വളയം:(nadapuram.truevisionnews.com) മയക്ക് മരുന്ന് നൽകി യുവാക്കളെയും സ്കൂൾ വിദ്യാർത്ഥികളെയും വഴിതെറ്റിക്കുന്ന സമൂഹ വിരുദ്ധർക്കെതിരെ പ്രതികരിച്ചതിന് വളയം വരായാലിൽ വീട് കൈയ്യേറി അക്രമം.
ഫോണിൽ വധ ഭീഷണിയെ തുടർന്ന് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് വളയം പോലീസിൽ പരാതി നൽകി മടങ്ങിയെത്തിയ ഉടനെയാണ് അക്രമം നടന്നത്.
അഞ്ച് യുവാക്കൾ അടങ്ങുന്ന സംഘമാണ് വരയാലിലെ ചാമവാളിയ പറമ്പത്ത് സിപി രാജുവിൻ്റെ വീട്ടിൽ അതിക്രമിച്ച് കടന്ന് വന്ന് രാജുവിനെയും ഭാര്യ സുജിലയേയും കൈയ്യേറ്റം ചെയ്യുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
വീട്ടിൽ അഴിഞ്ഞാടാൻ ശ്രമിച്ച സംഘത്തെ ബന്ധുക്കളും നാട്ടുകാരും വിരട്ടി ഓടിക്കുകയായിരുന്നു. ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം.
വരയാലിലെ പ്രണവ് ചന്ദ്രൻ്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് അക്രമം നടത്തിയതും വധ ഭീഷണി മുഴക്കിയതെന്നും രാജുവും ഭാര്യ സുജിലയും വളയം പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. അക്രമത്തിന് ശേഷം പ്രണവ് ചന്ദ്രൻ്റെ വീട്ടിൽ കേന്ദ്രീകരിച്ച സംഘത്തിനെതിരെ നാട്ടുകാർ പ്രതിഷേധിച്ചു.
അക്രമികളെ പൊലീസ് അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു നാട്ടുകാർ രംഗത്ത് വന്നത്. വളയം പൊലീസ് സ്ഥലത്തെത്തിയെങ്കിലും പ്രതികളെ കസ്റ്റഡിയിലെടുക്കുന്നതിന് പകരം അവരെ പൊലീസ് ജീപ്പിൽ വീട്ടിലെത്തിച്ച് കൊടുക്കുകയാണ് ചെയ്തതെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്.
വരയാലിൽ മയക്ക് മരുന്ന് സംഘങ്ങൾ കേന്ദ്രീകരിക്കുന്നുണ്ടെന്നും ദൂരെ ദിക്കുകളിൽ നിന്ന് അർദ്ധ രാത്രിയും അസമയത്തും അപരിചിതരായ ആളുകൾ ഇവിടെ വന്നു പോകുന്നതായി ഇൻ്റലിജൻസ് വിഭാഗം ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് നേരത്തെ റിപ്പോർട്ട് നൽകിയിരുന്നു.
നാട്ടുകാർ യോദ്ധാവ് എന്ന ലഹരിവിരുദ്ധ പൊലീസ് സ്ക്വോഡിന് നൽകിയ രഹസ്യ വിവരത്തെ തുടർന്ന് ഇവിടെ ഒരു വീട്ടിൽ പൊലീസ് പരിശോധന നേരത്തെ നടന്നിരുന്നു.
കഴിഞ്ഞ ദിവസം മയക്കുമരുന്ന് മാഫിയയുമായി ബന്ധപ്പെട്ട മാധ്യമ വാർത്ത പ്രദേശത്തെ ഒരു വാട്സ് ആപ്പ് ഗ്രൂപ്പിൽ ചർച്ച ചെയ്തിരുന്നു. ഈ ഗ്രൂപ്പിൽ രാജുവും ചർച്ചയിൽ പങ്കെടുത്തതിൻ്റ വിരോധമാണ് അക്രമത്തിന് പിന്നിലെന്ന് കരുതുന്നു.
വളയത്തെ മാധ്യമ പ്രവർത്തകൻ്റെ കുടുംബത്തിന് നേരെയും വധഭീഷണി ഉയർത്തിയിട്ടുണ്ട്. ഈ സംഭവത്തിൽ പ്രണവ് ചന്ദ്രനെതിരെ വളയം പൊലീസിൽ കുടുംബം പരാതി നൽകിയിട്ടുണ്ട്.
ഇതിനിടെ അക്രമം നടത്തിയ ശേഷം പ്രണവ് ചന്ദ്രൻ്റെ വീട്ടൽ കേന്ദ്രീകരിച്ചവർക്കെതിരെ പ്രതികരിച്ച ഡിവൈഎഫ്ഐ - സിപിഐഎം പ്രവർത്തകരെ പ്രതി ചേർക്കാനും നീക്കം നടക്കുന്നുണ്ട്.
#When #the #violence #reported #police #For #reacting #against #drug #lobby #violence #broke #out #house #Valayam #Varayal