Categories
Latest

രണ്ടര വയസ്സുകാരൻ അന്താരാഷ്ട്ര പുരസ്‌കാരത്തിന്റെ നിറവിൽ

നാദാപുരം : മന:പാഠത്തിൻ്റെ താളുകളിൽ വിസ്മയം തീർത്ത് രണ്ടര വയസ്സുകാരൻ അന്താരാഷ്ട്ര പുരസ്‌കാരത്തിന്റെ നിറവിൽ.

ഖത്തറിൽ ബിസിനസുകാരനായ തൂണേരിയിലെ നെല്ല്യേരി താഴെക്കുനിയിൽ അജേഷിന്റെയും നടുവണ്ണൂർ കാവുന്തറയിലെ ഐ പി മനീജയുടെയും മകനാണ് രണ്ടര വയസ്സുള്ള ശ്രീഹാൻ ദേവ്.

ഇളം പ്രായത്തിൽ തന്നെ റെക്കോഡുകൾ വാരിക്കൂട്ടിയ ശ്രീഹാൻ ഇപ്പോൾ വേൾഡ് ബുക് ഓഫ് റെക്കോഡ്‌സ് നേട്ടത്തിലേക്ക് തയാറെടുത്തുകൊണ്ടിരിക്കയാണ്.

രണ്ടു വയസ്സും മൂന്നു മാസവും ഉള്ളപ്പോൾ ഇന്ത്യ ബുക്‌ ഓഫ് റെക്കോഡ്സിന് അർഹനായി. രണ്ടു വയസ്സും അഞ്ചു മാസവുമായപ്പോൾ കലാം വേൾഡ് റെക്കോഡും സ്വന്തമാക്കി.

പിന്നീട് ഇന്റർനാഷണൽ ബുക് ഓഫ് റെക്കോഡ്‌സിൽ സൂപ്പർ ടാലന്റഡ് കിഡായി തെരഞ്ഞെടുത്തു. മെമ്മറി പവർ എന്ന കാറ്റഗറിയിലാണ് ബഹുമതി ലഭിച്ചത്.

തലസ്ഥാനങ്ങൾ, 22 പ്രശസ്ത വ്യക്തികൾ, 16 പക്ഷികൾ, ഇംഗ്ലിഷ് അക്ഷരമാല ക്രമത്തിൽ 50 വാക്കുകൾ, മനുഷ്യശരീരത്തിലെ 18 അവയവങ്ങൾ, 21 ലോഗോകൾ, സൗരയൂഥത്തിലെ ഗ്രഹങ്ങൾ, ഇംഗ്ലിഷിൽ 14 ആക്‌ഷൻ വേഡ്‌സ്, 21 പച്ചക്കറി, 26 വാഹനങ്ങൾ, 15 പഴവർഗങ്ങൾ, 12 പ്രാണികൾ എന്നിവ തിരിച്ചറിഞ്ഞു പറയാൻ കഴിയും.

ഇംഗ്ലീഷിൽ വാചകങ്ങളാക്കി സംസാരിക്കാനും നമ്മൾ ചോദിക്കുന്നതിന്‌ മറുപടി നൽകാനും ഇപ്പോൾ കഴിയുന്നുണ്ട്.

ആയിരത്തോളം വാക്കുകൾ മലയാളത്തിൽ പറയും. ഏത്‌ വസ്തുക്കൾ കാണിച്ചുകൊടുത്താലും അതിന്റെ ഇംഗ്ലീഷ് പറയും.
രണ്ടുവയസ്സായപ്പോൾ നന്നായി സംസാരിച്ചുതുടങ്ങി.

വസ്തുക്കളൊക്കെ തിരിച്ചറിഞ്ഞുതുടങ്ങിയപ്പോൾ അവയുടെ പേരുകൾ രക്ഷിതാക്കൾ ഇംഗ്ലിഷിൽ പറഞ്ഞുകൊടുത്തു. ഒരുവാക്ക് പോലും തെറ്റിക്കാതെ തിരിച്ചുപറഞ്ഞുതരും.

ശ്രീഹാന്റെ ഈ കഴിവ് മനസ്സിലായപ്പോഴാണ് വിഡിയോ ഷൂട്ട് ചെയ്ത്‌ ഇന്ത്യൻ ബുക് ഓഫ് റെക്കോഡ്സിലേക്ക് അയച്ചത്. ഒരാഴ്ചയ്ക്കുള്ളിൽ തന്നെ റെക്കോഡ് ലഭിച്ചു.

ഇപ്പോൾ വേൾഡ് ബുക് ഓഫ് റെക്കോഡ്സിലേക്കുള്ള തയാറെടുപ്പിലാണ്‌. അതിനായി 900 വാക്കുകൾ പഠിക്കേണ്ടതുണ്ട്. ശ്രീഹാന് വസ്തുക്കളെ കുറിച്ച് പറഞ്ഞ് കൊടുക്കാനും പറയിപ്പിക്കാനും അമ്മ മനീജയോടൊപ്പം വലിയമ്മ ഷൈലജയും ഇളയമ്മ അശ്വതിയുമുണ്ട്.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

English summary: The two-and-a-half-year-old is on the verge of an international award

NEWS ROUND UP