നാദാപുരം: നാദാപുരത്തെ പ്രധാന റോഡുകളിൽ ഒന്നായ ആവോലം- കല്ലാച്ചി റോഡിലെ കുഴികൾ ഭീഷണിയാകുന്നു. തലശ്ശേരി- നാദാപുരം സംസ്ഥാനപാതയിൽ നിന്നും എളുപ്പവഴിയായി കല്ലാച്ചിയിലേക്ക് പ്രവേശിക്കുവാനുള്ള റോഡാണിത്. ഭാരത് ഗ്യാസിന്റെയും, ചൊടലയിൽ മുക്കിന്റെയും ഇടയിൽ ചില ഭാഗങ്ങളിൽ റോഡിൽ മുഴുവനായും കുഴിയുള്ളത് വളരെ പ്രയാസമാണ് കാൽനടയാത്രക്കാർക്കും, വാഹന യാത്രക്കാർക്കും സൃഷ്ടിക്കുന്നത്.

പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള പ്രധാന റോഡ് കൂടിയാണിത്. ഇത് വീതി കൂട്ടി എയർപോർട്ട് റോഡായി മാറും എന്ന് നേരത്തെ വ്യാപാരികൾക്കിടയിൽ പ്രതീക്ഷയുണ്ടായിരുന്നു. പക്ഷേ പിന്നീടങ്ങോട്ട് നടപടികളൊന്നും പൂർത്തിയായിട്ടില്ല. സമീപത്തെ കടയുടമ ട്രൂ വിഷൻ ന്യൂസിനോട് പറഞ്ഞു. ചൊടലയിൽ മുക്കിന് സമീപത്തുള്ള റേഷൻ കട ജീവനക്കാർ വളരെ പ്രയാസത്തിലാണ്.
ജലനിധിയുടെ കുടിവെള്ള വിതരണത്തിനായി കുഴിയെടുത്തതിനുശേഷം പൈപ്പിടുകയും, ശേഷം മണ്ണിട്ട് മൂടുകയും ചെയ്തു. പക്ഷേ നേരാവണ്ണമല്ല മണ്ണിട്ട് മൂടിയത്. ഇത് കാരണം റേഷൻ കടയിലേക്ക് വരുന്ന ചരക്ക് വാഹനത്തിന് റോഡിന് സമീപത്ത് നിർത്താനും, പാർക്ക് ചെയ്യാനും സാധ്യമാകുന്നില്ല. കൂടാതെ ഉപഭോക്താക്കളുടെ വാഹനം പാർക്ക് ചെയ്യാനും ബുദ്ധിമുട്ടുന്നു. മാത്രവുമല്ല, വർഷകാലത്ത് മണ്ണ് ഒലിച്ചു പോകുവാനും പൈപ്പ് മുകളിലോട്ടു വരാനുമുള്ള സാധ്യതയുമുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി ജലനിധി അധികൃതരോട് കടയുടമ ആവശ്യപ്പെട്ടിരുന്നു.
സമീപത്തു തന്നെ ജലനിധിയുടെ ജെ.സി.ബി പാർക്ക് ചെയ്തിട്ടുണ്ട്. റേഷൻ കടയ്ക്ക് ശേഷം ആവോലത്തേക്ക് പോകുന്ന റോഡിന്റെ ഇടതു വശത്ത് ജലനിധിയുടെ പൈപ്പ് പൊട്ടി വെള്ളം പാഴാവുകയാണ്. ഇത് ശരിയാക്കാനുള്ള നടപടിയും അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. ഏതൊരാൾക്കും നടന്നുപോകുമ്പോൾ കാണുവാൻ സാധിക്കും ഭൂമിക്കടിയിൽ നിന്നും വെള്ളം മെല്ലെ പുറത്തുവരുന്നത്. ഇവിടെ ചളിയും രൂപപ്പെട്ടിരിക്കുന്നു. ജല നിധിയുടെ പൈപ്പിടുന്ന സമയത്ത് യഥാക്രമം ശരിയായി മണ്ണിട്ട് മൂടണം എന്നാണ് വ്യാപാരികളുടെ പ്രധാന ആവശ്യം. ഭൂമിക്കടിയിലെ പൊട്ടിയ പൈപ്പ് ശരിയാക്കണം എന്നും അവർ പറഞ്ഞു. കൂടാതെ കല്ലാച്ചി- ആവോലം റോഡിലെ കുണ്ടും കുഴിയുമുള്ള ഭാഗത്ത് എത്രയും പെട്ടെന്ന് അറ്റകുറ്റപണി നടത്തണമെന്നും ഇവർ അധികൃതരോട് ആവശ്യപ്പെട്ടു.
The journey is miserable; Awolam in Nissangata - Kallachi Road