നാദാപുരം : മാവോയിസ്റ്റുകൾ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സാധ്യതയുള്ള നാദാപുരം മണ്ഡലത്തിലെ ബൂത്തുകളിൽ ഉന്നത പോലീസ് സംഘം പരിശോധന നടത്തി.
കണ്ടിവാതുക്കൽ ഗവ. വെൽഫെയർ സ്കൂൾ, വിലങ്ങാട് സെയ്ന്റ് ജോർജ് ഹൈസ്കൂൾ, അഭയഗിരി, ഇന്ദിരാ നഗർ വില്ലേജ് ഓഫീസ് തുടങ്ങിയ ബൂത്തുകളിലാണ് മാവോവാദി ഭീഷണി നിലനിൽക്കുന്നത്.
നാദാപുരം സബ്ഡിവിഷണൽ ഡിവൈ.എസ്.പി. എ.പി. ശിവദാസ്, വളയം സി.ഐ. പി.ആർ. മനോജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ബൂത്തുകളിൽ പരിശോധന നടത്തിയത്.
ഇന്റലിജൻസ് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ പ്രാഥമിക സന്ദർശമാണ് പോലീസ് സംഘം നടത്തിയത്. ബൂത്തുകളുടെ നിലവിലുള്ള സാഹചര്യവും സുരക്ഷാസംബന്ധമായ കാര്യങ്ങളും ഉൾക്കൊള്ളിച്ച് റൂറൽ എസ്.പി. ക്ക് റിപ്പോർട്ട് സമർപ്പിക്കും.
മേഖലയിൽ മാവോവാദി സാന്നിധ്യം സ്ഥിരീകരിച്ചതിനാൽ വനമേഖലയിൽ പട്രോളിങ്ങും നിരീക്ഷണവും ശക്തമാക്കുമെന്ന് ഡിവൈ.എസ്.പി. അറിയിച്ചു.