സ്വന്തം ജീവന്‍ നല്‍കി യാത്രക്കാരുടെ ജീവന്‍ രക്ഷിച്ചു; തൂണേരിയിലെ അപകടം; ബസ് ഡ്രൈവര്‍ രഞ്ജിത്ത് അനശ്വരനാകും

By | Monday August 28th, 2017

SHARE NEWS

നാദാപുരം: സ്വന്തം ജീവന്‍ നഷ്ടപ്പെട്ടാലും യാത്രക്കാരുടെ ജീവന്‍ രക്ഷിക്കണമെന്ന തീരുമാനത്തില്‍ ദുരന്ത മുഖത്ത് പെരുമാറിയ ബസ് ഡ്രൈവര്‍ തൊട്ടില്‍പ്പാലത്തെ രഞ്ജിത്ത്(25) ഇനി നാട്ടുകാരുടെയും സഹപ്രവര്‍ത്തകരുടെയും ഓര്‍മയില്‍ അനശ്വരനാകും.

തിങ്കളാഴ്ച രാവിലെ തുണേരിയില്‍ ഉണ്ടായ ദുരന്തത്തിലാണ് യാത്രക്കാരുടെ ജീവന്‍ കാത്ത ബസ് ഡ്രൈവര്‍ ജീവന്‍ വെടിഞ്ഞത്.

തൊട്ടില്‍പ്പാലത്ത് നിന്ന് തലശ്ശേരിയിലേക്ക് പോകുയായിരുന്ന സന്നിധാനം ബസാണ് തൂണേരിയില്‍ നിയന്ത്രണം വിട്ട് കടയിലേക്ക് ഇരച്ചുകയറിയത്.

50ഓളം യാത്രക്കാരുണ്ടായിരുന്ന ബസോടിച്ച രഞ്ജിത്ത് അപകടമുണ്ടായി ഏറെ കഴിയും മുമ്പേ മരിച്ചെങ്കിലും ബസ് യാത്രക്കാര്‍ക്കോ റോഡിലുണ്ടായിരുന്നവര്‍ക്കോ കാര്യമായ അപകടം സംഭവിച്ചില്ല.

യുവാവായ ഡ്രൈവറുടെ മരണത്തില്‍ മലയോര ഗ്രാമം കണ്ണീരിലായി. നാട്ടുകാര്‍ക്കും തൊഴിലാളികള്‍ക്കും ഏറെ പ്രിയപ്പെട്ടവനായിരുന്നു രഞ്ജിത്ത്. തലശ്ശേരി ജില്ലാ ആശുപ്ര്രതിയില്‍ സൂക്ഷിച്ച മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വൈകീട്ട് തൊട്ടില്‍പ്പാലത്ത് വീട്ടുവളപ്പില്‍ സംസ്‌കരിക്കും.

ഇന്ന് രാവിലെ 6.50നാണ് തൊട്ടില്‍പാലത്തു നിന്നും തലശ്ശേരിയിലേക്ക് പോവുകയായിരുന്ന KL 18 N 6642 സന്നിധാനം ബസ് തൂണേരി ടൗണില്‍ നിയന്ത്രണം വിട്ട് ഓട്ടോസ്റ്റാന്റിനടുത്ത സിമന്റ് കടയിലേക്ക് പാഞ്ഞുകയറിയത്

തൂണേരി ടൗണ്‍ ജുമാ മസ്ജിദിനടുത്ത് നിന്നേ നിയന്ത്രണം വിട്ട ബസ് സമീപത്തെ കെ ആര്‍ ഹോട്ടലിന്റെ മുന്‍വശത്തെ ഷീറ്റില്‍ ഇടിച്ചാണ് ഓട്ടോ സ്റ്റാന്റിനടുത്ത ടി .കുഞ്ഞാലി ഹാജിയുടെ സിമന്റ് ലാന്റ് എന്ന കടമുറിയിലേക്ക് പാഞ്ഞുകയറിയത്.

ഓട്ടോസ്റ്റാന്റില്‍ രണ്ട് ഓട്ടോറിക്ഷകള്‍ അപ്പോള്‍ ഉണ്ടായിരുന്നു .ബസിന് അമിത വേഗത ഇല്ലായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. നിരപ്പലകയിട്ട സിമന്റ് കടക്ക് മുന്നിലായി ഇഷ്ടികകള്‍ നിരത്തി വെച്ചിരുന്നു .മറ്റുള്ള യാത്രക്കാരെ രക്ഷിക്കാനായി ഡ്രൈവര്‍ വലതു ഭാഗത്തേക്ക് ഓടിച്ചു കയറ്റി മരണം വരിക്കുകയായിരുന്നു.

തൂണേരി മണ്ഡലം കോണ്‍ഗ്രസ് ഓഫീസാണ് സിമന്റ് കടക്ക് മുകളിലുള്ളത് .അതിന്റെ ഞാലി പൂര്‍ണ്ണമായും തകര്‍ന്നിട്ടുണ്ട് കഴുക്കോലും ഓടുകളും ചില്ല് പൊട്ടി ബസിനകത്തായി കിടക്കുകയാണ്.

സമീപത്തെ വയനേരി ഹോട്ടലിലെ ദിനേശനും പ്രകാശനുമാണ് ആദ്യം ഓടിയെത്തി ഗുരുതര പരിക്കേറ്റ ഡ്രൈവറെ പുറത്തെടുത്തത് .അപ്പോള്‍ നേരിയ ജീവനുണ്ടായിരുന്നത്രെ.

തുടര്‍ന്ന് ചൊക്ലി ആശുപത്രിയിലെത്തിക്കുകയായിരുന്നു .തലശ്ശേരി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലാണ് മൃതദേഹം. തൊട്ടില്‍പാലത്തെ മുണ്ടക്കുറ്റിയില്‍ ദാമോധരന്റെ മകനാണ് രഞ്ജിത്ത് .രാധയാണ് അമ്മ

 

Tags: , , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്