നാദാപുരം: (nadapuram.truevisionnews.com)നാദാപുരം താലൂക് ആശുപത്രിയിൽ സർക്കാർ ചട്ടങ്ങൾ പ്രകാരമുള്ള റാങ്ക് ലിസ്റ്റ് നിലനിൽക്കെ അതിനെ മറികടന്ന് യോഗ്യത ഇല്ലാത്ത സ്വന്തക്കാരെ സുരക്ഷാ ജീവനക്കാരായി നിയമിക്കാൻ ശ്രമിക്കുന്ന തദ്ദേശ സ്ഥാപനത്തിലെ ജനപ്രതിനിധികളുടെ നടപടി നിയമ സംവിധാനത്തോടുള്ള വെല്ലുവിളിയാണെന്ന് ചൂണ്ടിക്കാട്ടി കേരള മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷൻ(കെജിഎംഒഎ) കോഴിക്കോട് ജില്ല കമ്മറ്റിയുടെ നേതൃത്വത്തിൽ നാദാപുരം താലൂക്ക് ആശുപത്രി പരിസരത്ത് പ്രതിഷേധ യോഗം സംഘടിപ്പിച്ചു.
സംസ്ഥാന പ്രസിഡണ്ട് ഡോ. സുരേഷ് ടി എൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ഡോ. വിപിൻ വർക്കി അധ്യക്ഷനായി.
നാദാപുരം സർക്കാർ ആശുപത്രിയിലെ ജീവനക്കാർക്ക് മതിയായ സുരക്ഷിതത്വം ഉറപ്പാക്കുക, ഔദ്യോഗിക ചുമതലകൽ നിർവഹിക്കാൻ സൂപ്രണ്ടിനെ അനുവദിക്കുക, നിയമപ്രകാരം ഉള്ള നിയമങ്ങൾക്ക് തടസ്സം നിൽക്കുന്നത് അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ടായിരുന്നു പ്രതിഷേധം.
'നിലവിലെ സർക്കാർ ഉത്തരവ് GO (Rt) No. 1735/2021/HFWD ഉത്തരവ് പ്രകാരം സർക്കാർ ആശുപത്രികളിൽ നിയമിക്കുന്ന സുരക്ഷാ ജീവനക്കാർ വിമുക്തഭടന്മാരായിരിക്കണം എന്ന് കൃത്യമായ മാർഗ്ഗനിർദ്ദേശമുണ്ട്.
എന്നാൽ നാദാപുരം താലൂക് ആശുപത്രിയിൽ ഈ മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ച് കൊണ്ട് ആശുപത്രി മാനേജ്മെൻ്റ് കമ്മറ്റി തീരുമാന പ്രകാരം 9/10/24 ന് നടന്ന സെക്യൂരിറ്റി ജീവനക്കാരുടെ ഇൻ്റർവ്യൂവിൻ്റെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാനും നിയമനം നടത്താനും ബ്ലോക്ക് പ്രസിഡണ്ട് ഉൾപ്പെടെയുള്ളവർ സ്ഥാപന മേധാവിയായ ആശുപത്രി സൂപ്രണ്ടിനെ അനുവദിക്കുന്നില്ല.
അതേ സമയം യോഗ്യതയില്ലാത്തതും, ഇൻറർവ്യൂവിൽ പങ്കെടുക്കാത്തതും, കാലാവധി കഴിഞ്ഞതിനാൽ ജോലിയിൽ നിന്ന് പിരിഞ്ഞു പോയതുമായ മുൻജീവനക്കാരെ നിയമവിരുദ്ധമായി അവിടെ നിയമിക്കാൻ ഉത്തരവാദിത്തപ്പെട്ട ജനപ്രതിനിധി, ആശുപത്രി സൂപ്രണ്ടിനെ രേഖാമൂലവും അല്ലാതെയും സമ്മർദ്ദം ചെലുത്തുന്ന സ്ഥിതി വിശേഷമാണ് ആശുപത്രിയിൽ നടക്കുന്നത് എന്ന് പ്രതിഷേധക്കാർ പറയുന്നു.
