നാദാപുരം : (nadapuram.truevisionnews.com) പണി തീരാത്ത റോഡ് ധൃതി പിടിച്ച് ഉദ്ഘാടനം ചെയ്യുന്നത് എന്തിനെന്ന ചോദ്യവുമായി പാറക്കടവിൽ പോസ്റ്ററുകൾ.
നാദാപുരം പാറക്കടവിൽ സിപിഎം അനുഭാവികൾ തന്നെയാണ് വ്യാപകമായി പോസ്റ്റർ പതിച്ചതെന്നാണ് വിവരം. ചെക്യാട്ട് കരിങ്കൊടിയും സ്ഥാപിച്ചു.
എന്നാൽ കൊടി രാവിലെ എടുത്തുമാറ്റി.പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസാണ് റോഡ് ഉദ്ഘാടനം ചെയ്യുന്നത്. ‘പ്രതിഷേധം. പണി തീരാത്ത റോഡിന് ഇത്ര ധൃതി പിടിച്ച് ഉദ്ഘാടനം ആർക്ക് വേണ്ടി ? അഴിമതി റോഡ്’ എന്നാണ് പോസ്റ്ററുകളിൽ എഴുതിയിരിക്കുന്നത്.
‘ജനങ്ങൾ കാഴ്ചക്കാരല്ല കാവൽക്കാരാണെന്ന് പറഞ്ഞ് നാടുനീളെ പോസ്റ്റർ അടിക്കുന്ന പിഡബ്ല്യുഡി എന്ത് കൊണ്ട് ഈ റോഡിലെ പരാതികൾ കണ്ടില്ലെന്ന് നടിച്ചു’ എന്ന് മറ്റൊരു പോസ്റ്ററിലും ചോദിക്കുന്നു.
കഴിഞ്ഞ രാത്രി 11 മണിയോടെയാണ് പോസ്റ്ററുകളും കരിങ്കൊടിയും പ്രത്യക്ഷപ്പെട്ടത്. നവീകരിച്ച പാറക്കടവ്– കടവത്തൂർ റോഡിന്റെയും പാറക്കടവ്–പുളിയാവ്–ജാതിയേറി റോഡിന്റെയും ഉദ്ഘാടനമാണ് ഇന്ന് 10.30ന് നടത്തുന്നത്.
ഉദ്ഘാടനവുമായി ബന്ധപ്പെട്ട സ്വാഗതം സംഘം രൂപീകരിക്കാൻ യോഗം ചേർന്നപ്പോൾ റോഡിന്റെ നിർമാണം പൂർത്തിയായിട്ടില്ലെന്ന കാര്യം ഡിവൈഎഫ്ഐ പ്രവർത്തകർ യോഗത്തിൽ ഉന്നയിച്ചു.
ഉദ്ഘാടനത്തിന് മുമ്പ് പണി പൂർത്തിയാക്കുമെന്ന് ബന്ധപ്പെട്ടവർ ഉറപ്പ് നൽകി. എന്നാൽ പണി പൂർത്തിയാക്കാതെ തിരക്കിട്ട് ഉദ്ഘാടനം നടത്താൻ തീരുമാനിക്കുകയായിരുന്നു.
ഇതോടെയാണ് ഉദ്ഘാടനം ദിവസം തന്നെ അഴിമതി ആരോപിച്ച് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.
#inaugurate #unfinished #road #hurry #CPM #supporters #posters #Parakkad