നാദാപുരം : ഗ്രാമപ്പഞ്ചായത്തിലെ 2020 പൊതു തെരഞ്ഞെടുപ്പിൽ മൽസരിക്കുന്ന സ്ഥാനാർത്ഥികളുടെ സംഗമം നാദാപുരം ഗ്രാമപ്പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്നു.
ജാഗ്രതയ്ക്ക് ഒരു വോട്ട് എന്ന സന്ദേശത്തോടെ നടന്ന പരിപാടി നാദാപുരം സബ് ഇൻസ്പെക്ടർ സുനിൽ കുമാർ പി എം ഉൽഘാടനം ചെയ്തു.
ഹരിതചട്ടപ്രകാരം തെരഞ്ഞെടുപ്പ് നടത്തുന്നതിനായി സ്ഥാനാർത്ഥികൾക്ക് അസി. റിട്ടേണിംഗ് ഓഫീസർ കൂടിയായ സെക്രട്ടറി എം.പി രജുലാൽ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
നാദാപുരം പഞ്ചായത്ത് പരിധിയിൽ തെരഞ്ഞടുപ്പ് പ്രചരണത്തിന് പ്ലാസ്റ്റിക്ക് അടങ്ങിയ ബാനറുകൾ, ബോർഡുകൾ, ഡിസ്പോസിബിൾ ഉൽപ്പന്നങ്ങൾ,പ്ലാസ്റ്റിക് കൊടിതോരണങ്ങൾ മുതലായവ ഉപയോഗിക്കില്ല എന്നും ജൈവ ഉൽപ്പന്നങ്ങൾ മാത്രം ഉപയോഗിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ച നിബന്ധനകൾക്ക് വിധേയമായി മാത്രം പ്രവർത്തിക്കും എന്ന് സ്ഥാനാർത്ഥികൾ സത്യപ്രതിജ്ഞ ചെയ്തു.
ക്രമസമാധാനം പാലിച്ച് തെരഞ്ഞെടുപ്പ് സുഗമമായി നടത്തേണ്ട ആവശ്യകത സംബന്ധിച്ച് സബ് ഇൻസ്പെക്ടർ സുനിൽകുമാറും, കോവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ പാലിച്ച് തെരഞ്ഞെടുപ്പ് നടത്തേണ്ടതിനെപ്പറ്റി ഹെൽത്ത് ഇൻസ്പെക്ടർ കെ സതീഷ് ബാബുവും സംസാരിച്ചു.
നാദാപുരം ഗ്രാമപ്പഞ്ചായത്ത് റിട്ടേണിംഗ് ഓഫീസർ എസ് വിനയ രാജിൻ്റെ അധ്യക്ഷതയിൽ നടന്ന സംഗമത്തിൽ അസി .സെക്രട്ടറി ടി പ്രേമാനന്ദൻ സ്വാഗതവും, ജൂനിയർ സുപ്രണ്ട് അനൂപൻ ടി നന്ദിയും പറഞ്ഞു .