നാദാപുരം: (nadapuram.truevisionnews.com)വാണിമേലിൽ സാദിഖ് അലി തങ്ങളുടെ കാർ യൂത്ത് ലീഗ് പ്രവർത്തകർ തടഞ്ഞു.
സംഭവത്തിനു പിന്നാലെ പാർട്ടി വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ അണികൾ തമ്മിൽ ചേരിപ്പോരും തുടങ്ങി.
മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങളുടെ കാർ യൂത്ത് ലീഗ് പ്രവർത്തകർ തടഞ്ഞു വച്ചു.
തങ്ങളുടെ പ്രൈവറ്റ് സെക്രട്ടറിക്കും ദേശീയ ജനറൽ സെക്രട്ടറിയും മുൻ മന്ത്രിയുമായ പി കെ കുഞ്ഞാലികുട്ടിയുടെ ഗൺമാനും നേരെ പ്രതിഷേധവും കയ്യേറ്റ ശ്രമവും.
ഉരുൾപൊട്ടൽ ദുരന്തമുണ്ടായ വിലങ്ങാട് സന്ദർശിച്ച് മടങ്ങവെ ഇന്ന് വൈകീട്ടോടെയായിരുന്നു സംഭവം.
വിലങ്ങാട് നിന്ന് മടങ്ങുമ്പോൾ സാദിഖ് അലി തങ്ങൾ പി കെ കുഞ്ഞാലിക്കുട്ടിയുടെ കാറിലായിരുന്നു സഞ്ചരിച്ചിരുന്നത്. ഇതേ തുടർന്ന് ഗൺമാൻ തങ്ങളുടെ കാറിലേക്ക് മാറി .
വാഹനവ്യൂഹം കടന്നു പോകുംമ്പോൾ യൂത്ത് ലീഗ് പ്രവർത്തകരും വാണിമേൽ ഗ്രാമപഞ്ചായത്ത് അംഗങ്ങളും സഞ്ചരിച്ച കാർ ഈ കാറിനെ മറികടന്നു.
സുരക്ഷ കണക്കിലെടുത്ത് ഗൺമാൻ ഉണ്ടായിരുന്ന തങ്ങളുടെ കാർ വീണ്ടും കുഞ്ഞാലിക്കുട്ടിയുടെ കാറിനുപിന്നാലെ എത്തി . ഈ സമയം യൂത്ത് ലീഗ് പ്രവർത്തകർ സഞ്ചരിച്ച ബൈക്കിൽ ഇടിച്ചു എന്ന് ആരോപിച്ചാണ് വാണിമേൽ കരുകുളത്ത് നേതാക്കളുടെ വാഹനവ്യൂഹം എത്തിയപ്പോൾ തങ്ങളുടെ കാർ തടഞ്ഞത് .
വൈകീട്ട് ആറരയോടെയായിരുന്നു സംഭവം. സംഭവം വലിയ വിവാദമാണ് മേഖലയിൽ ഉണ്ടാക്കിയത്.
സാദിഖ് അലി തങ്ങളുടെ കാർ തടഞ്ഞ് വച്ച് പ്രകോപനം സൃഷ്‌ടിച്ചവർക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് പാർട്ടി വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ വലിയ തരത്തിലുള്ള വാക്ക് പോരുകളാണ് നടക്കുന്നത്.
#vanimel #SadiqAli #car #stopped #Youth #League #Clashes #started #among #party