Categories
Breaking News

കൈവേലി കണ്ടം ചോലയില്‍ കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു


കൈവേലി : കണ്ടംചോലയില്‍ കാട്ടാനക്കൂട്ടം ഇറങ്ങി വ്യാപകമായി കാര്‍ഷികവിളകള്‍ നശിപ്പിച്ചു. ശശി എടോനി, ശങ്കരന്‍ തലപൊയില്‍, കെ.വി.ടി. മോഹനന്‍, രാജീവന്‍ അമ്മംകണ്ടി, കുനിയില്‍ രാജീവന്‍, അമ്മംകണ്ടി അശോകന്‍, വയല്‍വീടിക സൂപ്പി, പള്ളിയറ ബാബു, കരുണന്‍ പുതുക്കുളങ്ങര, മൊയിലോത്ത് അനന്തന്‍, പ്രതീപന്‍ മേനാരത്ത്, എന്നിവരുടെ ഒട്ടേറെ തെങ്ങുകളും വാഴയും, കുരുമുളക്, ഗ്രാമ്പു, കവുങ്ങ് തുടങ്ങിയ വിളകള്‍ നശിപ്പിച്ചു.
കൂവ്വക്കൊല്ലി, എടോനി ഭാഗത്ത് കഴിഞ്ഞ ദിവസം കാട്ടാനകളിറങ്ങി കൃഷി നശിപ്പിച്ചിരുന്നു. കുനിയില്‍ രാജീവന്‍, അമ്മങ്കണ്ടി രാജീവന്‍ എന്നിവരുടെ കുലച്ചതും കുലക്കാറായതുമായ തെങ്ങുകള്‍ പിഴുതെറിഞ്ഞും ചവിട്ടിമെതിച്ചുമെത്തിയ ആനക്കൂട്ടം, വാഴ, കമുക് എന്നിവയും നശിപ്പിച്ചു. അമ്മങ്കണ്ടി ബാലന്‍, പൂളയുള്ള പറമ്പത്ത് റിജിന്‍ എന്നിവരുടെ വീട്ടുമുറ്റം വരെയെത്തിയ ആനകളുടെ ആക്രമണത്തില്‍നിന്ന് തലനാരിഴയ്ക്കാണ് ഇരുവരുടെയും കുടുംബം രക്ഷപ്പെട്ടത്. കുടിവെള്ള പൈപ്പുകളും തകര്‍ത്തു.
വന്യമൃഗശല്യം തുടര്‍കഥയായ ഈ മേഖലയില്‍ വൈദ്യുതക്കമ്പിവേലി ഉള്‍പ്പെടെ സ്ഥാപിക്കുമെന്ന് ബന്ധപ്പെട്ടവര്‍ പലതവണ ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ ഒരു തുടര്‍നടപടിയും ഉണ്ടാകുന്നില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു. ആള്‍ത്താമസമുള്ളിടങ്ങളിലേക്കുകൂടി കാട്ടാനകള്‍ ഇറങ്ങുന്നത് ആളപായമുണ്ടാക്കുമോ എന്ന ഭീതിയിലാണ് നാട്ടുകാര്‍. അക്രമംഭയന്ന് താമസക്കാരില്‍ ചിലര്‍ നേരത്തേ വീടൊഴിഞ്ഞുപോയിട്ടുണ്ട്. പോകാനിടമില്ലാത്തവര്‍ ജീവന്‍ പണയംവെച്ചാണ് ഇവിടെ കഴിയുന്നത്. കാപ്പിയില്‍, വലിയ കുന്ന്, കമ്മായി, തരിപ്പ പ്രദേശങ്ങളിലും കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചിരുന്നു. അധികാരികള്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു.

പ്രദേശത്ത് കര്‍ഷകര്‍ പ്രതിഷേധത്തിലാണ്. കോവിഡ് ഭീതിയില്‍ കഴിയുന്നതിനാല്‍ സമരപരിപാടികള്‍ സംഘിപ്പിക്കാന്‍പോലും കഴിയാത്ത അവസ്ഥയിലാണ് ഇവര്‍.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

NEWS ROUND UP