നാദാപുരം : തൂണേരിയിൽ പ്രവാസി വ്യവസായി എം.ടി.കെ. അഹമ്മദിനെ തട്ടിക്കൊണ്ടുപോയ കേസിൽ ചോദ്യം ചെയ്യാനായി വിളിപ്പിച്ച രണ്ടുപേർ പഴയകേസിൽ പോലീസ് പിടിയിലായി.
മുടവന്തേരി ചന്ദ്രോത്ത് മുഹമ്മദ് (36) അനുജൻ ഇല്ല്യാസ് (26) എന്നിവരെയാണ് നാദാപുരം പോലീസ് അറസ്റ്റ് ചെയ്തത്.
2014-ൽ ഓട്ടോറിക്ഷ തടഞ്ഞുനിർത്തി സ്ത്രീയെ ആക്രമിച്ച കേസിലാണ് മുഹമ്മദ് അറസ്റ്റിലായത്.
2018-ൽ പറമ്പിൽ അതിക്രമിച്ച് കയറി കൃഷിനശിപ്പിച്ച കേസിലാണ് ഇല്ല്യാസിനെ അറസ്റ്റ് ചെയ്തത്.
പ്രവാസി വ്യാപാരിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ ആറുപേരെ പോലീസ് ചോദ്യം ചെയ്യാനായി വിളിപ്പിച്ചിരുന്നു.
കോഴിക്കോട്, പയ്യോളി, കണ്ണൂർ സ്വദേശികളെ കഴിഞ്ഞ ദിവസം വിട്ടയച്ചിരുന്നു. മലപ്പുറം കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. പ്രതികളെ വൈകാതെ പിടികൂടാൻ കഴിയുമെന്ന് പോലീസ് പറയുന്നു.