ബാബുവിന്‍റെ വീട്ടില്‍ ശബ്ദമഴ;ചായ കഴിച്ചു പോകാമെന്ന് അക്ഷര സ്ഫുടതയോടെ ബാബു

By | Saturday June 1st, 2019

SHARE NEWS

നാദാപുരം: നാല്‍പ്പത് വര്‍ഷത്തിനിപ്പുറം ബാബുവിന്‍റെ വീട്ടില്‍ ശബ്ദമഴ പെയ്യുന്നു . നാല് പതിറ്റാണ്ടു നീളുന്ന മൗനത്തിനൊടുവിൽ അരൂരിലെ തോലേരി ബാബു (52) സംസാരിച്ചുവെന്ന വാര്‍ത്തയറിഞ്ഞ്  ഈ വീട്ടില്‍ ഇപ്പോള്‍ സന്ദര്‍ശക പ്രവാഹം .

ബാബുവിന്റെ ചിത്രവും സെല്‍ഫിയും  എടുത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാനുളള തിരക്കും ഒരുഭാഗത്ത് . മറുഭാഗത്ത് ബാബുവിനോട് വിശേഷങ്ങൾ ചോദിച്ചറിയുന്ന തിരക്കിലാണ് നാട്ടുകാർ. ചോദ്യങ്ങൾക്ക് എല്ലാം കൃത്യമായി ഉത്തരവും ബാബുനൽകുന്നുണ്ട്.വിവരമറിഞ്ഞെത്തിയവരോട് ‘ചായ കഴിച്ചു പോകാ’മെന്ന് അക്ഷര സ്ഫുടതയോടെയാണ് ബാബു പറഞ്ഞത്. വിദേശത്തു നിന്നു വിളിക്കുന്ന ബന്ധുക്കളോടും ഫോണിൽ കൃത്യമായി മറുപടി നൽകുന്നു.

Loading...

നാല് പതിറ്റാണ്ടു നീളുന്ന മൗനത്തിനൊടുവിൽ അരൂരിലെ തോലേരി ബാബു (52) സംസാരിച്ചു തുടങ്ങിയത് വീട്ടുകാർക്കും നാട്ടുകാർക്കും ഒരു പോലെ അദ്ഭുതം. കഴിഞ്ഞദിവസം വൈകിട്ടാണ് സംഭവം.

വീട്ടിൽ നിന്ന് ഇറങ്ങിയപ്പോൾ സഹോദരൻ രാജൻ ‘എങ്ങോട്ട് പോകുന്നു’ വെന്ന് ചോദിച്ചപ്പോഴായിരുന്നു ബാബു വായ തുറന്ന് പ്രതികരിച്ചത്. ‘ചെത്തിൽ പോകണം ’ എന്നമറുപടി കേട്ട് രാജനൊപ്പം വീട്ടുകാരും ഞെട്ടി. മറ്റൊരു സഹോദരനായ കൃഷ്ണന്റെ വിടാണ് ‘‘ചെത്തിൽ വീട്’’ 2 പറമ്പിന് അപ്പുറത്തെ ചെത്തിൽ വീട്ടിലെത്തിയപ്പോൾ കൃഷ്ണന്റെ ഭാര്യ സുജാതയ്ക്ക് കാര്യങ്ങൾ വിശ്വസിക്കാനായില്ല.‘എന്താ വന്നേ എന്ന് ചോദിച്ചപ്പോൾ ‘ഞാ പോന്നതാ’ എന്ന് ബാബു പറഞ്ഞു. ഇതോടെ വീട്ടിൽ സന്തോഷത്തിന്റെ ആരവമുയർന്നു. 42 വർഷത്തിലേറെ കേൾക്കാത്ത ശബ്ദം അനുഭവിച്ചറിയുകയായിരുന്നു.

10 –ാം വയസിൽ പൊടുന്നനെ സംസാരശേഷി നഷ്ടമായതിനു ശേഷം ബാബുവിന്റെ ശബ്ദം ആദ്യമായി കേട്ടതിന്റെ സന്തോഷത്തിലാണ് വീട്ടുകാരും നാട്ടുകാരും. അവരെല്ലാം ബാബു സംസാരിക്കുന്നത് കേൾക്കാൻ ഓരോ കാര്യങ്ങൾ അന്വേഷിച്ചു കൊണ്ടിരുന്നു. അതിനെല്ലാം കുറഞ്ഞൊരു സങ്കോചത്തോടെ ബാബു മറുപടിയും പറഞ്ഞു. അരൂർ കണ്ണംകുളം എൽപി സ്കൂളിൽ 4 ൽ പഠിക്കുമ്പോഴാണ് ബാബുവിന് സംസാരശേഷി നഷ്ടമായത്. അതോടെ സ്കൂൾ പഠനം നി‍ർത്തി വീട്ടിലിരിക്കുകയായിരുന്നു. അതുവരെ കാണിച്ചിരുന്ന പ്രസരിപ്പ് നഷ്ടമായതായി അന്ന് സ്കൂളിൽ പഠിച്ചിരുന്ന ചെത്തിൽ കുമാരൻ പറഞ്ഞു. പിന്നിടാണ് ബാബുവിന്റെ ലോകം വീടും പരിസരവുമായി ഒതുങ്ങിയത്. പരസഹായമില്ലാതെ പുറത്തേക്ക് പോകാതായി.

സംസാരശേഷി ഇല്ലാത്തതിനാൽ ആരും ബാബുവിനോട് സംസാരിച്ചിരുന്നില്ല. ആംഗ്യത്തിലൂടെയാണ് കാര്യങ്ങൾ മനസിലാക്കിയത്. ഇപ്പോൾ കണ്ണിന് മങ്ങലും കേൾവിക്കുറവും ഉണ്ട്. അതിന്റെ വിഷമത്തിലാണ് ബാബു.ആശുപത്രിയിലും മറ്റും പോയിരുന്നത് വാഹനത്തിലായിരുന്നു. ഛർദി കാരണം വാഹനത്തിൽ അധികം സഞ്ചരിക്കാനും കഴിഞ്ഞിരുന്നില്ല.

എന്നാൽ ഇന്നലെ സുജാതയ്ക്കുമൊപ്പം കുന്നുമ്മൽ പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ എത്തി ഡോക്ടറെ കണ്ടു. അത്രയും ദൂരം സഞ്ചരിച്ചിട്ടും ഛർദിച്ചില്ലെന്ന് സുജാത പറഞ്ഞു. 4 പതിറ്റാണ്ടിന് ശേഷം സംസാരിച്ച ബാബുവിനെ ആരോഗ്യകേന്ദ്രത്തിലെ മെഡിക്കൽ ഓഫിസർ ഡോ.സിന്ധു വിശദമായി പരിശോധിച്ചു. ബാബുവിൽ അത്ഭുതകരമായി ഒന്നും കണ്ടില്ല.എന്നാൽ മെഡിക്കൽ സയൻസിൽ ഇത്തരം അത്ഭുതങ്ങൾ സംഭവിക്കാറുണ്ടെന്ന് ഡോക്ടർ പറഞ്ഞു. കാഴ്ചക്കുറവ് പരിഹരിക്കാനുള്ള ചികിത്സ നടത്താനാണ് വീട്ടുകാരുടെ തീരുമാനം.

 

 

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്