നാദാപുരം: (nadapuram.truevisionnews.com) ഓണേശ്വരന്റെ വേഷവിതാനങ്ങൾ കണ്ട് കുട്ടികൾ വിസ്മയം കൊണ്ടു. ചമയങ്ങൾ കണ്ടു. ഒപ്പം ഓണേശ്വരൻ വേഷം കെട്ടുന്ന കലാകാരനുമായി അഭിമുഖവും നടത്തി.
അങ്ങനെ സിസിയുപി സ്കൂൾ വിദ്യാർഥികൾക്ക് നവ്യാനുഭവമായി. ഏഴാം ക്ലാസിലെ പാഠഭാഗവുമായി ബന്ധപ്പെട്ട് പ്രാദേശിക കലാകാരനുമായി അഭിമുഖം നടത്താനുള്ള പ്രവർത്തനത്തിന്റെ ഭാഗമായാണ് ഓണപ്പൊട്ടന്റെ ദേശം എന്നറിയപ്പെടുന്ന നിട്ടൂരിലെത്തി അഖിലേഷുമായി കുട്ടികൾ സംവദിച്ചത്.
ഓണപ്പൊട്ടന്റെ വേഷങ്ങളക്കുറിച്ചും ചമയങ്ങളെക്കുറിച്ചും വ്രതാനുഷ്ടാനങ്ങളെക്കുറിച്ചുമുളള കുട്ടികളുടെ സംശയങ്ങൾക്ക് അദ്ദേഹം വ്യക്തമായി വിശദീകരണം നൽകി.
ഇതിനോടൊപ്പം കുട്ടികൾ പന്തീരടിമനയും സന്ദർശിച്ചു. അണുകുടുംബങ്ങളിൽ കഴിയുന്ന കുട്ടികൾക്ക് 62 മുറികളുള്ള മനയും ചാണകം മെഴുകിയ നിലവും അവരുടെ സങ്കല്പങ്ങൾക്കും അപ്പുറമായിരുന്നു.
സ്കൂളിലെ വിദ്യാരംഗം സാഹിത്യ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ ഈ പരിപാടിക്ക് അധ്യാപകരായ ശ്രീജ, സുനിത, ബീന എന്നിവർ നേതൃത്വം നല്കി.
#Pantiradi #Mana #Onapotan #charms #seen #students #said #new #experience