സെർവർ തകരാർ വില്ലേജ് ഓഫീസ് പ്രവർത്തനം താളംതെറ്റുന്നു; കൈ മലര്‍ത്തി അക്ഷയകേന്ദ്രങ്ങളും

By | Thursday December 6th, 2018

SHARE NEWS

നാദാപുരം: സെർവർ തകരാറായതിനെത്തുടർന്ന് വില്ലേജ് ഓഫീസുകളുടെ പ്രവർത്തനം താളംതെറ്റുന്നു. പൂർണമായും കംപ്യൂട്ടർവത്‌കരിച്ചതിനാൽ വിവിധ ആവശ്യങ്ങൾക്കായി ഓഫീസുകളിലെത്തുന്നവർ ഇതുകാരണം ബുദ്ധിമുട്ടുകയാണ്. ആവശ്യങ്ങൾ നടക്കാതെ മണിക്കൂറുകളോളം കാത്തുനിന്ന്, നിരാശരായി തിരിച്ചുപോകേണ്ട അവസ്ഥയിലാണ് ജനം.

റവന്യൂ വകുപ്പിന്റെ ‘റെലിസി’ന്റെ (റവന്യൂ ലാൻഡ്‌ ഇൻഫർമേഷൻ സൈറ്റ്‌) സെർവറാണ് വില്ലേജ് ഓഫീസ് പ്രവർത്തനത്തെ താളംതെറ്റിച്ചിരിക്കുന്നത്. കഴിഞ്ഞയാഴ്ചമുതൽ തകരാർ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും പരിഹരിക്കാനായിട്ടില്ല. അക്ഷയകേന്ദ്രങ്ങളിലൂടെ സാക്ഷ്യപത്രങ്ങൾക്കും നികുതിയടയ്ക്കാനും എത്തുന്നവരാണ് ഇതുകാരണം വട്ടംകറങ്ങുന്നത്.

ഈ സെർവറിലൂടെയാണ് ഭൂനികുതി അടയ്ക്കുന്നത്. കൂടാതെ, തണ്ടപ്പേര് ഉൾപ്പെടെയുള്ളവ ലഭിക്കാത്തതും ജനങ്ങൾക്ക് ദുരിതമായിരിക്കുകയാണ്. താലൂക്ക് ഓഫീസിൽ ബന്ധപ്പെട്ട് വില്ലേജധികൃതർ കാര്യംധരിപ്പിച്ചിട്ടും പ്രശ്നത്തിന് പരിഹാരമായിട്ടില്ല. അക്ഷയസെന്ററിലും ഇതേ അവസ്ഥയാണ്.

സെർവർ തകരാർ എന്നുപരിഹരിക്കുമെന്നതിനെക്കുറിച്ചുള്ള ജനങ്ങളുടെ ചോദ്യങ്ങൾക്കുമുമ്പിൽ കൈമലർത്തുകയാണ് വില്ലേജധികൃതർ. നാഷണൽ ഇൻഫോമാറ്റിക് സെന്ററാണ് സൈറ്റ് പരിപാലിച്ചുവരുന്നത്. ഭൂമി രജിസ്ട്രേഷൻ, കെട്ടിടനിർമാണപ്ലാൻ ലഭിക്കുന്നതിനാവശ്യമായ രേഖകൾ ലഭിക്കാത്തതും ദുരിതം ഇരട്ടിയാക്കുന്നു. മുൻപും സെർവർ തകരാർകാരണം ഓഫീസിന്റെ പ്രവർത്തനം താളംതെറ്റിയിരുന്നു.

വടകര താലൂക്കിലെ മിക്ക വില്ലേജ് ഓഫീസുകളിലും സമാനപ്രതിസന്ധി നിലനിൽക്കുകയാണ്. സെർവറിന്റെ ശേഷികൂട്ടിയാൽമാത്രമേ ഇടയ്ക്കിടെയുണ്ടാവുന്ന തകരാറിന് ശാശ്വതപരിഹാരമുണ്ടാവുകയുള്ളൂ.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്