Categories
crime

രാജുവും സ്റ്റാലിഷും മടങ്ങി; റീനയും സ്റ്റെഫിനും ജീവന് വേണ്ടി പൊരുതുന്നു 

നാദാപുരം : നാടിനെ നടുക്കിയ കൂട്ടകുരുതിയില്‍ ജീവന്‍ പൊളിഞ്ഞ കായലോട്ട് താഴെ കീറിയ പറമ്പത്ത് രാജുവിന്‍റെയും സ്റ്റാലിഷിന്റെയും മൃതുദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി ബന്ധുകള്‍ക്ക് വിട്ട കൊടുത്തു.

രാജുവിന്റെ ഭാര്യ റീനയും ഇളയ മകന്‍ സ്റ്റെഫിനും മരണത്തോട് മല്ലടിച്ച് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ കഴിയുകയാണ്.

ഉച്ചയോടെ ബന്ധുക്കള്‍ ഏറ്റു വാങ്ങിയ മൃതുദേഹങ്ങള്‍ വൈകീട്ട് അരൂണ്ടയിലെ വീട്ടുവളപ്പില്‍ സംസ്കരിക്കും.

ചെക്യാട് കായലോട്ട് താഴ കീറിയപറമ്പത്ത് ഗൃഹനാഥന്റെയും മകൻ്റെയും മരണത്തിനും ഭാര്യയ്ക്കും മക്കൾക്കും തീപ്പൊള്ളലേറ്റ സംഭവത്തിനും ഇടയാക്കിയത് കുടുംബവഴക്കെന്ന് പോലീസും നാട്ടുകാരും ഇന്നലെ തന്നെ വ്യക്തമാക്കിയിരുന്നു.

ചൊവ്വാഴ്ച പുലർച്ചെയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്.

സമീപത്തെ കല്യാണവീട്ടിൽ പോയി തിരിച്ചുവന്ന് കിടന്നുറങ്ങിയ ഭാര്യയെയും മക്കളെയും രാജു പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

ഏതാനും വർഷംമുമ്പാണ് പാനൂർ തൂവ്വക്കുന്ന് സ്വാദേശി രാജു കായലോട്ട് താഴ കീറിയപറമ്പിൽ പുതിയവീടുവെച്ച് താമസമാക്കിയത്.

രാജു ഒമാനിൽ ടെയ്‌ലറായി ജോലി ചെയ്യുകയായിരുന്നു. ഒരുവർഷംമുമ്പാണ് പ്രവാസജീവിതം മതിയാക്കി നാട്ടിൽ തിരിച്ചെത്തിയത്.

നേരത്തെ നാട്ടുകാരുമായി ഏറെ അടുപ്പം സൂക്ഷിച്ചിരുന്ന രാജു അടുത്ത കാലത്തായി അധികമാരുമായും സമ്പർക്കം പുലർത്താതെ ഒതുങ്ങിക്കഴിയുകയായിരുന്നെന്ന് നാട്ടുകാർ പറയുന്നു.

എന്നാൽ ഭാര്യയും മക്കളും പൊതുരംഗത്ത് സജീവമായിരുന്നു.

സ്റ്റാലിഷ് കടവത്തൂർ ഹയർസെക്കൻഡറി സ്കൂൾ പ്ലസ്ടു വിദ്യാർഥിയും സ്റ്റെഫിൻ പാറാട് ഹയർസെക്കൻഡറി സ്കൂൾ ഒൻപതാം ക്ലാസ് വിദ്യാർഥിയുമാണ്.

ഇടയ്ക്കിടെ ഭാര്യയും ഭർത്താവും തമ്മിൽ സ്വരച്ചേർച്ചയില്ലായ്മയും ഉടലെടുത്തിരുന്നു. നാട്ടുകാർ മുഴുവൻ സമീപത്തെ വിവാഹ ഒരുക്കങ്ങളിൽ മുഴുകിയിരിക്കുമ്പോഴാണ് ചൊവ്വാഴ്ച പുലർച്ചെയോടെ വീട്ടിനുളളിൽനിന്ന് തീയും ഒപ്പം കൂട്ടനിലവിളിയും ഉയർന്നത്.

അഗ്നിവിഴുങ്ങിയ ശരീരവുമായി വീടിനുള്ളിൽനിന്ന് പ്രാണരക്ഷാർഥം ഓരോരുത്തരായി പുറത്തേക്കുവരുന്ന കാഴ്ചയാണ് ഓടിക്കൂടിയ നാട്ടുകാർക്ക് കാണാൻ കഴിഞ്ഞത്.

ഉടൻതന്നെ ഫയർഫോഴ്സിനെ വിവരമറിയിക്കുകയും പൊള്ളലേറ്റവരെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

ഇന്നലെ വളയം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്‌ കെ.പി. പ്രദീഷ്, ചെക്യാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്‌ നസീമ കൊട്ടാരം, വാർഡ് മെമ്പർ ബീജ എന്നിവർ കുടുംബത്തെ സന്ദർശിച്ചു.

ചെക്യാട് ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ കെ.പി. കുമാരൻ, സി.പി.എം. ജില്ലാസെക്രട്ടറി പി. മോഹനൻ, രാഷ്ട്രീയപ്പാർട്ടി നേതാക്കളായ പി.പി. ചാത്തു, പി.കെ. ശങ്കരൻ തുടങ്ങിയവർ ദുരന്തവാർത്തയറിഞ്ഞ് വീട്ടിൽ സന്ദർശനം നടത്തി.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

NEWS ROUND UP