നാദാപുരം: (nadapuram.truevisionnews.com) ഗവൺമെന്റ് താലൂക്ക് ആശുപത്രിയിൽ യോഗ്യതയില്ലാത്തവരെ സെക്യൂരിറ്റി ജീവനക്കാരായി നിയമിക്കാനുള്ള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ നീക്കം ശക്തമായി നേരിടുമെന്ന് മുസ്ലിം യൂത്ത് ലീഗ് നാദാപുരം നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ഇ ഹാരിസ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
നിലവിൽ സെക്യൂരിറ്റി ജീവനക്കാരുടെയും ഇലക്ട്രീഷ്യന്റെയും കാലാവധി അവസാനിക്കുന്നതിന് രണ്ടാഴ്ച മുമ്പ് ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി തീരുമാനപ്രകാരം അഭിമുഖം നടത്തിയിട്ടും റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാതെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പിടിച്ചു വെക്കുകയും യോഗ്യതയില്ലാത്ത ആളുകളെ നിയമിക്കാൻ ഗൂഢശ്രമം നടത്തുകയും ആണ്.
വന്ദനദാസ് കൊലപാതകത്തിന് ശേഷം സർക്കാർ ആശുപത്രികളിൽ സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കേണ്ടത് വിമുക്ത ഭടന്മാരിൽ നിന്ന് ആയിരിക്കണമെന്ന് സർക്കാർ ഉത്തരവ് ഉണ്ടായിട്ടും ഇത് കാറ്റിൽ പറത്തിയാണ് നാദാപുരത്ത് അനധികൃത നിയമനം നടത്താൻ ശ്രമം തുടങ്ങിയത്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടും എച്ച് എം സി അംഗമായ സിപിഎം പ്രാദേശിക നേതാവും ഈ വിഷയത്തിൽ കഴിഞ്ഞ ദിവസം ജില്ലാ മെഡിക്കൽ ഓഫീസറെ കാണുകയും എന്നാൽ സർക്കാറിന്റെ ഉത്തരവിന് വിരുദ്ധമായി ഒന്നും ചെയ്യാൻ കഴിയില്ലെന്ന് ഡിഎംഒ അറിയിക്കുകയും ചെയ്തിട്ടുണ്ട്.
എന്നിട്ടും ഇന്നലെ നടന്ന ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ ജില്ലാ മെഡിക്കൽ ഓഫീസറുടെ റിപ്പോർട്ട് വരുന്നത് വരെ യോഗ്യതയില്ലാത്തവരെ നിയമിക്കണമെന്നാണ് ബ്ലോക്ക് പ്രസിഡണ്ട് വാശി പിടിച്ചത്.
ജോലിയിൽ നിന്ന് പിരിച്ചുവിട്ട സെക്യൂരിറ്റി ജീവനക്കാരനെ വീണ്ടും ജോലിയിൽ പ്രവേശിപ്പിക്കണമെന്ന് പറഞ്ഞ് കഴിഞ്ഞദിവസം ബ്ലോക്ക് പ്രസിഡന്റിന്റെ നേതൃത്വത്തിൽ ആശുപത്രിയിലെ നഴ്സിംഗ് സൂപ്രണ്ടിനെ ഭീഷണിപ്പെടുത്തിയത് ജീവനക്കാരുടെ മനോവിര്യം തകർക്കാൻ മാത്രമേ ഉപകരിക്കുകയുള്ളൂ എന്നും യൂത്ത് ലീഗ് കുറ്റപ്പെടുത്തി.
നിലവിൽ താലൂക്ക് ആശുപത്രിയിൽ നിരവധി പ്രശ്നങ്ങൾ ഉണ്ടെന്നിരിക്കെ ഇതൊന്നും പരിഹരിക്കാൻ താല്പര്യം കാണിക്കാതെ സ്വന്തക്കാരെ തിരുകികയറ്റി ആതുരാലയം ജോലി നൽകാനുള്ള സ്ഥാപനമാക്കി മാറ്റാനുള്ള ബ്ലോക്ക് പ്രസിഡന്റിന്റെ നീക്കം ചെറുത്ത് തോൽപ്പിക്കും എന്നും ശക്തമായ ജനകീയ സമരവുമായി യൂത്ത് ലീഗ് രംഗത്ത് വരുമെന്നും ഹാരിസ് വ്യക്തമാക്കി.
വാർത്താ സമ്മേളനത്തിൽ നാദാപുരം പഞ്ചായത്ത് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി എ കെ ശാക്കിറും പങ്കെടുത്തു.
#Appointment #Security #Muslim #Youth #League #face #move #Block #Panchayat #President