Apr 11, 2024 07:37 PM

 നാദാപുരം : (nadapuramnews.in) മുസ്ലിംലീഗ് ശക്തി കേന്ദ്രമായി അറിയെപ്പെടുന്ന തൂണേരി പഞ്ചായത്തിലെ മുടവന്തേരിയിൽ അർദ്ധരാത്രിയുണ്ടായ സ്ഫോടനത്തിൽ ജീപ്പ് തകരുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്ത കേസിൽ നാദാപുരം പൊലീസിന് ഗുരുതര വീഴ്ച്ച .

രണ്ട് മാസമായി ഗൾഫിലുള്ളയാൾ എഫ്ഐആറിൽ ആറാം പ്രതി. നാദാപുരം സി ഐ ക്കെതിരെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് സിപിഐ എം പരാതി അറിയിച്ചു. എഫ്ഐആർ തയ്യാറാക്കിയത് മുസ്ലിം ലീഗ് നേതാക്കളുടെ മൊഴി അനുസരിച്ചാണെന്നും ആക്ഷേപം.

ദൃക്സാക്ഷി മൊഴി പോലെ പൊലീസ് എഫ്ഐആർ. നാദാപുരം പൊലീസ് സ്വമേധയ (Suo moto Case ) രജിസ്റ്റർ ചെയ്ത കേസ് ദുർബലമാണെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ അവസരം ഒരുക്കുവാൻ ഇടം നൽകുന്നതാണെന്നും പരക്കെ ആക്ഷേപം.

ചൊവ്വാഴ്ച അർദ്ധരാത്രി കഴിഞ്ഞ് 12.30 നാണ് യുഡിഎഫിന് ഏറെ സ്വാധീനമുള്ള ആവടിമുക്കിന് സമീപം ജീപ്പിൽ ഉഗ്ര സ്ഫോടനം നടന്നത്. സ്ഫോടനത്തിൽ ജീപ്പ് പൂർണ്ണമായും തകർന്നു. സ്ഫോടനത്തിന് മുമ്പ് എയർപോർട്ട് റോഡിലെ ആവടിമുക്കിൽ റോഡിൽ വാഹനങ്ങൾ തടസ്സപ്പെടുത്തി വ്യാപകമായി പടക്കങ്ങൾ പൊട്ടിച്ചു പ്രകോപനം സൃഷ്ടിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് ആളൊഴിഞ്ഞ സ്ഥലത്ത് പാറയ്ക്ക് സമീപത്തായി നിർത്തിയിട്ട ജീപ്പിൽ വൻ സ്ഫോടനം നടന്നത്. അഡീഷണൽ എസ്ഐ സുരേഷ് ബാബു കെ.കെ യാണ് പരാതിക്കാരൻ. ഉഗ്രസ്ഫോടനത്തിൽ പാടെ തകർന്ന ജീപ്പ് സംഭവം നടന്ന് രണ്ടാം ദിവസമായ ഇന്നാണ് ഫോറൻസിക്ക് വിദഗ്ധർ എത്തി പരിശോന നടത്തിയത്.

എന്നാൽ ഇന്നലെ വൈകിട്ട് രജിസ്റ്റർ ചെയ്ത എഫ് ഐ ആർറിൽ പറയുന്നത് ഇങ്ങനെ...... . First Information Contents (എഫ്.ഐ.ആർ ഉള്ളടക്കം) " 10.04.2024 തീയ്യതി 00.30 മണിക്ക് മുടവന്തേരി കുണ്ടിയൻറവിടപാറ എന്ന സ്ഥലത്ത് വെച്ച് പ്രതികൾ പൊതു സ്ഥലത്ത് പൊതുജനങ്ങളുടെ ജീവനും സ്വത്തിനും നാശ നഷ്ടം ഉണ്ടാകുമെന്ന അറിവോടു കൂടി KL 10 J 2035 നമ്പർ ജീപ്പിൽ പടക്കങ്ങൾ കൊണ്ട് വന്ന് ജീപ്പിനടുത്ത് വെച്ച് പൊട്ടിച്ചതിൽ തീപ്പൊരി ജീപ്പിലേക്ക് തെറിച്ചു വീണ് ജീപ്പിലുണ്ടായിരുന്ന പടക്കങ്ങൾക്ക് തീ പിടിച്ച് പൊട്ടിയതിൽ പ്രതികൾക്ക് പരിക്ക് പറ്റുകയും, ജീപ്പിന് തീ പിടിച്ച് നാശനഷ്ടം സംഭവിക്കുകയും ചെയ്തു എന്നും മറ്റും " സ്ഫോടനത്തിന്‍റെ ആഘാതത്തിൽ ജീപ്പിന്റെ പല ഭാഗങ്ങളും മീറ്ററുകളോളം ദൂരത്ത് തെറിച്ചുവീണ നിലയിലാണ്.

അപകടത്തിൽ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഇവര്‍ നാദാപുരം മുടവന്തേരി സ്വദേശികളാണ്. അന്വേഷണം ആരംഭിക്കുമുമ്പേ ജീപ്പിൽ ഉണ്ടായിരുന്നത് പടക്കങ്ങൾ തന്നെയാണെന്നതും പൊലീസ് എങ്ങിനെ ഉറപ്പിച്ചു എന്ന ചോദ്യം ഉയർന്നിട്ടുണ്ട്.

സ്ഫോടനത്തിൽ മുസ്ലിംലീഗ് പ്രവർത്തകർ ഉൾപ്പെടെ16 പേർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. മുഹമ്മദ് ആഷിഖ് കണ്ടോത്ത്, സജീർ ചട്ടന്റെവിട, ഫവാസ് ചട്ടന്റെവിട, ആഷിഖ് മുച്ചിലോട്ടുമ്മൽ, അജിനാസ് കണിയാട്ടുമ്മൽ, നുഫൈയിൽ മുടവന്തേരി എന്നീ ആറ് പേർക്കെതിരെയും കണ്ടാലറിയുന്ന പത്തുപേർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

ഇതിൽ ആറാം പ്രതിയായി ചേർത്ത നുഫൈയിൽ മുടവന്തേരി രണ്ട് മാസം മുമ്പേ ഗൾഫിലേക്ക് പോയയാളാണ്. ഇദ്ദേഹം ഇപ്പൊഴും ഗൾഫിലാണ്. എക്സ്പ്ലോസീവ് ആക്ട് പ്രകാരമാണ് കേസ്സ്.

സംഭവത്തെ കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുകയാണെന്ന് നാദാപുരം പൊലീസ് അറിയിച്ചു. അതിനിടെ, അപകടം നടന്ന തൂണേരി പഞ്ചായത്തിലെ മുടവന്തേരി ഭാഗത്ത് ബോംബ് സ്ക്വാഡിന്റെ പരിശോധന ആരംഭിച്ചിട്ടുണ്ട്.


#police #made #serious #mistake #case #of #jeep #wreckinge #Mudavanteri #blast

Next TV

Top Stories