Categories
Latest

കാട് മൂടി നശിച്ച് വിദ്യാലയം; നെഞ്ച് പൊള്ളി ഉമ്മത്തൂരിലെ രക്ഷിതാക്കളും നാട്ടുകാരും

നാദാപുരം : ഒന്നര വർഷ വർഷത്തോളമായി അടച്ചിട്ട വിദ്യാലയത്തിൽ ആരും തിരിഞ്ഞ് നോക്കുന്നില്ല, കാട് മൂടി എല്ലാം നശിക്കുന്നു.

പാമ്പുകളും കുഞ്ഞുങ്ങളുമാണ് ഇവിടെ ഇപ്പോൾ വിഹരിക്കുന്നത്.  പഠിക്കാതെ വളർന്ന കാടുകൾ സർവ്വ അതിരുകളും ഭേദിച്ച് മതിൽ ചാടി തുടങ്ങി.

സ്കൂളിൻ്റെ മുന്നിലൂടെ വന്നു പോകുന്നവരാരും പിന്നിലെ ദുർഗതി കാണുന്നില്ല.

കാടും പാമ്പുകളും ക്ലാസ് മുറികളിൽ കയറി. കക്കൂസ് ക്ലോസറ്റുകളിൽ മരം വളരാൻ തുടങ്ങി…. ആയിരക്കണക്കിന് വിദ്യാർത്ഥികൾ പഠിക്കുന്ന ഉമ്മത്തൂർ ഹയർ സെക്കണ്ടറി സ്ക്കൂൾ പരിസരത്തെ രക്ഷിതാക്കളുടെയും നാട്ടുകാരുടെയും പരിഭവങ്ങളും പരാതികളും ഇങ്ങനെ നീളുന്നു.

കോവിഡ് കാരണം അടച്ചു പൂട്ടിയ വിദ്യാലയങ്ങളുടെ പലതിൻ്റെയും സമാന സ്ഥിതിയാണ് ഇവിടെ.

മരത്തണലിൽ ഇളക്കമില്ലാതെ ഏറെ കാലമായി നിർത്തിയ സ്കൂൾ ബസും നാശത്തിൻ്റെ വക്കിലാണ് പരിസരവാസിയായ രക്ഷിതാവ് പറഞ്ഞു.

പൊടിപടലവും വെള്ളവും കയറി ബസ്സ് തുരുമ്പെടുത്ത് നശിച്ചു കഴിഞ്ഞു. എലികൾ സീറ്റുകൾ തുരന്നു തീർത്തു.

ഒപ്പം ചില സാമൂഹിക വിരുദ്ധരുടെ നശീകരണ പ്രവർത്തനങ്ങളും ഈ അക്ഷരമുറ്റത്തെ കാഴ്ച്ചകൾ കരളലിയിക്കുന്നതാക്കി.

കാട് കയറി സ്കൂളിൻ്റെ രണ്ടാം നിലയുടെ ജനൽ വഴി ക്ലാസ് മുറി വരെ എത്തി നോക്കിയിട്ട് ഒരു കുട്ടിയെയും അധ്യാപകനെയും കണ്ടില്ല.  ഓൺലൈൻ ക്ലാസൊക്കെ മടുത്ത് എന്നെങ്കിലും അവർ മടങ്ങി വന്നാൽ  ഭക്ഷണ പുരയും മൂത്രപ്പുരയും കക്കൂസുകളും ഒന്നും അവിടെ കണില്ല.

കാരണം ഇപ്പോൾ തന്നെ കമ്മ്യൂണിസ്റ്റപ്പയും കോൺഗ്രസ്സപ്പയും  പച്ചക്കുപ്പായമിട്ടവെളിച്ചെടിയുമെല്ലാം ഇവയെ സ്നേഹത്തിൽ പൊതിഞ്ഞിട്ടുണ്ട്.

കോവിഡിനെ ഭയന്ന് മാറി നിൽക്കാതെ നല്ല മനസ്സുള്ളവർ നല്ല അകലം പാലിച്ച്  ഇത്തരം പൊതുമുതൽ സംരക്ഷിക്കണമെന്ന നാട്ടുകാരുടെ ശബ്ദം ഞങ്ങൾ ഇവിടെ കുറിക്കുന്നു.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

English summary: School destroyed by forest cover; Parents and locals of Ummathur with chest pains

NEWS ROUND UP