എടച്ചേരി: അന്താരാഷ്ട്ര ജലദിനമായി ഇന്ന് പ്രതീക്ഷയുടെ ചിറകിലാണ് എടച്ചേരി ഗ്രാമവും. വടകര- മാഹി കനാൽ പ്രവൃത്തി അനുദിനം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. 2025ഓടെ പദ്ധതി പൂർത്തിയാക്കി നാടിന് സമർപ്പിക്കുമെന്നാണ് മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ പ്രഖ്യാപിച്ചിരിക്കുന്നത്.

കളിയാംവെള്ളി പാലം മുതൽ കുറുവയിൽ ഫൂട്ട് ബ്രിഡ്ജ് വരെയുള്ള 860 മീറ്റർ ജോലിയാണ് എച്ചേരി ഭാഗത്ത് പുരോഗമിക്കുന്നത്. എറണാകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന കോൺട്രാക്ടർ കമ്പനിക്കാണ് നിർമ്മാണ ചുമതല. ശരാശരി 35 മീറ്റർ മുതൽ 55 മീറ്റർ വരെയാണ് വീതി.
ഇതിൽ മാഹിയിൽ നിന്നും പുറപ്പെട്ട് കളിയാംവെള്ളിയിൽ പ്രവേശിക്കുന്നതിന്റെ മുമ്പുള്ള വളവിൽ 55 മീറ്ററിലധികം വീതിയുണ്ട്. വലിയ ഹിറ്റാച്ചി, ജെസിബി ഉപയോഗിച്ച് കൊണ്ട് കളിയാംവെള്ളി ഭാഗത്തുള്ള തോടിന്റെ ആഴം കൂട്ടുന്ന ജോലിയിൽ മുഴുകിയിരിക്കുകയാണ് തൊഴിലാളികൾ.
നിർദ്ദിഷ്ട മാഹി- വടകര കനാലിന് ഏഴു മുതൽ 15 മീറ്ററിലധികം ആഴമുണ്ടാകും . കൂടാതെ അഞ്ചു മീറ്ററിൽ അധികം ഉയരത്തിൽ നിർമ്മിക്കുന്ന കനാലിന്റെ സംരക്ഷണഭിത്തി യുടെ ജോലിയും ത്വരിതഗതിയിൽ പുരോഗമിക്കുന്നു. എടച്ചേരി- ഏറാമല ഗ്രാമപഞ്ചായത്തിനെ ബന്ധിപ്പിക്കുന്ന തയ്യിൽ പാലത്തിന്റെ ജോലിയും ഉടനെ ആരംഭിക്കും.
പാലം യാഥാർഥ്യമായാൽ എടച്ചേരിയും- ഏറാമലയും തമ്മിലുള്ള എളുപ്പവഴി കൂടിയാകും ഇത്. എടച്ചേരിയിൽ ഉള്ളവർക്ക് ഏറാമലയിൽ പ്രവേശിക്കണമെങ്കിൽ ഓർക്കാട്ടേരി ടൗൺ വഴി പോകണമെന്നുള്ള മുൻകാല അവസ്ഥയ്ക്കും ഇതോടെ പരിഹാരമാകും.
വടകര, നാദാപുരം, കുറ്റ്യാടി മണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന കനാൽ ഗതാഗതത്തിനൊപ്പം വാണിജ്യ വ്യവസായ രംഗത്തിനും, വിനോദസഞ്ചാര മേഖലകൾക്കും, വലിയ കരുത്താകും സൃഷ്ടിക്കുക. വടകര - മാഹി കനാൽ സംസ്ഥാനത്തിന്റെ സ്വപ്ന പദ്ധതിയായ തിരുവനന്തപുരം- കാസർകോട് വെസ്റ്റ് കോസ്റ്റ് കനാലിന്റെ ഭാഗമാണ്. വടകര- മാഹി കനാലിൽ ആകെയുള്ളത് 9 പാലങ്ങളാണ്.
ഇതിൽ പറമ്പിൽ, കല്ലേരി പാലങ്ങൾ പൂർത്തിയായി. മൂന്നെണ്ണത്തിന്റെ നിർമ്മാണം തുടങ്ങി. ഇതിൽ മൂഴിക്കൽ, വെങ്ങോലി പാലങ്ങൾ ലോക്ക് കം ബ്രിഡ്ജ് ആണ്. കളിയാംവെള്ളി, കോട്ടപ്പള്ളി, തയ്യിൽ പാലം എന്നിവയുടെ ഡിസൈൻ തയ്യാറായി.
കുറ്റ്യാടി- മാഹി പുഴകളെ ബന്ധിപ്പിക്കുന്ന വടകര- മാഹി കനാൽ നിർമാണത്തിന് അഞ്ച് റീച്ചുകളാണ് ഉള്ളത്. ആകെയുള്ള അഞ്ചു റീച്ചുകളിൽ എട്ട് പ്രവർത്തികളാണ് നടക്കേണ്ടത്. ഇതിൽ അഞ്ചു പ്രവർത്തികളുടെ സ്ഥലം ഏറ്റെടുക്കൽ പൂർത്തിയായി.
മൂഴിക്കൽ പാലം ഭാഗത്ത് ഭൂമിയുടെ നഷ്ടപരിഹാര വിതരണം തുടങ്ങി. ബാക്കി 1, 5 റീച്ചുകളിൽ സർക്കാർ നഷ്ടപരിഹാരത്തുക അനുവദിച്ചു. മൂഴിക്കൽ- കന്നിനട ഒന്നാം റീച്ചിൽ നിർമ്മാണം ഭാഗികമായി പൂർത്തിയായി. പ്രവർത്തികൾക്ക് 21.8 കോടി രൂപയുടെ ഭരണ അനുമതിയായി. കനാൽ വീതി കൂട്ടലും, ആഴം വർദ്ധിപ്പിക്കലും, കലുങ്ക് നിർമ്മാണവും പുരോഗമിക്കുന്നു. കന്നിനട- നരിക്കോത്ത് താഴെ രണ്ടാം റീച്ചിൽ നിർമ്മാണം പൂർത്തിയായി. 3.3 കിലോമീറ്റർ നിർമ്മാണമാണ് പൂർത്തിയായത്.
നരിക്കോത്ത് താഴെ- കല്ലേരി മൂന്നാം റീച്ചിൽ ചേരിപ്പൊയിൽ ഭാഗത്ത് 800 മീറ്റർ സംരക്ഷണഭിത്തിക്കായുള്ള നടപടികൾ പൂർത്തിയായി വരുന്നു. കല്ലേരി- കളിയാംവെള്ളി നാലാം റീച്ചിൽ 50 % പ്രവർത്തികളും പൂർത്തിയായി. കളിയാംവെള്ളി- തുരുത്തിമുക്ക് അഞ്ചാം റീച്ചിലുള്ള നിർമ്മാണ പ്രവർത്തിയാണ് പൂർത്തിയായി കൊണ്ടിരിക്കുന്നത്.

Article by ഷമീം എടച്ചേരി
സബ് എഡിറ്റര്‍ ട്രെയിനി -ട്രൂവിഷന്‍ ന്യൂസ് ബി എ -പൊളിറ്റിക്കല്‍ സയന്‍സ് -മടപ്പള്ളി ഗവ . കോളെജ് മടപ്പള്ളി
The waterway is ready; The village of Edachery is also hopeful