ് ഉറപ്പിച്ചത്. ഊര്‍ജവകുപ്പ് തലവന് കീഴില്‍ത്തന്നെ ഗവേഷണം നടത്താനുള്ള അവസരമാണ് കൈവന്നത്. ഇതോടെ കേംബ്രിജ് ഉറപ്പിക്കാമെന്നായി. പിന്നെ പ്രശ്‌നം സ്‌കോളര്‍ഷിപ്പായിരുന്നു. വര്‍ഷം ഒരുകോടി രൂപയോളമാണ് കേംബ്രിജിലെ ഫീസ്. ഇത്രയും തുക എന്തായാലും സാധ്യമാകില്ല. പിന്നെ സ്‌കോളര്‍ഷിപ്പുകള്‍ക്കായി അന്വേഷണം. ഒന്നാംവര്‍ഷ വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് അനുവദിക്കുന്ന പതിവ് മിക്ക സര്‍വകലാശാലകള്‍ക്കും ഇല്ല. ഇന്ത്യയില്‍നിന്നുതന്നെ സ്‌കോളര്‍ഷിപ്പ് ലഭിക്കുമോ എന്നായി അന്വേഷണം.

നമ്മുടെ ഉന്നതവിദ്യാഭ്യാസരംഗം എത്ര പിന്നിലാണെന്ന് മനസ്സിലാക്കിയത് അപ്പോഴാണ്. സ്‌കോളര്‍ഷിപ്പിനായി സാധ്യതകളൊന്നുമില്ല.

മുംബൈയിലും ആന്ധ്രയിലുമെല്ലാം കേംബ്രിജ് ബിരുദധാരികളുടെ കൂട്ടായ്മ വിദ്യാര്‍ഥികള്‍ക്കായി സ്‌കോളര്‍ഷിപ്പ് നല്‍കുന്നുണ്ട്. കേരളത്തില്‍ അത്തരമൊരു കൂട്ടായ്മപോലും ഉണ്ടെന്നുതോന്നുന്നില്ല. സാമ്പത്തികസഹായത്തിനായി പരിശ്രമിച്ച നാളുകളില്‍ രാജ്യത്തെ പ്രമുഖ വ്യക്തികളും സ്ഥാപനങ്ങളും ഉള്‍പ്പടെ 150-ഓളം പേരെ മെയില്‍ മുഖേന ബന്ധപ്പെട്ടു. സഹായഹസ്തം എവിടെനിന്നും ലഭിച്ചില്ല. നാട്ടിന്‍പുറത്തുകാരിയാണ്, പെണ്‍കുട്ടിയാണ് അതിനാല്‍ എപ്പോള്‍വേണമെങ്കിലും ഗവേഷണം നിര്‍ത്തി ജോലിയിലേക്കോ, വിവാഹത്തിലേക്കോ തിരിയാം,സ്‌കോളര്‍ഷിപ്പ് സഹായം നല്‍കുന്നത് അബദ്ധമാകും എന്നധാരണയായിരുന്നു മിക്കവര്‍ക്കും. ഒടുവില്‍ കേംബ്രിജിലെ പേഴ്‌സണല്‍ ട്യൂട്ടര്‍ മുഖേന യൂണിവേഴ്‌സിറ്റിയില്‍നിന്നുതന്നെ സ്‌കോളര്‍ഷിപ്പ് ലഭിക്കാനുള്ള ശ്രമങ്ങളാണ് വിജയിച്ചത്. 50 ലക്ഷം രൂപയുടെ കേംബ്രിജ് സ്‌കോളര്‍ഷിപ്പോടുകൂടിയാണ് നികിതയിപ്പോള്‍ ഗവേഷണത്തിന് തയ്യാറെടുക്കുന്നത്. ബാക്കി തുകയ്ക്ക് സ്‌കോളര്‍ഷിപ്പിനായി ശ്രമം നടന്നുവരികയാണ്.
മുന്നൊരുക്കം അനിവാര്യം
വിദേശ സര്‍വകലാശാലകളിലെ പഠനത്തിന് ആരെങ്കിലും ആഗ്രഹിക്കുന്നുണ്ടെങ്കില്‍ നല്ലരീതിയില്‍ മുന്നൊരുക്കം നടത്തണം. പ്രത്യേകിച്ചും സ്‌കോളര്‍ഷിപ്പിനുവേണ്ടി ആദ്യം മുതലേ പരിശ്രമിക്കണം – നികിത പറയുന്നു. കോഴിക്കോട് എന്‍.ഐ.ടി.യിലെ അധ്യാപക ജോലി രാജിവെച്ച് ഒരുവര്‍ഷം നടത്തിയ പരിശ്രമങ്ങളാണ് നികിതയ്ക്ക് ഈ നേട്ടം കൊണ്ടുവന്നത്.

