

വാണിമേൽ: വാണിമേൽ എം.യു.പി. സ്കൂളില്‍ ഉച്ചഭക്ഷണത്തിൽ പൊടി കലർത്തിയ സംഭവത്തില്‍ പോലീസിന്റെ നിസ്സംഗക്കെതിരെ പ്രക്ഷോഭത്തിന് തയ്യാറെടുക്കുകയാണ് അധ്യാപകരും പി.ടി.എ.യും.വാണിമേൽ എം.യു.പി. സ്കൂളിലെ ഉച്ചഭക്ഷണത്തിൽ പ്രത്യേക പൊടി കലർത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം എങ്ങുമെത്തിയില്ല. കേസ് ചാർജ് ചെയ്തതല്ലാതെ ഫലപ്രദമായ രീതിയിലുള്ള അന്വേഷണം ഇത് വരെ തുടങ്ങിയിട്ടില്ല.
കഴിഞ്ഞ ആഴ്ചയാണ് വാണിമേൽ എം.യു.പി. സ്കൂളിലെ ഉച്ചഭക്ഷണത്തിൽ പ്രത്യേക പൊടി കലർത്തിയ സംഭവമുണ്ടായത്. പാചക ത്തൊഴിലാളികളുടെ ജാഗ്രത കൊണ്ട് മാത്രമാണ് ഉച്ചഭക്ഷണം പാചകം ചെയ്യാതെ മാറ്റി വെച്ചതും ദുരന്തം ഒഴിവായതും.
പൊടി എന്താണെന്നതിനെക്കുറിച്ചുള്ള വിവരം ലഭിച്ചതിന് ശേഷം കേസിലെ വകുപ്പ് ചേർക്കുമെന്നാണ് പോലീസ് കേന്ദ്രങ്ങൾ വിശദീകരിക്കുന്നത്. എന്നാൽ ഇതുമായി ബന്ധപ്പെട്ട് യാതൊരു തുടർ നടപടിയും പോലീസിന്റെ ഭാഗത്ത് നിന്ന് ഇത് വരെ ഉണ്ടായിട്ടില്ലെന്നും ആരോപണമുണ്ട്.
പോലീസിന്റെ നിസ്സംഗ നിലപാടിനെതിരേ ശക്തമായ പ്രക്ഷോഭത്തിന് തയ്യാറെടുക്കുകയാണ് അധ്യാപകരും പി.ടി.എ.യും.പോലീസ് നിലപാടിനെതിരേ സർവകക്ഷി യോഗം വിളിച്ച് ചേർക്കാനും പി.ടി.എ. ക്ക് പദ്ധതിയുണ്ട്. എത്രയും പെട്ടെന്ന് പ്രതികളെ പിടികൂടണമെന്ന് ഇ.കെ. വിജയൻ എം.എൽ.എ. ഉന്നത പോലീസ് ഉദ്യോഗസ്ഥരോടെ് ആവശ്യപ്പെട്ടിരുന്നു. സ്കൂളുമായി ബന്ധപ്പെട്ട് നേരത്തെ ഒട്ടേറെ വിഷയങ്ങൾ നാട്ടുകാർ പോലീസിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. എന്നാൽ ഇതൊന്നും പോലീസ് ഗൗരവത്തിലെടുക്കുന്നില്ലെന്നും പരാതിയുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഉന്നത പോലീസ് ഉദ്യോഗസ്ഥർ സമീപിക്കാനും നാട്ടുകാർക്ക് പദ്ധതിയുണ്ട്.