Categories
Latest

“ആ തീരുമാനം ശരിയെന്നു കാലം തെളിയിച്ചു ” അഹമ്മദ് മൗലവിയെ അനുസ്മരിച്ച് വി സി

നാദാപുരം : അഹമ്മദ്ക്കയും ഓർമ്മയിലേക്ക്…. ഇന്നലെ അന്തരിച്ച നാദാപുരം ഖാസി മേനക്കോത്ത് അഹമ്മദ് മൗലവിയെ അനുസ്മരിച്ച്
വി സി ഇക്‌ബാൽ എഴുതുന്നു…..

നാദാപുരത്തിന്റെ ഒരു ശബ്ദം കൂടെ നിലച്ചു. നാല് പതിറ്റാണ്ടായി നാദാപുരത്തെ ജീവിതവുമായി കെട്ടിപ്പുണഞ്ഞു ജീവിച്ച മേനക്കോത്ത അഹമ്മദ് മൗലവി യാത്രപറഞ്ഞിരിക്കുന്നു.

1980 കാലഘട്ടത്തിൽ നാദാപുർത്ത് ഉദയം ചെയ്ത ഐഡിയൽ ഇസ്‌ലാമിക് സൊസൈറ്റിയുടെ പ്രവർത്തന രംഗത്തു കൂടെയാണ് അഹമ്മദ്ക്കയുമായി ഞാൻ സുഹൃത് ബന്ധം സ്ഥാപിച്ച് അടുക്കുന്നത്.

പ്രസ്തുത കമ്മിറ്റിയുടെ വൈസ് പ്രസിഡന്റായി അദ്ദേഹവും സെക്രട്ടറിയായി ഞാനും പ്രവർത്തിച്ച കാലയളവിലാണ് ഞങ്ങൾ നല്ല കൂട്ടുകാരുമായി മാറിയത്.

അന്നദ്ദേഹം നാദാപുരം ഖാസിയായിരുന്നില്ല. മേനക്കോത്ത് മമ്മദ് മുസ്‍ലിയാരായിരുന്നു അന്ന് നാദാപുരം ഖാസി.

അദ്ദേഹത്തിന്റെ മകളെ കല്യാണം കഴിച്ച് നാദാപുരത്ത് തന്നെയായിരുന്നു അഹമ്മദ്ക്ക താമസിച്ചിരുന്നത്.

പ്രായമായിരുന്നു മമ്മദ് മുസല്യാർ സഹായത്തിന്നായി പള്ളിയിൽ ഖുതുബ നിർവഹിക്കാനും നിക്കാഹിനുമൊക്കെ അന്ന് തന്നെ അഹമ്മദ്ക്കയെ മമ്മദ് മുസല്യാർ നിയോഗിച്ചിരുന്നു.

നല്ല സ്വര മാധുര്യത്തോടെ ഖുർആൻ പാരായണം ചെയ്യുന്നതും അത്യുച്ചത്തിൽ ഖുതുബ നിർവഹിക്കുന്നതും നാദാപുരം പള്ളിക്ക് അഹമ്മദ്ക്കയിലൂടെ സാധിക്കുന്നുവെന്നത് നാദാപുരക്കാർ അന്ന് തന്നെ അതൊരു അനുഗ്രഹമായി കരുതിയിരുന്നു.

മൂന്ന് നിലകളുള്ള നാദാപുരം പള്ളിയിൽ ഉച്ഛഭാഷിണി അന്നും ഇന്നും ഉപയോഗിക്കുന്നില്ല എന്നകാര്യം ഇതിനോട് ചേർത്ത് വായിക്കുമ്പോഴാണ് അഹമ്മദ്ക്കയുടെ ഉച്ചത്തിലുള്ള ഖുതുബ മൂന്ന് നിലകളിലും കേൾക്കത്തക്ക വിധം ഓതുന്നതിന്റെ കഴിവ് മനസ്സിലാക്കുവാനാകുക.

മമ്മദ് മുസ്ല്യാരുടെ മരണത്തെ തുടർന്ന് ആരെ ഖാസിയാക്കണമെന്ന ഉപദേശം തേടി അന്ന് പള്ളിയിലെ മുദരിസ്സായിരുന്ന കീഴന കുഞ്ഞബ്ദുള്ള മുസ്ല്യാരെ പള്ളി കമ്മറ്റിക്കാർ സമീപിച്ചപ്പോൾ അഹമ്മദ് മൗലവിയെ ഖാസിയാക്കാനാണ് അദ്ദേഹം നിർദ്ദേശിച്ചത്. ആ തീരുമാനം ശരിയെന്നു കാലം തെളിയിക്കുകയും ചെയ്തു.

നാളിതു വരെയുള്ള സഞ്ചാരത്തിനിടയിൽ ഞങ്ങൾ തമ്മിൽ പിണക്കങ്ങളൊന്നും ഉണ്ടായിട്ടില്ല.

ചെറിയ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാവുമ്പോൾ പരസ്പരം സംസാരിച്ചു ശരിതെറ്റുകൾ മനസ്സിലാക്കുവാനും തിരുത്തുവാനും ഞങ്ങൾക്കിടയിലെ സുഹൃത്ബന്ധത്തിനു കഴിഞ്ഞിട്ടുണ്ട്.

മതപരവും രാഷ്ട്രീയവുമായ വിഷയങ്ങളിൽ തന്റേതായ നിലപാടുകൾ വെച്ച് പുലർത്തുമ്പോൾ തന്നെ മറ്റുള്ളവരോട് സഹകരിച്ചു പോകാനും അവരെ സ്വീകരിക്കാനുമുള്ള നല്ല മനസ്സിനെ എല്ലാവരും വാഴ്ത്തിയിരുന്നു.

നാദാപുരത്തിന്റെ മനസ്സ് വായിച്ച കീഴനയിൽ നിന്നും പഠിച്ച പാഠങ്ങൾ അക്ഷരം പ്രതി സ്വീകരിച്ച അഹമ്മദ് മൗലവി നാദാപുരത്തിന്റെ ജനഹൃദയങ്ങളിൽ കൂടുകൂട്ടുകയാരിന്നു.

നാദാപുരം പള്ളിയുടെ ഖാസി എന്നതിൽ കവിഞ്ഞു ഒരു നാട്ടുകാരനും നാട്ടുകാരണവരുമായി വളർന്നു പന്തലിച്ചപ്പോൾ അദ്ദേഹം നാദാപുരത്തിന്റെ മുഖമായി മാറുകയാണ് ചെയ്തത്.

കാലം കുറിച്ചിടുന്ന ഏടിൽ അഹമ്മദ് മൗലവിക്കും നല്ലൊരു സ്ഥാനം ഉണ്ടാവുമെന്ന് ഉറപ്പാണ്.

കാലത്തിന്റെ കാണാ മറയത്തേക്കു മറഞ്ഞു പോയ ഐഡിയൽ ഇസ്‌ലാമിക് സൊസൈറ്റി എന്ന പ്രസ്ഥാനത്തിലൂടെ കടന്നു വന്ന എന്റെ പ്രിയപ്പെട്ട കൂട്ടുകാരനിൽ നിന്നും വന്ന് പോയിട്ടുള്ള എല്ലാ തെറ്റ് കുറ്റങ്ങളും പടച്ചതമ്പുരാൻ പൊറുത്തു കൊടുക്കട്ടെയെന്നും സ്വർഗ്ഗ ലോകത്ത് നല്ലൊരു ഇരിപ്പിടം നൽകട്ടെ എന്നും പ്രാർത്ഥിക്കുന്നു.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

NEWS ROUND UP