വളയം: (nadapuram news .in) കുസൃതികളുമായി കുരുന്നുകൾ ഇനി അങ്കണവാടികളിലേക്ക്. അങ്കണവാടി പ്രവേശനോത്സവമായ ചിരികിലുക്കം ആഘോഷമാക്കി കുരുന്നുകൾ. മധുരവും പൂക്കളും സമ്മാനവും നൽകിയാണ് അധ്യാപകർ കുട്ടികളെ വരവേറ്റത്. നിറഞ്ഞ കണ്ണുകളാൽ അങ്കണവാടികളിലെത്തിയ കുരുന്നുകൾ ചുമരിലെ ചിത്രങ്ങളും കളിപ്പാട്ടങ്ങളും കണ്ടതോടെ സന്തോഷത്തിലായി. ഇതോടെ ആദ്യം വരാൻ മടിച്ചവർക്കൊക്കെ അങ്കണവാടിയിൽ നിന്ന് തിരികെ പോകാൻ താത്പര്യമില്ലാതായി.

വളയം വണ്ണാർ കണ്ടി അങ്കണവാടിയിൽ പ്രവേശനോത്സവം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ടി പി നിഷ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് മെമ്പർ പി.പി സിനില അധ്യക്ഷയായി. കെ.ശ്രീജിത്ത്, നാരായണൻ നമ്പൂതിരി എന്നിവർ സംസാരിച്ചു.ടി റീത്ത സ്വാഗതവും ലീബ നന്ദിയും പറഞ്ഞു. ജില്ലയിലെ 2938 അങ്കണവാടികളിലാണ് പ്രവേശനോത്സവം സംഘടിപ്പിച്ചത്. 12000-ഓളം കുട്ടികൾ പുതിയതായി അങ്കണവാടിയിൽ പ്രവേശനം നേടി.
കഴിഞ്ഞ വർഷത്തേക്കാൾ ആയിരത്തിലധികം കുട്ടികളാണ് ഇത്തവണ പ്രവേശനം നേടിയത്. അങ്കണവാടിയും പരിസരവും ആകർഷണീയമായ രീതിയിൽ അലങ്കരിച്ചും പുതിയതായി ചേരുന്ന കുട്ടികളുടെ ഫോട്ടോ ചാർട്ട് പ്രദർശിപ്പിച്ചുമായിരുന്നു പ്രവേശനോത്സവം ആഘോഷമാക്കിയത്. പുതുതായി എത്തുന്ന കുരുന്നുകളെ സ്വീകരിക്കുവാൻ അങ്കണവാടി കുട്ടികൾ തന്നെയായിരുന്നു മുൻപന്തിയിലുണ്ടായിരുന്നത്.
വെൽക്കം കിറ്റ്, മധുരം എന്നിവ നൽകിയാണ് കുരുന്നുകളെ സ്വീകരിച്ചത്. കുട്ടികളുടെ കലാപരിപാടികളുമായതോടെ പ്രവേശനോത്സവം ആവേശഭരിതമായി. സംയോജിത ശിശുവികസന വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ മുഴുവൻ അങ്കണവാടികളിലും പ്രവേശനോത്സവം ആഘോഷിക്കാൻ വിപുലമായ ഒരുക്കങ്ങളാണ് നടത്തിയത്
. മെയ് 15 മുതൽ ജൂൺ അഞ്ച് പരിസ്ഥിതി ദിനം വരെ നീളുന്ന ആഘോഷ പരിപാടികളാണ് ആവിഷ്ക്കരിച്ച് നടപ്പിലാക്കിവരുന്നത്. അങ്കണക്കൂട്ടം, ഒരുങ്ങാം കുരുന്നുകൾക്കായ്, ഗൃഹാങ്കണസംഗമം, വീട്ടുമുറ്റത്തൊരു ഒത്തുചേരൽ, സസ്നേഹം തുടങ്ങി 12 ഓളം ആക്റ്റിവിറ്റികളാണ് സംഘടിപ്പിക്കുന്നത്. കൂടാതെ പുതിയ അങ്കണവാടിയിൽ പ്രവേശനം നേടിയ കുട്ടികൾക്ക് ആകർഷകമായ സമ്മാനങ്ങൾ നൽകി. കൂടാതെ സൂളിലേക്ക് പോകുന്ന കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
അങ്കണവാടികളിൽ പ്രീസ്കൂൾ കുട്ടികളുടെ എൻറോൾമെന്റ് വർധിപ്പിക്കുക, കുട്ടികളുടെ സമഗ്രവികസനം ഉറപ്പുവരുത്തുന്നതിൽ അങ്കണവാടികൾക്കുള്ള പ്രാധാന്യം, അങ്കണവാടികളിൽ നിന്നും ലഭിക്കുന്ന സേവനങ്ങൾ എന്നിവ സംബന്ധിച്ച് സമൂഹത്തിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് എല്ലാ വർഷവും സംസ്ഥാനത്തെ മുഴുവൻ അങ്കണവാടിയിലും പ്രവേശനോത്സവം സംഘടിപ്പിക്കുന്നത്.
Children came with mischief; Access to Anganwadis all over the country as a festival