---
title: "ആർക്കും കിട്ടാത്ത കോടികൾ; ആദിവാസി പുനരധിവാസം വൈകുന്നു, ഭൂമി നൽകിയവരും പ്രതിസന്ധിയിൽ"
english_title: "Crores that no one gets; Tribal rehabilitation delayed; Land givers are also in crisis"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/44446/crores-that-no-one-gets-tribal-rehabilitation-delayed-land-givers-are-also-in-crisis"
published_at: "2022-05-23T11:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628b27a45d359_house.jpg"
keywords: []
---

# ആർക്കും കിട്ടാത്ത കോടികൾ; ആദിവാസി പുനരധിവാസം വൈകുന്നു, ഭൂമി നൽകിയവരും പ്രതിസന്ധിയിൽ

> **Lead Summary:** **വാണിമേൽ : ** സ്ഥലത്തിന്റെ രജിസ്ട്രേഷൻ നടപടികൾ വൈകുന്നതു കാരണം വിലങ്ങാട് അടുപ്പിൽ ആദിവാസി കോളനി നിവാസികൾക്കായി സർക്കാർ അനുവദിച്ച സ്ഥലം നൽകിയ കർഷകർ കടുത്ത പ്രതിസന്ധിയിൽ.

## Article Content

**വാണിമേൽ : ** സ്ഥലത്തിന്റെ രജിസ്ട്രേഷൻ നടപടികൾ വൈകുന്നതു കാരണം വിലങ്ങാട് അടുപ്പിൽ ആദിവാസി കോളനി നിവാസികൾക്കായി സർക്കാർ അനുവദിച്ച സ്ഥലം നൽകിയ കർഷകർ കടുത്ത പ്രതിസന്ധിയിൽ.

ഏഴു കർഷകരാണ് 12 ഏക്കർ സ്ഥലം വിലങ്ങാട് റൂട്ടിൽ കോളനിക്കടുത്ത് ആദിവാസികൾക്കായി നൽകാൻ തീരുമാനിച്ചത്. സ്ഥലം നൽകുന്ന കർഷകരുടെ കൂട്ടുസ്വത്തായതിനാൽ രജിസ്‌ട്രേഷൻ നടക്കാത്തതു കാരണം ഇരുപതിലധികംപേർക്കാണ് പണം ലഭ്യമാകാത്തത്.

65 ആദിവാസി കുടുംബങ്ങൾക്ക് ഭൂമി വാങ്ങാനും വീടുവെക്കാനുമായി പത്തുലക്ഷംരൂപ വീതമാണ് സർക്കാർ അനുവദിച്ചത്. റവന്യൂവകുപ്പിന്റെ ദുരന്തനിവാരണ വകുപ്പിൽനിന്ന്‌ ആറരക്കോടിരൂപയാണ് ഇതിനായി സർക്കാർ അനുവദിച്ചത്. സ്ഥലത്തിന്റെ വിലയനുസരിച്ച് ഒരു കുടുംബത്തിന് 13 സെന്റ് മുതൽ 26 സെന്റ് വരെയാണ് നൽകുന്നത്.

കോളനിയിലെ ആദിവാസി കുടുംബങ്ങൾക്ക് ലഭിക്കുന്ന സ്ഥലം നറുക്കെടുപ്പിലൂടെയാണ് തീരുമാനിച്ചത്. ജനപ്രതിനിധികളുടെ സാന്നിധ്യത്തിൽ നാലുമാസംമുമ്പാണ് സ്ഥലത്തിന്റെ നറുക്കെടുപ്പ് പൂർത്തിയായത്. നറുക്കെടുപ്പിലൂടെ ലഭിച്ച സ്ഥലം ഒരോ ആദിവാസി കുടുംബങ്ങൾക്കും ഉദ്യോഗസ്ഥർ നേരിൽ കാണിച്ചുകൊടുത്തു.

ഇതേത്തുടർന്ന് സ്ഥലത്തിൽനിന്നുള്ള ആദായങ്ങൾ ആദിവാസികളാണ് ശേഖരിക്കുന്നത്. രജിസ്‌ട്രേഷൻ നടപടികൾ ഉടൻ നടക്കുമെന്ന ഉറപ്പിൽ സ്ഥലമുടമകളായ കർഷകർ എതിർപ്പ് പ്രകടിപ്പിച്ചില്ല. മാർച്ച് മധ്യത്തിൽ സ്ഥലത്തിന്റെ രജിസ്‌ട്രേഷൻ നടക്കുമെന്നായിരുന്നു റവന്യൂവകുപ്പ് ഉദ്യോഗസ്ഥർ കർഷകരെ അറിയിച്ചത്.

സ്ഥലത്തിന്റെ പണവും സ്ഥലത്തിൽനിന്നുള്ള ആദായവും ലഭിക്കാത്തതോടെ സ്ഥലമുടമകൾ ഇപ്പോൾ കടുത്ത പ്രതിഷേധത്തിലാണ്. തേങ്ങ, വാഴ, കവുങ്ങ്, മാങ്ങ തുടങ്ങിയ ഒട്ടേറെ കാർഷിക വിളകളാണ് സ്ഥലത്തുള്ളത്.രജിസ്‌ട്രേഷൻ നടപടി ഉടൻ നടക്കുമെന്ന ഉറപ്പിൽ സ്ഥലത്തെ മരങ്ങൾ മുറിച്ചുമാറ്റാത്ത സ്ഥല ഉടമകളുമുണ്ട്.

ഇത്തരക്കാർ മരം മുറിച്ച് വിൽപ്പന നടത്താനുള്ള ആലോചനയും തുടങ്ങിയിട്ടുണ്ട്. സ്ഥലത്തിന്റെ രജിസ്‌ട്രേഷൻ നടപടികൾ ഉടൻ പൂർത്തിയായിട്ടില്ലെങ്കിൽ സ്ഥലത്തിൽനിന്നുള്ള ആദായങ്ങൾ ശേഖരിക്കാനാണ് സ്ഥല ഉടമകളുടെ തീരുമാനം. എന്നാൽ, സ്ഥലം തങ്ങളുടെതാണെന്ന നിലപാടാണ് കോളനിവാസികൾക്ക്. രജിസ്‌ട്രേഷൻ നടപടികൾ നീണ്ടുപോകുന്നത് പ്രശ്നം വഷളാക്കാനിടയാക്കുമെന്ന് റവന്യൂവകുപ്പ് ഉദ്യോഗസ്ഥരും ശരിവെക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/44446/crores-that-no-one-gets-tribal-rehabilitation-delayed-land-givers-are-also-in-crisis)