Categories
Breaking News

മൻസൂറിന്റെ കൊലപാതത്തിൽ നാദാപുരത്തും പ്രതിഷേധം

നാദാപുരം : പെരിങ്ങത്തുർ മുക്കിൽ പീടികയിൽ യൂത്ത് ലീഗ് പ്രവർത്തകൻ മൻസൂറിനെ സി.പി.എം കാപാലികർ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് നാദാപുരത്ത് യൂത്ത് ലീഗ് പ്രകടനം നടത്തി.

യൂത്ത് ലീഗ് നാദാപുരം മണ്ഡലം ജനറൽ സെക്രട്ടറി ഇ.ഹാരിസ്, യൂത്ത് ലീഗ് പഞ്ചായത്ത് ഭാരവാഹികളായ റഫീഖ് കക്കംവെള്ളി, വി.ജലീൽ,സഹദ് പാലോൽ, നിസാം തങ്ങൾ,വി.പി ഫൈസൽ, സി.പി.അജ്മൽ, നൗഫൽ നരിക്കാട്ടേരി, തുടങ്ങിയവർ നേതൃത്വം നൽകി.

കഴിഞ്ഞ ദിവസം 22കാരനായ മൻസൂറിനെ അച്ഛന്‍റെ മുന്നിൽ വച്ച് ബോംബെറിഞ്ഞ ശേഷം വെട്ടുകയായിരുന്നു. ഇന്നലെ രാത്രി എട്ട് മണിയോടെയുണ്ടായ സംഘർഷത്തില്‍ വെട്ടേറ്റ മൻസൂര്‍ ഇന്ന് രാവിലെയാണ് മരിച്ചത്.

ഇയാളുടെ സഹോദരൻ മുഹ്സിനും ആക്രമണത്തിൽ പരിക്കേറ്റിരുന്നു. മുഹ്സിൻ ഇവിടെ 150-ാം നമ്പർ ബൂത്തിലെ യുഡിഎഫ് ഏജന്റായിരുന്നു. ഇന്നലെ ഉച്ചയോടെ പോളിങിനിടെ മുക്കിൽപീടിക ഭാഗത്ത് ലീഗ്-സിപിഎം പ്രവര്‍ത്തകര്‍ തമ്മിൽ സംഘർഷമുണ്ടായിരുന്നു.

മുഹ്സിനെ ലക്ഷ്യം വച്ചായിരുന്നു അക്രമികൾ എത്തിയത്. ആക്രമണത്തിനിടയിൽ മുഹ്സിന്റെ സഹോദരനായ മൻസൂറിനും വെട്ടേറ്റു.

കാലിന് ഗുരുതരമായി പരിക്കേറ്റ മൻസൂറിനെ ആദ്യം തലശ്ശേരിയിലും പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

ഡിവൈഎഫ്ഐ പ്രവർത്തകർ തന്നെ ടാർഗെറ്റ് ചെയ്തിരുന്നെന്നാണ് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന മുഹ്സിൻ പറയുന്നത്. പേര് ചോദിച്ച് ഉറപ്പാക്കിയ ശേഷമാണ് ആക്രമിച്ചത്. നിലവിളി ശബ്ദം കേട്ടപ്പോൾ നാട്ടുകാർ ഓടിയെത്തി.

ഈ സമയത്ത് ആക്രമികൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. അതിൽ ഒരാളെ താൻ പിടിച്ച് വെച്ചു. പിടികൂടിയയാളെ വിട്ടുകിട്ടാൻ പ്രതികൾ ബോംബെറിയുകയായിരുന്നു.

സിപിഎം ശക്തി കേന്ദ്രങ്ങളിൽ മുസ്ലീം ലീഗ് പ്രവർത്തകർ ആളുകളെ ഓപ്പൺ വോട്ട് ചെയ്യിക്കാൻ എത്തിച്ചതിനെ സിപിഎം പ്രവർത്തകർ ചോദ്യം ചെയ്തതോടെയാണ് സംഘർഷം തുടങ്ങിയത്.

പിന്നാലെ കടവത്തൂർ ഭാഗത്തെ 150, 149 ബൂത്തുകളിൽ വലിയ തോതിലുള്ള വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായി. പോളിങിനിടെ തന്നെ മുഹ്സിന് നേരെ ഭീഷണിയുണ്ടായിരുന്നു. മന്‍സൂറിന്‍റേത് രാഷ്ട്രീയക്കൊലയാണെന്ന് പൊലീസും സ്ഥിരീകരിക്കുന്നു.

11 പ്രതികളെ തിരിച്ചറിഞ്ഞെന്ന് കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ ആർ ഇളങ്കോ പറഞ്ഞു. ആക്രമണം നടത്തിയത് പത്തിലധികം പേരടങ്ങിയ സംഘമാണ്.

കൊലപാതകത്തില്‍ ഗൂഡാലോചനയുണ്ടോ എന്ന് അന്വേഷിക്കണമെന്നും അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിക്കുമെന്നും ആർ ഇളങ്കോ അറിയിച്ചു.

സംഘർഷവുമായി ബന്ധപ്പെട്ട് ഒരു സിപിഎം പ്രവർത്തകനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മന്‍സൂറിന്‍റെ അയല്‍വാസി ഷിനോസിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

English summary: Protest in Nadapuram over Mansoor's murder

NEWS ROUND UP