നാദാപുരം: (nadapuram.truevisionnews.com ) ഗവ. താലൂക്ക് ആശുപത്രിയിൽ സെക്യൂരിറ്റി ജീവനക്കാരുടെ നിയമനത്തെ ചൊല്ലി വിവാദം.
നിലവിലുള്ള സെക്യൂരിറ്റി ജീവനക്കാരിൽ രണ്ടുപേരെ സർക്കാർ ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ പിരിച്ചുവിടുകയും ഈ തസ്തികയിലേക്ക് കഴിഞ്ഞദിവസം ഇൻ്റർവ്യൂ നടത്തി റാങ്ക് ലിസ്റ്റ് തയ്യാറാക്കുകയും ചെയ്തിരുന്നു.
എന്നാൽ സെക്യൂരിറ്റി ജീവനക്കാരായി നിലവിലുള്ളവരെ തന്നെ നിയമിക്കണമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഉൾപ്പെടെയുള്ള ചിലർ വാദിക്കുകയാണ്.
സെക്യൂരിറ്റി ജീവനക്കാർ വിമുക്തഭടന്മാർ ആയിരിക്കണം എന്ന് സർക്കാറിന്റെ പുതിയ നിർദ്ദേശം ഉണ്ട്. ഈ സാഹചര്യത്തിൽ നിലവിലുള്ളവർക്ക് വീണ്ടും നിയമനം നൽകാൻ കഴിയില്ലെന്ന് ആശുപത്രി അധികൃതർ പറയുന്നു.
രണ്ട് ദിവസം മുമ്പ് കാലാവധി കഴിഞ്ഞ സെക്യൂരിറ്റി ജീവനക്കാരൻ കഴിഞ്ഞ ദിവസം രാത്രി ജോലിക്ക് എത്തിയത് തടഞ്ഞ നഴ്‌സിങ് ഓഫീസറെ ബ്ലോക്ക് പ്രസിഡന്റും ആശുപത്രി മാനേജ്‌മെൻ്റ് കമ്മിറ്റി അംഗങ്ങളിൽ ചിലരും ചേർന്ന് ഭീഷണിപ്പെടുത്തി എന്ന് പറയപ്പെടുന്നു.
പുറത്താക്കിയ സെക്യൂരിറ്റി ജീവനക്കാരനെ സുപ്രണ്ടിൻ്റെ അനുമതിയില്ലാതെ അനധികൃത മായി ഡ്യൂട്ടിയിൽ പ്രവേശിപ്പിക്കാൻ എച്ച്എം സി മെമ്പർമാർ ശ്രമിച്ചപ്പോൾ അത് തടഞ്ഞതിനാണ് നേഴ്സിങ് ഓഫീസർക്കെതിരെ ഭീഷണി ഉണ്ടായതെന്ന് സ്റ്റാഫ് കൗൺസിൽ ആരോപിച്ചു.
കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് സ്റ്റാഫ് കൗൺസിൽ ഐക്യകണ്ഠേന ആവശ്യപ്പെടുകയും സംഭവ ത്തിലെ പ്രതിഷേധം ജില്ലാ മെഡിക്കൽ ഓഫീസറെ അറിയിക്കുകയും ചെയ്തു.
#Appointment #Controversy #Nadapuram #Taluk #Hospital #Complaint #intimidation #against #nursing #officer