തൂണേരി: (nadapuram.truevisionnews.com)ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാറക്കടവ് ഡിവിഷനിൽ വോട്ടെടുപ്പ് മന്ദഗതിയിൽ. കനത്ത മഴയിൽ ആളുകൾക്ക് വീടിന് പുറത്തേക്ക് പോവാൻ പോലും പറ്റാത്ത അവസ്ഥയാണുള്ളത്.
12മണി വരെയുള്ള റിപ്പോർട്ടുകൾ പ്രകാരം 18 ബൂത്തുകളിലുമായി പത്ത് ശതമാനത്തിൽ താഴെയാണ് വോട്ടിങ്ങ് നടന്നിട്ടുള്ളത്. അതിരാവിലെ വന്ന് വോട്ട് ചെയ്‌തവരുടെ കണക്കുകൾ മാത്രമാണിത്.
മഴ ശക്തമായതോടെ വോട്ട് ചെയ്യാൻ ആളുകൾക്ക് ബൂത്തിലേക്ക് വരാൻ പറ്റാത്ത അവസ്ഥയാണ്. ഉമ്മത്തൂർ വാർഡ് അടക്കമുള്ള മിക്ക വാർഡുകളിൽ നിന്നും ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ് എന്നാണ് അറിയാൻ കഴിയുന്നത്.
കനത്ത മഴ തുടർന്നാൽ വോട്ടിങ്ങ് എങ്ങനെ തുടരും എന്ന കാര്യത്തിലും ആശങ്കയുണ്ട്. രാവിലെ ഏഴ് മണിക്ക് ആരംഭിച്ച വോട്ട് വൈകിട്ട് ആറ് മണിക്ക് അവസാനിക്കും.
പട്ടികജാതി വിഭാഗത്തിന് സംവരണം ചെയ്യപ്പെട്ട ഡിവിഷനിൽ മത്സരിച്ച് ജയിച്ച എ.കെ. ഉമേഷ് കൗൺസിലർ സ്ഥാനം രാജിവെച്ചതിനാലാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
എൽഡിഎഫ് സ്ഥാനാർത്ഥിയായി പി ഷിജിൻ കുമാർ, യുഡിഎഫ് സ്ഥാനാർത്ഥി ദ്വര, ബിജെപിക്കു വേണ്ടി വിനീഷ് എന്നിവരാണ് മത്സര രംഗത്തുള്ളത്.
തൂണേരി പഞ്ചായത്തിലെ 3 വാർഡുകളും ചെക്യാട് പഞ്ചായത്തിലെ 6 വാർഡുകളും ഉൾപ്പെടുന്നതാണ് പാറക്കടവ് ഡിവിഷൻ. 9 വാർഡുകളിലായി 18 ബൂത്തുകളാണ് വോട്ടെടുപ്പിന് വേണ്ടി സജ്ജീകരിച്ചിരിക്കുന്നത്.
പാറക്കടവ് ഡിവിഷനിൽ ആകെ 12963 വോട്ടർമാരാണുള്ളത്.
#Byelections #polling #slow #Heavy #rain #Parakadu #people #unable #their #houses