സൗജന്യമായി വിട്ടുനൽകിയത് കോടികള്‍ വിലവരുന്ന ഭൂമി ;അഗ്നിശമനസേനക്കെതിരെ യൂത്ത് ലീഗ് നാദാപുരത്ത് വീണ്ടും വിവാദം കത്തിക്കുന്നു

By | Wednesday May 23rd, 2018

SHARE NEWS

നാദാപുരം:  അഗ്നിശമനസേനക്കെതിരെ യൂത്ത് ലീഗ് നാദാപുരത്ത് വീണ്ടും വിവാദം കത്തിക്കുന്നു . യൂത്ത് ലീഗ് നടപടിക്കെതിരെ ഗ്രാമപഞ്ചായത്ത് അംഗം മുതിര്‍ന്ന ലീഗ് പ്രാദേശിക നേതാവുമായ  വി.എ. മുഹമ്മദ് ഹാജി പ്രതിഷേധവുമായി രംഗത്ത് . കളി സ്ഥലം നഷ്ട്ടമാകുന്നു വെന്ന് പറഞ്ഞ് ചേലക്കാട് ഫയർ സ്റ്റേഷന്  എതിരെ വിവാദം ഉണ്ടാക്കിയവര്‍ തന്നെയാണ് വീണ്ടും വിവാദത്തിന് തീകൊളുത്തുന്നത്.

വർഷങ്ങളായി ചേലക്കാട് മിനി സ്റ്റേഡിയം കെട്ടിടത്തിൽ താൽക്കാലികമായി പ്രവർത്തിക്കുന്ന ഫയർ സ്റ്റേഷന് സ്ഥിരം കെട്ടിടം നിർമിക്കുന്നതിന് നാദാപുരത്ത് സ്വകാര്യവ്യക്തികൾ സർക്കാറിന് സ്ഥലം കൈമാറിയതിനിടയിൽ വിവാദവുമായി തൽപരകക്ഷികൾ രംഗത്ത്.

തണ്ണീർത്തടം നികത്തിയാണ് ഫയർ സ്റ്റേഷൻ കെട്ടിടം നിർമിക്കുന്നതെന്നാണ് സമൂഹ മാധ്യമങ്ങൾ വഴി നടക്കുന്ന പ്രചാരണം.
നാദാപുരം ഗവ. ആശുപത്രിക്ക് സമീപം പുളിക്കൂൽ തോടിനോടു ചേർന്ന 25 സ​െൻറ് സ്ഥലമാണ് ഫയർ സ്റ്റേഷൻ കെട്ടിടം നിർമിക്കാൻ സർക്കാറിന് സൗജന്യമായി വിട്ടുനൽകിയത്.

തൂണേരിയിലെ തയ്യുള്ളതിൽ ഇസ്മായിൽ 15 സ​െൻറ് സ്ഥലവും നാദാപുരത്തെ റഫീഖ് തങ്ങളുടെ കൈവശമുള്ള 10 സ​െൻറ് സ്ഥലവുമാണ് കൈമാറിയത്. കഴിഞ്ഞ ദിവസം തിരുവവനന്തപുരത്ത് മുഖ്യമന്ത്രിക്ക് നേരിട്ട് രേഖകൾ കൈമാറുകയായിരുന്നു.

ഇവിടെ കെട്ടിടം നിർമിക്കുന്നതിന് സർക്കാർ ഫണ്ട് അനുവദിക്കുകയും ചെയ്തു. ഇതുസംബന്ധമായി നേരത്തേ നാദാപുരം ഗ്രാമപഞ്ചായത്ത് ബോർഡ് യോഗം ചേരുകയും പ്രപ്പോസൽ സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇ.കെ. വിജയൻ എം.എൽ.എ മുഖ്യമന്ത്രിക്ക് അപേക്ഷയും നൽകി. ഇതിനു ശേഷമാണ് ഉടമകൾ മുഖ്യമന്ത്രിക്ക് സ്ഥലം കൈമാറിയത്.

സമൂഹ മാധ്യമങ്ങൾ വഴി നടക്കുന്ന പ്രചാരണങ്ങൾക്ക് ചുവടുപിടിച്ച് വിവാദത്തിൽ കക്ഷിചേർന്ന് നാദാപുരം പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് രംഗത്തിറങ്ങിയത് ലീഗിലും വിവാദമായി. നാദാപുരം ഗ്രാമപഞ്ചായത്തിലെ ഇരുപതാം വാർഡിലാണ് കൈമാറിയ സ്ഥലം കിടക്കുന്നത്. ഗ്രാമപഞ്ചായത്ത് അംഗം വി.എ. മുഹമ്മദ് ഹാജി പ്രത്യേക ശ്രമംനടത്തിയാണ് സ്വകാര്യവ്യക്തികളെ കൊണ്ട് സൗജന്യമായി സ്ഥലം ലഭ്യമാക്കിയത്.

എന്നാൽ, സ്വകാര്യവ്യക്തികൾ വിട്ടുനൽകിയ സ്ഥലം തണ്ണീർത്തടമാണെന്നും ഇത് നികത്തി ഫയർ സ്സ്റ്റേഷൻ നിർമിക്കുന്നതിനെതിരെ പ്രക്ഷോഭമാരംഭിക്കുമെന്നുമാണ് യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റിയുടെ നിലപാട്. ഇതുസംബന്ധമായി പഞ്ചായത്ത് പ്രസിഡൻറ് എടത്തിൽ നിസാറും സെക്രട്ടറി ഇ. ഹാരിസും വാർത്തക്കുറിപ്പിറക്കി.

യൂത്ത് ലീഗ് നടപടിക്കെതിരെ ഗ്രാമപഞ്ചായത്ത് അംഗം വി.എ. മുഹമ്മദ് ഹാജി പ്രതിഷേധവുമായി രംഗത്തിറങ്ങി. വികസന വിരോധികളായ തൽപരകക്ഷികൾ പടച്ചുവിടുന്ന വ്യാജപ്രചാരണങ്ങളിൽ കാര്യങ്ങൾ മനസ്സിലാക്കാതെ യൂത്ത് ലീഗ് എടുത്തുചാടിയത് ശരിയായില്ലെന്ന് അദ്ദേഹം പറഞ്ഞു.

പരസ്യ പ്രസ്താവനയിറക്കുന്നതിനു മുമ്പായി നിജസ്ഥിതി തന്നോടെങ്കിലും ആലോചിക്കണമായിരുന്നുവെന്ന് അദ്ദേഹം അറിയിച്ചു. നാദാപുരം വില്ലേജിൽ റീസർവേ 73/1 തോട്ടമായി രേഖപ്പെടുത്തിയ സ്ഥലം എല്ലാ പരിശോധനകൾക്കും ശേഷമാണ് ഫയർ സ്റ്റേഷൻ കെട്ടിടം നിർമിക്കാൻ കൈമാറിയത്. സ്ഥലത്തേക്ക് റോഡ് നിർമിക്കാൻ പുളിക്കൂൽ തോടിന് ഓരം ചേർന്ന് പഞ്ചായത്ത് വക സ്ഥലം വിട്ടുനൽകാൻ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു.

Tags:
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read