Categories
Latest

ചെക്യാട് റോഡിലെ ഭണ്ഡാര കവർച്ച; പൊലീസ് അന്വേഷണം ഊർജ്ജിതം

നാദാപുരം : വളയം – ചെക്യാട് റോഡിൽ കളരിമുക്കിൽ ഭണ്ഡാരം കുത്തിത്തുറന്ന് കവർച്ച നടത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. കളരിമുക്ക് റോഡരികിലെ മുത്തപ്പൻ മടപ്പുരയുടെ ഭണ്ഡാരമാണ് ശനിയാഴ്ച രാത്രിയോടെ അജ്ഞാതർ കുത്തിത്തുറന്ന് പണം കവർന്നത്.

ഞായറാഴ്ച രാവിലെ പരിസരവാസികൾ സംഭവം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. വളയം സി.ഐ. പി.കെ. ധനഞ്ജയബാബുവിൻ്റെ നേതൃത്വത്തിലാണ് അന്വേഷണം തുടങ്ങിയത്.

ബാലുശ്ശേരിയിൽനിന്ന് വന്ന ഡോഗ് സ്ക്വാഡ് മണംപിടിച്ച ശേഷം ഭണ്ഡാരത്തിന് സമീപത്തെ ഇടവഴിയിലൂടെ അല്പദൂരം സഞ്ചരിച്ച് നിന്നു. വിരലടയാള വിദഗ്‌ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.

ഏകദേശം ആറായിരത്തിൽപ്പരം രൂപ കവർന്നതായി മടപ്പുര ഭാരവാഹികൾ പരാതിയിൽ പറയുന്നു. എസ്.ഐ. ആർ.സി. ബിജുവും പോലീസ് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി.

NEWS ROUND UP