നാദാപുരം : (nadapuram.truevisionnews.com) വാണിമ്മേൽ ഗ്രാമ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ കാട്ടുപന്നി ശല്യം രൂക്ഷമാകുന്നു. ചേലമുക്ക് പൈങ്ങോൽ താഴെ പ്രദേശത്ത് തമ്പടിച്ച കാട്ടുപന്നികൾ പ്രദേശവാസികൾക്ക് ഭീഷണി സൃഷ്ടിക്കുകയാണ്.
ഇവിടെ നിരവധി പേർ കാട്ടുപന്നിയുടെ ആക്രമണത്തിന് ഇരയായിട്ടുണ്ട്. തലനാരിഴക്കാണ് പലരും രക്ഷപ്പെട്ടത്. കൃഷിയിടങ്ങൾ നശിപ്പിക്കുന്നതും പതിവാണ്.
കർഷക അവാർഡ് ജേതാവായ പൈങ്ങോൾ താഴെ കൃഷി സ്ഥലമുള്ള വാതുക്കൽ പറമ്പത്ത് ബഷീറിൻ്റെ ഉൾപ്പെടെ നിരവധി കർഷകരുടെ കൃഷി നശിപ്പിച്ചിട്ടുണ്ട്. പലരും കൃഷി ഉപേക്ഷിക്കുന്ന അവസ്ഥയിലാണ്.
കാട്ടുപന്നിയുടെ ആക്രമണത്തെ തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചെങ്കിലും പ്രദേശവാസികളുടെ സുരക്ഷ ഉറപ്പ് വരുത്താൻ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് ആക്ഷേപമുണ്ട്.
കാട്ടുപ്പന്നിക്കൂട്ടം പ്രദേശത്ത് അരക്ഷിതമായ അവസ്ഥ സൃഷ്ടിക്കുകയാണെന്നും ഇത്തരമൊരു സാഹചര്യം ഒഴിവാക്കാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നും ജനകീയ കൂട്ടായ്മ ഭാരവാഹികളായ അബ്ദുൽ റഹിമാൻ അമ്പലക്കണ്ടി , കളത്തിൽ മുഹമ്മദ് ഇക്ബാൽ , എം പി സഞ്ജയ് ബാവ എന്നിവർ ആവശ്യപ്പെട്ടു.
#Chelamuk #become #haven #wild #boars #People #association #wants #authorities #wake up #act