”എല്ലാവരെയുംപോലെ ഐ.ഐ.ടി.കളില്‍ പ്രവേശനം നേടാനായിരുന്നു ഞാനും ശ്രമിച്ചത്. പക്ഷേ, നാട്ടിന്‍പുറത്തുകാരിയായ ഒരു പെണ്‍കുട്ടിയുടെ ഗവേഷണതാത്പര്യങ്ങളോട് നമ്മുടെ സമൂഹം എത്രത്തോളം മുഖംതിരിക്കുമെന്ന് അനുഭവങ്ങളിലൂടെ മനസ്സിലായി. ആ ഘട്ടത്തില്‍ സുഹൃത്തുക്കളും സഹോദരന്‍ അര്‍ജുനും നല്‍കിയ പിന്തുണയാണ് ഇപ്പോള്‍ കേംബ്രിജില്‍ എത്തിച്ചത്”- നികിത പറയുന്നു. ഡോ. എ.പി.ജെ. അബ്ദുല്‍ കലാമിന്റെ വാക്കുകള്‍ കടമെടുത്താല്‍ വലിയ സ്വപ്നങ്ങള്‍ കാണുക, അത് യാഥാര്‍ഥ്യമാക്കാന്‍ പരിശ്രമിക്കുക. തന്റെയും കാഴ്ചപ്പാട് അതാണെന്ന് നികിത പറയും.

ലോകമറിയുന്ന ശാസ്ത്രജ്ഞയാകണമെന്നാണ് നികിതയുടെ ആഗ്രഹം. പക്ഷേ, ഉറപ്പായും രാജ്യത്തെ ഉന്നതവിദ്യാഭ്യാസ രംഗത്തെ പെണ്‍കുട്ടികളുടെ പിന്നാക്കാവസ്ഥ മാറ്റിയെടുക്കുന്നതിനുവേണ്ടി പ്രവര്‍ത്തിക്കാന്‍ താനുണ്ടാകുമെന്ന് വടകരയിലെ വീട്ടിലിരുന്ന് നികിത ഉറപ്പ് നല്‍കുന്നു.
50 ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പ്
* കേംബ്രിജ് സര്‍വകലാശാലയില്‍ 50ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പുമായി ഗവേഷണത്തിനൊരുങ്ങുകയാണ് നികിത ഹരി.
കുസാറ്റില്‍നിന്ന് ബി.ടെകും സ്വര്‍ണമെഡലോടെ എസ്.ആര്‍.എം. യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എം.ടെകും കരസ്ഥമാക്കി. ക”’ വിദ്യാര്‍ഥി പ്രതിനിധി. കോഴിക്കോട് എന്‍.ഐ.ടി.യില്‍ 2011-2012 ല്‍ അധ്യാപികയായി പ്രവര്‍ത്തിച്ചു. പാരമ്പര്യേതര ഊര്‍ജസ്രോതസ്സുകളുടെ ഉപഭോഗ സാധ്യതകളെ മുന്‍നിര്‍ത്തിയാണ് ഗവേഷണം. വിഷയത്തില്‍ ഇതിനകം നാല് പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ച് കഴിഞ്ഞു. നൃത്തം, പ്രസംഗം, ചിത്രരചന എന്നിവയിലും താത്പര്യം. നികിതയുടെ ഇമെയില്‍: [email protected]

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

NEWS ROUND UP