നാദാപുരം:(nadapuram.truevisionnews.com)ദുരന്തമുഖങ്ങളിൽ ചടുലമായ രക്ഷാപ്രവർത്തനം നടത്തുന്നതിനായി പരിശീലനം സിദ്ധിച്ച പ്രത്യേക സംഘത്തെ വനം വകുപ്പിൽ വാർത്തെടുക്കുന്ന പദ്ധതി പരിഗണനയിലെന്ന് വനം-വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ.
മുണ്ടക്കൈ, ചൂരൽമല, വിലങ്ങാട് പ്രകൃതി ദുരന്ത മേഖലകളിൽ സ്തുത്യർഹ സേവനം നടത്തിയ വനപാലകരെ ആദരിക്കുന്ന പരിപാടി കോഴിക്കോട് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
ആദ്യഘട്ടത്തിൽ വയനാട്, കോഴിക്കോട്, നിലമ്പൂർ എന്നിവിടങ്ങളിൽ ഇത്തരം പ്രത്യേക സേന രൂപീകരിക്കാനാണ് ആലോചന.
ഇത് സംബന്ധിച്ച് പഠിച്ചു റിപ്പോർട്ട് നൽകാൻ പാലക്കാട് ഈസ്റ്റേൺ സർക്കിൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ കെ വിജയാനന്ദിനെ ചുമതലപ്പെടുത്തിയതായി മന്ത്രി അറിയിച്ചു.
ആർ ആർ ടി യുടെ മാതൃകയിലായിരിക്കും ദുരന്തമുഖങ്ങളിൽ രക്ഷാപ്രവർത്തനം നടത്താൻ പ്രത്യേക പരിശീലനം ലഭിച്ച വിഭാഗം പ്രവർത്തിക്കുക.
വയനാട്ടിലെ ഉരുൾപൊട്ടൽ സമയത്ത് ദുരന്തബാധിതർക്ക് സഹായവുമായി ആദ്യമെത്തിയത് മുണ്ടക്കൈ ഫോറസ്റ്റ് സ്റ്റേഷനിലെ ജീവനക്കാരാണ്.
അവരുടെ സമയോചിത ഇടപെടൽ ധാരാളം ആളുകൾക്ക് രക്ഷയായി. തുടർന്നുള്ള രക്ഷാ പ്രവർത്തനങ്ങളിലും വയനാട്, നിലമ്പൂർ മേഖലകളിലെ വനംവകുപ്പ് ഉദ്യോഗസ്ഥർ സ്തുത്യർഹമായ പങ്കാണ് നിർവഹിച്ചത്.
വിലങ്ങാട് ഉരുൾപൊട്ടലിലും വനംവകുപ്പ് ജീവനക്കാർ മാതൃകാപരമായ പ്രവർത്തനം കാഴ്ച വെച്ചതായി മന്ത്രി കൂട്ടിച്ചേർത്തു.
പരിപാടിയിൽ അഹമ്മദ് ദേവർകോവിൽ എംഎൽഎ അധ്യക്ഷത വഹിച്ചു.
പാലക്കാട് ഈസ്റ്റേൺ സർക്കിൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ കെ വിജയാനന്ദ്, നിലമ്പൂർ നോർത്ത് ഡിഎഫ്ഒ പി കാർത്തിക്, വയനാട് വന്യജീവി സങ്കേതത്തിലെ വൈൽഡ് ലൈഫ് വാർഡൻ വരുൺ ഡാലിയ, കോഴിക്കോട് സാമൂഹ്യവനവൽക്കരണ വിഭാഗം ഫോറസ്റ്റ് കൺസർവേറ്റർ ആർ കീർത്തി, കോഴിക്കോട് വർക്കിങ് പ്ലാൻ ഓഫീസർ ധനേഷ് കുമാർ, പ്രമോദ് സി എന്നിവർ സംസാരിച്ചു.
വനപാലകർക്ക് മന്ത്രി ഉപഹാരം വിതരണം ചെയ്തു.
ഉത്തരമേഖല ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ദീപ കെ എസ് സ്വാഗതവും സൗത്ത് വയനാട് ഡിഎഫ്ഒ അജിത് കെ രാമൻ നന്ദിയും പറഞ്ഞു.
തുടർന്ന് കോഴിക്കോട് ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ പ്രമോദ് കുമാർ എംകെ ദുരന്തനിവാരണ പരിശീലനത്തിൽ ക്ലാസ്സ് നയിച്ചു.
#Minister #Saseendran #said #that #formation #special #disaster #management #team #forest #department #under #consideration