വാണിമേൽ : ഒരാഴ്ചയായി നടന്നു വരുന്ന വാണിമേൽ എം യു പി സ്കൂളിന്റെ 114 ആം വാർഷികാഘോഷ പരിപാടികൾ നാട്ടുപൊലിമ സമാപിച്ചു. സംവേദനം, ഓർമ്മച്ചെപ്പ്, സർഗ്ഗ വസന്തം, മോട്ടിവേഷൻ, അനുമോദനം, സ്നേഹാദരം തുടങ്ങിയ വ്യത്യസ്ത പരിപാടികളാണ് ആഘോഷത്തിന്റെ ഭാഗമായി നടന്നത്.

സമാപന സമ്മേളനം മോയിൻകുട്ടി വൈദ്യർ മാപ്പിള അക്കാദമി സെക്രട്ടറി ഫൈസൽ എളേറ്റിൽ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് എം കെ അഷ്റഫ് അധ്യക്ഷത വഹിച്ചു. സിനിമ സീരിയൽ താരം ആർ കെ പൂവത്തിക്കൽ മുഖ്യാതിഥിയായി.
ആഘോഷ പരിപാടിയുടെ ഭാഗമായി പ്രസിദ്ധീകരിച്ച പെരുമ സപ്ലിമെന്റ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി വനജ പ്രകാശനം ചെയ്തു. പ്രവാസി വ്യാപാരി വി പി സലാം ഹാജി ഏറ്റുവാങ്ങി. സർവീസിൽ നിന്ന് വിരമിക്കുന്ന സ്കൂൾ അധ്യാപിക പി കെ ജയവല്ലിക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി സുരയ്യ ടീച്ചർ ഉപഹാരം നൽകി. മുൻ പ്രധാന അധ്യാപകൻ പരേതനായ താവോട്ട് അബ്ദുറഹ്മാൻ മാസ്റ്ററുടെ കുടുംബം സംഭാവന ചെയ്ത സ്റ്റേജ് ജില്ലാ പഞ്ചായത്ത് അംഗം സി വി എം നജ്മ സ്കൂളിന് സമർപ്പിച്ചു.
വിവിധ മത്സരങ്ങളിൽ വിജയിച്ചവർക്ക് സ്കൂൾ മാനേജർ എം കെ അമ്മദ് മാസ്റ്റർ സമ്മാനങ്ങൾ വിതരണം ചെയ്തു. ജനപ്രതിനിധികളായ ടി സുഹ്‌റ, ഫാത്തിമ കണ്ടിയിൽ, റസാഖ് പറമ്പത്ത്, പി ടി എ ഭാരവാഹികളായ ഇസ്മായിൽ വാണിമേൽ, ജസ്‌ല ആസാദ്, മുൻ പ്രധാനാധ്യാപകരായ ടി കുഞ്ഞാലി മാസ്റ്റർ, വി കെ കുഞ്ഞാലി മാസ്റ്റർ, സ്വാഗതസംഘം ഭാരവാഹികളായ ടി കെ മൊയ്തൂട്ടി, എം കെ നൗഷാദ്, സുഹൈല സാലിഹ്, സൽമ വാഴയിൽ തുടങ്ങിയവർ സംസാരിച്ചു.
ഹെഡ് മാസ്റ്റർ സി വി അഷ്‌റഫ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ടി പി സറീന നന്ദിയും പറഞ്ഞു. നേരത്തെ നടന്ന ഇംഗ്ലീഷ് ഫെസ്റ്റ് റിട്ട.എ ഇ ഒ : അബ്ദുള്ള വാവല്ലോട്ട് ഉദ്ഘാടനം ചെയ്തു. പ്രീ പ്രൈമറി കുട്ടികളുടെയും സ്കൂൾ വിദ്യാർത്ഥി കളുടെയും വിവിധ കലാ പരിപാടികളും അരങ്ങേറി.
Natupolima concluded; Vanimele MUP School Annual Celebration concluded