സുരക്ഷിതമായി ജോലി ചെയ്യാനുള്ള സാഹചര്യത്തിനും, നഴ്സിംഗ് ഓഫീസർക്ക് എതിരെ ഉണ്ടായ അധിക്ഷേപത്തിനും ഭീഷണിക്കും എതിരെ സ്റ്റാഫ് കൗൺസിൽ പ്രതിഷേധിക്കുകയും ജീവനക്കാർ പരാതിയുമായി മുന്നോട്ട് പോവുകയും ചെയ്തു.
അതിൽ പോലീസ് അന്വേഷണം നടന്നു വരികയാണെന്നും പ്രതിഷേധക്കാർ അറിയിച്ചു.
'നിലവിലെ നിയമങ്ങളുടെ നഗ്നമായ ലംഘനം നടത്താനാണ് ഉദ്യോഗസ്ഥരുടെ മേൽ കടുത്ത രാഷ്ട്രീയ സമ്മർദ്ദം ഇവിടെ ചെലുത്തുന്നത്. ഇത് ആശുപത്രി പോലെ ജനങ്ങൾക്ക് സേവനം നൽകുന്ന ഒരു സംവിധാനത്തിനെ തകർക്കുന്നതും, നിയമാനുസൃതമായി ജോലി ചെയ്യുന്ന ജീവനക്കാരുടെ മനോവീര്യം തകർക്കുന്നതുമാണെന്ന്' ഉദ്യോഗസ്ഥർ പറയുന്നു.
'ഇത് ഒരു വിധത്തിലും അംഗീകരിക്കാനാവുന്നതല്ല. അതോടൊപ്പം യോഗ്യതയോടെ റാങ്ക് ലിസ്റ്റിൽ ഇടം നേടിയ ആളുകളോടുള്ള തൊഴിൽ നിഷേധം കൂടിയാണ്.
ഇത്തരത്തിൽ ബാഹ്യ സമ്മർദ്ദങ്ങൾ കാരണം സത്യസന്ധനായ ഒരു സർക്കാർ ഉദ്യോഗസ്ഥൻ അനുഭവിക്കേണ്ടിവന്ന കടുത്ത മാനസിക സംഘർഷവും അതിന്റെ ദുരന്തഫലവും കേരള മനസ്സാക്ഷിയെ തന്നെ മരവിപ്പിച്ച സമീപ ദിവസങ്ങളിലെ സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ നീതി തേടിയുള്ള തങ്ങളുടെ പോരാട്ടത്തിൽ പൊതുജനങ്ങളുടെയും മാധ്യമങ്ങളുടെയും പിന്തുണ അഭ്യർത്ഥിക്കുന്നതായും കെജിഎംഒഎ ജില്ല കമ്മിറ്റി കൂട്ടിക്കിച്ചേർത്തു.
ഡോക്ടർമാക്കും മറ്റ് ജീവനക്കാർക്കും ആശുപത്രിയിൽ സുരക്ഷിതമായും സമാധാനത്തോടെയും ജോലി ചെയ്യാനുള്ള സാഹചര്യം സൃഷിടിക്കണമെന്നും അതിനു വിഘാതം സൃഷ്ടിക്കുന്ന നടപടികൾ തുടർന്നാൽ നവംബർ 10 മുതൽ അത്യാഹിത വിഭാഗം ഉൾപ്പെടെയുള്ള സേവനങ്ങൾ നിർത്തി വെച്ച് കൊണ്ട് പ്രതിഷേധിക്കാൻ സംഘടന നിർബന്ധിതരാവുമെന്നും കെജിഎംഒഎ മുന്നറിയിപ്പ് നൽകി.
സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോ. മുരളീധരൻ എം. ജില്ലാ സെക്രട്ടറി ഡോ. അഫ്സൽ സി കെ, ഡോ ജമീൽ ഷാജർ. സുനിൽ കുമാർ പി എസ്. ഡോ. ഷാരോൺ എം എ , ഡോ. സരള നായർ, ഡോ. സലീമ പി, ഡോ. ഷീബ ടി ജോസഫ്, ഡോ. സന്ധ്യ കുറുപ്പ്, ഡോ. രാജു ബൽറാം, ഡോ. റിയാസ്, ഡോ. അശ്വതി കെ, ഡോ. ലിനീഷ് ടി ടി തുടങ്ങിയവർ സംസാരിച്ചു.
#Dont #discouraged #KGMOA #protest #Nadapuram #Govt #Taluk #Hospital